ന്യൂദല്‍ഹി: അദാനിയെ രക്ഷപ്പെടുത്താന്‍ നാല് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ 15,446 കോടി നിക്ഷേപിച്ച ജിക്യുജി പാര്‍ട്നേഴ്സ് എന്ന കമ്പനിയുടെ സിഇഒ രാജീവ് ജെയിന്‍ നിസ്സാരബിസിനസ്സുകാരനല്ല. മുന്‍പ് ഐടിസി കമ്പനി പ്രതിസന്ധിയില്‍ കുടുങ്ങിയപ്പോള്‍ അവരെ രക്ഷപ്പെടുത്താന്‍ പണമിറക്കിയിട്ടുണ്ട്.
1996ല്‍ ഐടിസി കമ്പനി ഒരു നികുതി ബാധ്യത റിസ്കില്‍ കുടുങ്ങി. അന്ന് ഐടിസിയുടെ ഓഹരി വിലയുടെ 35 ശതമാനം ഒറ്റയടിക്ക് ഇടിഞ്ഞു. അന്ന് ഐടിസിയില്‍ വലിയൊരു നിക്ഷേപം രാജീവ് ജെയിന്റെ ജിക്യുജി നടത്തി. ഏകദേശം രണ്ട് ദശകത്തോളം ഐടിസിയില്‍ പണം നിക്ഷേപിച്ചു. പിന്നീട് ഇതേ ഐടിസി ഓഹരി വില പല മടങ്ങാണ് വര്‍ധിച്ചത്.
അതേ തന്ത്രം തന്നെയാണ് ഇപ്പോള്‍ അദാനി ഓഹരികളില്‍ നിക്ഷേപിക്കുക വഴിയും രാജീവ് ജെയിന്‍ ചെയ്തിട്ടുള്ളത്. പഠനത്തില്‍ നിന്നും അദാനി ഓഹരികള്‍ അടിത്തറയുള്ളവയാണെന്ന് മനസ്സിലാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് ജിക്യുജി 15,446 കോടി രൂപ നാല് അദാനി കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ചത്. ജിക്യുജി നിക്ഷേപിച്ചതോടെ അദാനി ഓഹരികളുടെ വില കുതിച്ചുയര്‍ന്നു. രണ്ട് ദിവസത്തിനുള്ളില്‍ അദാനി ഓഹരികളില്‍ നിന്നു മാത്രമായി ഏകദേശം 310 കോടി രൂപയുടെ ലാഭമാണ് ജിക്യൂജി നേടിയത്.
ലാഭകരമായി എങ്ങനെ ഒരു ഗെയിം കളിക്കേണമെന്ന് പലർക്കുമറിയില്ലെന്നത് അദാനി ഓഹരികളുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയമാണ്.മിക്ക അദാനി ഓഹരികൾക്കും ഡെറ്റ് ടു എബിറ്റ്ഡ അനുപാതം ഏകദേശം മൂന്ന് മടങ്ങ് അധികമാണ്. എന്നാൽ മിക്ക യുഎസ് കമ്പനികളുടെയും അനുപാതം 6-6.5 മടങ്ങാണെന്നത് ഓർക്കണം.- രാജീവ് ജെയിന്‍ പറയുന്നു.
മറ്റുള്ളവരെ മറികടന്ന്, അദാനി ഫാമിലി ട്രസ്റ്റിൽ നിന്ന് ഓഹരികൾ വാങ്ങാൻ ശ്രമിച്ചിട്ടില്ല. തങ്ങൾക്ക് ഓഹരി നൽകിയത് പ്രമോട്ടറുടെ തീരുമാനമാണ്. ഇത്തരം ഓഹരിവാങ്ങലുകളിൽ വേഗത ഒരു പ്രധാന ഘടകമാണ്. ഇത്തരത്തിലുള്ള ബ്ലോക്ക് ഡീലുകൾക്ക് കാലതമാസം വന്നാൽ വിവരങ്ങൾ ചോരുകയും, ഓഹരിയുടെ മൂല്യത്തിലുള്ള ആകർഷകത്വം കുറയുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: