തിരുവനന്തപുരം: കെ റെയില്‍ വന്നാല്‍ കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ പോയി വിറ്റ് ലാഭമുണ്ടാക്കി ഉച്ചയ്‌ക്കു മുമ്പ് തിരിച്ചെത്താമെന്ന സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍. “ഒന്നാമതായി ഗോവിന്ദൻ സഖാവ് ഓർക്കേണ്ടത് കെ-റെയിലിന് ഷൊർണൂരിൽ സ്റ്റോപ്പില്ല എന്നതാണ്. ???? ഷൊർണൂരിൽ എന്നല്ല, പാലക്കാട് ജില്ലയിലെങ്ങും സംഗതിക്ക് സ്റ്റോപ്പില്ല.” -എം.വി. ഗോവിന്ദനെ പരിഹസിച്ച് ശ്രീജിത്ത് പണിയ്‌ക്കര്‍ പറയുന്നു. ഫേസ്ബുക്കിലെ കുറിപ്പിലാണ് ശ്രീജിത്ത് പണിയ്‌ക്കരുടെ പ്രതികരണം.
കെ-റെയിൽ വന്നാലുള്ള നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനിടയില്‍ കുടുംബശ്രീ പ്രവർത്തകരുടെ അപ്പ വിൽപനയ്‌ക്കു വരെ കെ റെയിൽ ഉപകാരപ്പെടുമെന്നാണ് പാലക്കാട് തൃത്താലയിൽ എംവി ഗോവിന്ദൻ പറഞ്ഞത്. സിപിഎം ജനകീയ പ്രതിരോധ യാത്രയ്‌ക്ക് തൃത്താലയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി.
“കെ-റെയിൽ വന്നാൽ അമ്പത് കൊല്ലത്തേക്ക് അപ്പുറത്തെ വളർച്ചയാണ് കേരളത്തിന് ഉണ്ടാകുക. 20 മിനുട്ട് ഇടവിട്ട് 39 വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടും. പാലക്കാട് കൂറ്റനാട് നിന്ന് രണ്ടു കെട്ട് അപ്പവുമായി കൊച്ചിയിൽ പോയി അതു വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിൽ തിരിച്ചെത്താം. കൂറ്റനാടു നിന്ന് കുടുംബശ്രീക്കാർക്ക് രണ്ട് വലിയ കെട്ട് അപ്പവുമായി ഷൊർണൂരിൽ നിന്ന് കയറാം. വീട്ടിൽ നിന്ന് എട്ട് മണിക്ക് പുറപ്പെട്ടാൽ എട്ടരയ്‌ക്ക് ഷോർണൂരിൽ എത്തും. ഇരുപത് മിനിറ്റ് കാത്തിരിക്കുകയേ വേണ്ടൂ. പത്തു മിനിറ്റ് കഴിഞ്ഞാൽ വണ്ടി വരും. റിസർവേഷനും വേണ്ട. ചെറിയ ചാർജേ ഉള്ളൂ. കൊച്ചിയിലേക്ക് പത്തോ ഇരുപത്തിയഞ്ചോ മിനുട്ട്, കൂടിവന്നാൽ അരമണിക്കൂർ. ചൂടപ്പമല്ലേ , അരമണിക്കൂർ കൊണ്ട് അപ്പം വിറ്റ് പൈസയും വാങ്ങി ഒരു ചായയും കുടിച്ച് ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാനാകുമ്പോഴേക്ക് കൂറ്റനാടെത്താം. ഇതാണ് കെ-റെയിൽ വന്നാലുള്ള സൗകര്യം.”- ഇതായിരുന്നു എം.വി. ഗോവിന്ദന്റെ പ്രസംഗം.
ഇതിന് പ്രതികരണമായി ശ്രീജിത്ത് പണിക്കര്‍ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം:
“സഖാവ് എം വി ഗോവിന്ദന്റെ അപ്പക്കണക്കാണ് സഖാക്കളുടെ പുതിയ കെ-റെയിൽ ന്യായീകരണ ക്യാപ്സൂൾ. ഗോവിന്ദൻ സഖാവ് പറയുന്നത് പ്രകാരം രണ്ടുകെട്ട് ചൂടപ്പവുമായി കൂറ്റനാട് നിന്നും ഷൊർണൂർ വന്ന് കെ-റെയിൽ വഴി എറണാകുളത്ത് അരമണിക്കൂർ കൊണ്ട് എത്തി കച്ചവടം നടത്തി ഒരു ചായയും കുടിച്ച് ഉച്ചയ്‌ക്ക് വീട്ടിലെത്തുന്ന കിനാശ്ശേരിയാണ് നമുക്ക് വേണ്ടത്.
ഒന്നാമതായി ഗോവിന്ദൻ സഖാവ് ഓർക്കേണ്ടത് കെ-റെയിലിന് ഷൊർണൂരിൽ സ്റ്റോപ്പില്ല എന്നതാണ്. ???? ഷൊർണൂരിൽ എന്നല്ല, പാലക്കാട് ജില്ലയിലെങ്ങും സംഗതിക്ക് സ്റ്റോപ്പില്ല. ????
അപ്പോൾ പിന്നെ അപ്പവും ചുമന്ന് പത്തുനാല്പത് കിലോമീറ്റർ താണ്ടി തിരൂരിലോ തൃശൂരിലോ എത്തണം. അവിടെനിന്ന് കെ-റെയിൽ കയറി എറണാകുളത്ത് ചെല്ലണം. കൂറ്റനാട് നിന്ന് തൃശൂരിലേക്കും തിരൂരിലേക്കും ഏതാണ്ട് ഒന്നര മണിക്കൂർ ബസ് യാത്ര. പിന്നീട് കെ-റെയിലിൽ തിരൂരിൽ നിന്ന് 122 കിലോമീറ്റർ. ഏതാണ്ട് ഒരു മണിക്കൂറിനടുത്ത് യാത്ര. തൃശൂരിൽ നിന്നാണെങ്കിൽ 64 കിലോമീറ്റർ. ഏതാണ്ട് അരമണിക്കൂർ യാത്ര. എന്നിട്ട് കച്ചവട സ്ഥലത്ത് ചെല്ലുമ്പോഴേക്കും ചുരുങ്ങിയത് രണ്ടര മുതൽ മൂന്ന് മണിക്കൂറെങ്കിലും എടുക്കും. അപ്പോഴേക്കും തണുത്താറിയ അപ്പം ആരു വാങ്ങും സഖാവേ?
തിരികെ വീട്ടിലെത്താൻ അത്രതന്നെ സമയം.
ഇനി ചെലവോ? കെ-റെയിലിൽ നിലവിൽ പറയുന്ന കണക്ക് പ്രകാരം തൃശൂർ വഴി പോയിവരാൻ ഏതാണ്ട് 352 രൂപ. തിരൂരിൽ നിന്നാണെങ്കിൽ ഏതാണ്ട് 671 രൂപ. കെഎസ്ആർടിസി ബസ്സ് കൂലി വേറെ. പിന്നെ ഗോവിന്ദൻ മാഷ് പറയുന്ന ചായയോ വെള്ളമോ ഒക്കെ വാങ്ങാനുള്ള ചെലവ് വേറെ. കൂറ്റനാട് നിന്നും ഒരു ഓട്ടോ വല്ലതും പിടിച്ച് വീട്ടിലെത്തണമെങ്കിൽ അത് വേറെ. ഇത് യാത്രാച്ചെലവ് മാത്രമാണ്. അപ്പം ഉണ്ടാക്കുന്നതിന്റെ ചെലവ് വേറെ.
ഇനി ഗോവിന്ദൻ സഖാവ് പറയ്. ഒരു അപ്പത്തിന് എത്രരൂപ വിലയിട്ടാൽ ഈ ബിസിനിസ്സ് മുതലാകും? സ്വന്തം നാട്ടിൽ കച്ചവടം ചെയ്യുന്നതാണോ ലാഭം, അതോ “ഇല്ലാത്ത” സ്റ്റോപ്പിൽ നിന്നും യാത്ര ചെയ്യാൻ പറ്റുന്ന കെ-റെയിൽ ആണോ ലാഭം?”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: