വിദേശ വേദികളില്‍ പോയി ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുന്നതു ശീലമാക്കിയ ഏക ഇന്ത്യന്‍ രാഷ്‌ട്രീയ നേതാവ് രാഹുല്‍ഗാന്ധിയാണ്. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ മറ്റാര്‍ക്കുമില്ലാത്ത ഈ അസുഖത്തിനുള്ള മരുന്നാണ് വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെ രാഹുല്‍ഗാന്ധിക്കും രാഹുലിനെ ചുമന്നു നടക്കുന്ന മുത്തശ്ശി പാര്‍ട്ടിക്കും ഇന്ത്യക്കാരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. എത്ര തിരിച്ചടികള്‍ ലഭിച്ചാലും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ല എന്ന നിഷേധാത്മക നിലപാടാണ് നെഹ്രു കുടുംബത്തിലെ പിന്മുറക്കാരനെ നിയന്ത്രിക്കുന്നതെന്ന് വ്യക്തം. നൂറുകണക്കിന് കിലോമീറ്ററുകള്‍ ഇന്ത്യന്‍ മണ്ണിലൂടെ നടന്നിട്ടും രാഹുല്‍ഗാന്ധി എന്ന നേതാവിന് ഇന്ത്യയെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നിടത്താണ് കോണ്‍ഗ്രസിന്റെ ദുരവസ്ഥ എത്തി നില്‍ക്കുന്നത്.
നൂറ്റമ്പതോളം ദിവസങ്ങള്‍ നീണ്ടുനിന്ന, നാലായിരത്തോളം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയത്. നീണ്ട താടിയുമായി, താന്‍ ഇന്ത്യയെ തിരിച്ചറിഞ്ഞെന്നും പഴയ രാഹുല്‍ മരിച്ചെന്നും ഇതു പുതിയ രാഹുലാണെന്നും യാത്രയുടെ അവസാന ദിനങ്ങളില്‍ രാഹുല്‍ഗാന്ധി വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. കശ്മീരില്‍ യാത്ര സമാപിച്ചതിന് പിന്നാലെ നീണ്ട താടി ഒഴിവാക്കി സ്യൂട്ടും കോട്ടുമിട്ട് ലണ്ടനിലേക്ക് വിമാനം കയറിയ രാഹുല്‍ഗാന്ധിയെ കാത്തിരുന്നത് കേംബ്രിഡ്ജിലെ വേദിയാണ്. നാലായിരം കിലോമീറ്ററുകള്‍ ഇന്ത്യയിലൂടെ നടന്നതിന്റെ അനുഭവ സമ്പത്തുമായെത്തിയ രാഹുല്‍ഗാന്ധിയെ പ്രതീക്ഷിച്ചിടത്ത് ഇടതു ലിബറല്‍ മനസ്സുമായി എത്തിയ പഴയ രാഹുലിനെ തന്നെയാണ് കാണാനായത്. രാജ്യത്തെയും രാജ്യത്തെ ഭരണ സംവിധാനങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും രാഹുല്‍ഗാന്ധി നിശിതമായി വിമര്‍ശിച്ചു. ഇന്ത്യന്‍ ജനാധിപത്യം ആക്രമണത്തിനിരയായിരിക്കുകയാണെന്നും പാര്‍ലമെന്റും മാധ്യമങ്ങളും ജുഡീഷ്യറിയും തുടങ്ങി എല്ലാം തകര്‍ത്തതായും രാഹുല്‍ഗാന്ധി കേംബ്രിഡ്ജ് ബിസിനസ് സ്‌കൂള്‍ വേദിയില്‍ ആരോപിച്ചു. ഇന്ത്യയെന്നാല്‍ ഒരു കൂട്ടം സംസ്ഥാനങ്ങള്‍ മാത്രമാണെന്നും വിവിധ സംസ്ഥാനങ്ങള്‍ എന്നത് വിവിധ രാജ്യങ്ങള്‍ എന്നതില്‍ നിന്ന് ചെറിയ വത്യാസം മാത്രമേ ഉള്ളെന്നും രാഹുല്‍ പ്രസംഗിച്ചു. ഇന്ത്യയെന്ന രാജ്യത്തെ തന്നെ ചോദ്യം ചെയ്യുന്ന, വിഘടനവാദ സംഘടനകള്‍ പോലും ഇപ്പോള്‍ പറയാറില്ലാത്ത കടുത്ത രാജ്യവിരുദ്ധ നിലപാടുകള്‍ക്കാണ് രാഹുല്‍ വിദേശ വേദി ഉപയോഗിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ വിലപേശലുകള്‍ക്ക് അവസരം വേണമെന്നും മോദി ഭരണത്തിന് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് അത്തരം സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നുമാണ് രാഹുല്‍ ആശങ്കപ്പെട്ടത്. ഇന്ത്യയേയും ഭരണഘടനയേയും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലും വിദേശ രാജ്യങ്ങളില്‍ പോയി അപമാനിക്കാനാണ് നെഹ്രു കുടുംബാംഗം ശ്രമിക്കുന്നത്. ഇന്ത്യയിലൂടെ ഇത്രനാളുകള്‍ പദയാത്ര നടത്തിയിട്ടും രാജ്യത്തെ മനസ്സിലാക്കാന്‍ രാഹുലിന് സാധിച്ചിട്ടില്ലെന്ന് കേംബ്രിഡ്ജിലെ വിവാദ പ്രസംഗങ്ങള്‍ പൊതു ജനത്തിന് ബോധ്യപ്പെടുത്തി നല്‍കി.
വിദേശമണ്ണില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങള്‍ക്കിടെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നത്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കുത്തക സംസ്ഥാനങ്ങളായിരുന്ന നാഗാലാന്റും മേഘാലയയും ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന ത്രിപുരയും ബിജെപിക്കനുകൂലമായി വിധിയെഴുതി. ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമെത്തിയെന്ന് വിദേശമണ്ണില്‍ രാഹുല്‍ അവകാശപ്പെടുമ്പോള്‍ മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 180 സീറ്റുകളില്‍ 172 ഇടത്തും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. രാഹുല്‍ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ് നേരിട്ട 54 തെരഞ്ഞെടുപ്പുകളില്‍ അമ്പതിലും പരാജയമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം ഇന്നാട്ടിലെ ജനങ്ങള്‍ക്കറിയാം. വിദേശത്ത് രാഹുലിനായി വേദികളൊരുക്കുന്നവര്‍ക്കും രാഹുല്‍ഗാന്ധിക്ക് പുതിയ ഇന്ത്യയില്‍ വലിയ റോളൊന്നുമില്ലെന്ന ബോധ്യമുണ്ട്. എന്നാല്‍ രാഹുലിനായി വിദേശത്ത് വേദികളൊരുങ്ങുന്നത്, രാഹുല്‍ ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ്. ഇന്ത്യ എന്നതൊരു ആശയമാണെന്ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷവും പറഞ്ഞുകൊണ്ടിരിക്കുന്ന രാഷ്‌ട്രീയ നേതാവ് എന്തായാലും ആഗോള ശക്തിയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന പുതിയ ഇന്ത്യയ്‌ക്ക് പറ്റിയ ആളല്ല. ഇന്ത്യ എന്നതൊരു ആശയമല്ലെന്നും ഇന്ത്യ എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസുകാര്‍ക്കും ഇനിയും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നത് ദയനീയം തന്നെ.
വിദേശവേദികളില്‍ പോയി രാജ്യത്തെ അപമാനിക്കുന്ന പ്രസ്താവനകള്‍ സ്ഥിരമാക്കിയ രാഹുലിനെ തിരുത്താനും എതിര്‍ക്കാനും വിദേശ ഇന്ത്യക്കാര്‍ തന്നെ തയ്യാറാവുന്നു എന്ന വലിയ മാറ്റവും രാഹുലിന്റെ വിദേശ സന്ദര്‍ശന വേളയില്‍ ദൃശ്യമായി. യുകെയില്‍ സ്ഥിരതാമസമാക്കിയ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാഹുല്‍ഗാന്ധിയോട് പറഞ്ഞതിങ്ങനെയാണ്. ”എനിക്ക് നിങ്ങളുടെ മുത്തശ്ശി ഇന്ദിരാഗാന്ധിയെ അറിയാം. അവരെനിക്ക് മുതിര്‍ന്ന സഹോദരിയെപ്പോലെയായിരുന്നു. മൊറാര്‍ജി ദേശായി സര്‍ക്കാരിന്റെ കാലത്ത് ജയിലില്‍ കഴിഞ്ഞതിന് ശേഷം ഇന്ദിരാഗാന്ധി ഇവിടെയെത്തിയപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇന്ത്യയില്‍ ജയിലില്‍ കിടന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യയെപ്പറ്റി യാതൊന്നും ഈ വേദിയില്‍ പറയാന്‍ താന്‍ തയ്യാറല്ലെന്നായിരുന്നു ഇന്ദിരയുടെ മറുപടി. താങ്കളുടെ കേംബ്രിഡ്ജ് പ്രസംഗത്തിന്റെ പേരില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ താങ്കളെ വലിയ തോതില്‍ വിമര്‍ശിക്കുന്ന ഈ അവസരത്തില്‍ ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാടുകള്‍ താങ്കള്‍ പാഠമായി സ്വീകരിക്കണം”, മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു നിര്‍ത്തി. വിദേശവേദികളില്‍ സ്വന്തം രാജ്യത്തെ നിരന്തരം വിമര്‍ശിക്കുന്ന രാഹുലിനോടുള്ള രോഷമായിരുന്നു ആ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനില്‍ നിറഞ്ഞുനിന്നത്. താങ്കള്‍ക്ക് ചോദ്യങ്ങളൊന്നുമില്ലെന്ന ധാര്‍ഷ്ട്യം കലര്‍ന്ന മറുപടിയായിരുന്നു രാഹുലില്‍ നിന്നുണ്ടായത്. ചൈനയെ പിന്തുണച്ചും ചൈനീസ് നിലപാടുകളെ പുകഴ്‌ത്തിയും ചൈനീസ് സൈന്യത്തിന് ആവേശം നല്‍കിയും നിരന്തരം പ്രസ്താവനകളിറക്കുന്ന രാഹുല്‍ഗാന്ധി, വിദേശ മണ്ണില്‍ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളുമായി മുന്നോട്ട് പോകുമ്പോള്‍ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികളില്‍ നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. ജനങ്ങളുടെ പിന്തുണ ലഭിക്കാത്തതിന് മറ്റുള്ളവരെ കുറ്റംപറഞ്ഞു നടന്നിട്ടെന്തു കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: