കൊച്ചി : ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ പുക ശമിപ്പിക്കുന്നതിനായി വ്യോമസേന ഹെലിക്കോപ്ടറുകള്‍ ഉപയോഗിച്ച് വെള്ളം സ്പ്രേ ചെയ്യിക്കും. തീ വ്യാപിക്കുന്നത് കുറഞ്ഞെങ്കിലും പുക ഉയരുന്നുണ്ട്. നിലവില്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും പുക കുറയാത്തതിനാലാണ് വ്യോമസേനയുടെ സഹായം തേടിയിരിക്കുന്നത്.
നാല് മീറ്റര്‍വരെ താഴ്ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ഡിവിഷന് ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് ദേവന് രാമചന്ദ്രന് നല്കിയ കത്തിനെ തുടര്‍ന്നാണ് ഹൈക്കോടതി കേസെടുത്തത്.
പുക ഉയരുന്നത് ശമിക്കാത്തതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായി ഇന്നും കൊച്ചിയിലും സമീപ പ്രദേശങ്ങളിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ക്കുമാണ് അവധി.
അതിനിടെ ബ്രഹ്മപുരത്തില് മാലിന്യ പ്ലാന്റിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഇടത് മുന്നണിക്കുള്ളിലും പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. മാലിന്യസംസ്കരണ കരാര്‍ ഉറപ്പിക്കുന്നതില്‍ വന്‍ അഴിമതിയുണ്ടെന്ന് സിപിഐ നേരത്തേതന്നെ കൗണ്‍സില്‍ യോഗങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പേ ജൈവമാലിന്യ സംസ്കരണ പ്ലാന്റ് നടത്തിപ്പ് പുതിയ കമ്പനിയെ ഏല്‍പ്പിച്ചപ്പോള്‍ സിപിഐ ശക്തമായ എതിര്‍പ്പ് പറഞ്ഞിരുന്നു. പുതിയ കമ്പനിയെ തിരഞ്ഞെടുത്തത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നായിരുന്നു ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് കേരളം കണ്ട ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണെന്ന് ബെന്നി ബഹനാന്. പ്ലാന്റിന് പിന്നിലെ അഴിമതിയെ കുറിച്ച് ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: