അക്കാദമിക് രംഗത്ത് ദേശീയ ചിന്തയുടെ ശക്തനായ വക്താവായി ഉയര്‍ന്നുവരികയും, ആധികാരികമായ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തയാളായിരുന്നു ഡോ.ബി.എസ്. ഹരിശങ്കര്‍. ചരിത്രകാരനും പുരാവസ്തു ഗവേഷകനുമായിരുന്ന ഈ ചിന്തകന്റെ അകാല വേര്‍പാട് ദേശീയ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് വരുത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ബൗദ്ധിക വ്യവഹാരങ്ങളില്‍ മുഴങ്ങി കേള്‍ക്കുന്ന ബഹുസ്വരത എന്ന ആശയത്തെക്കുറിച്ചും, അതിന്റെ വിവിധങ്ങളായ പ്രത്യാഘാതങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത ഹരിശങ്കറിന്റെ ലേഖനമാണിത്. നാലു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ഈ ലേഖനം ഇംഗ്ലീഷില്‍നിന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത് ആര്. ശശിധരന് പിള്ളയാണ്.
നമ്മുടെ ഏകത, വൈവിധ്യം എന്നീ ആശയങ്ങളും ആദ്യം സെന്‍സര്‍ ചെയ്തതും തുടര്‍ന്ന് തുടച്ചുമാറ്റിയും നമ്മുടെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ ബോധത്തിന്മേല്‍ സാംസ്കാരിക ബഹുസ്വരത എന്ന പ്രതിഭാസത്തിന് സ്ഥിരമായി അധീശത്വം നല്‍കാനുള്ള ഒരു പ്രവണത, കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യയുടെ ഐക്യം, വൈവിധ്യം എന്നിവയെക്കുറിച്ചുള്ള ഏതു പരാമര്‍ശവും സാംസ്കാരിക ഫാസിസവും കാവിവല്‍ക്കരണവുമായി വ്യാഖ്യാനിക്കപ്പെടുന്നു.
ഇന്ത്യ ഒരു ബഹുസാംസ്കാരിക, ബഹുവംശീയ സമൂഹമാണെന്ന് ഇവിടത്തെ ഇടതുപക്ഷവും ലിബറലുകളും സ്ഥിരമായി വാദിക്കുന്നുണ്ട്. ഇടതുപക്ഷം ആദ്യം ഉന്നയിച്ചിരുന്ന ബഹുദേശീയത എന്ന സിദ്ധാന്തം പരാജയമടഞ്ഞതിനുശേഷം, സാംസ്കാരിക ബഹുസ്വരത എന്ന ആശയം മനസ്സുകളില്‍ രൂഢമൂലമാക്കാന്‍ പരിശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. 1999 ല്‍ ഇഎംഎസിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണത്തിന് എകെജി പഠന ഗവേഷണകേന്ദ്രത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്ര വിദഗ്ദ്ധര്‍, ഇന്ത്യയില്‍ സാംസ്കാരിക ബഹുസ്വരത പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ബഹുവംശീയവും ബഹുമതപരവും ബഹുദേശീയതയുമാകുന്നില്ലെങ്കില്‍ ഇന്ത്യ ഒന്നുമല്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫ്രണ്ട്ലൈന് എഡിറ്റര്‍ എന്‍. റാം പ്രസ്താവിച്ചു. 2002 മാര്‍ച്ചില്‍ കേരളത്തിലെ കെസിഎച്ച്ആറില്‍ റൊമീലാ ഥാപ്പര്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ നിന്നു വ്യക്തമാകുന്നതുപോലെ, സാംസ്കാരിക ബഹുസ്വരത, ഇടതുപക്ഷ ചരിത്രകാരന്മാരുടെ ഒരു മുഖ്യ ഉപയുക്തിയാണ്. സാമുവല്‍ ഹണ്ടിങ്ടന്റെ മൗലിക രചനയായ ‘നാഗരികതകളുടെ സംഘട്ടനം’ (The Clash of Civilization) എന്ന ഗ്രന്ഥത്തിന്റെ വിശദമായ ഒരപഗ്രഥനം എന്ന നിലയില്‍, ഇടതുപക്ഷ സഹയാത്രികനായ അമര്‍ത്യാസെന്നിന്റെ 2006 ലെ ഒരു പ്രബന്ധം, വ്യക്തിഗത തലത്തില്‍ ബഹുസ്വത്വത്തിന്റെയും കര്‍ത്തവ്യങ്ങളുടെയും ആശയം മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യയെ ‘ഹിന്ദു നാഗരികത’ എന്ന വിഭാഗത്തില്‍ പെടുത്തിയതിന് നേരത്തെ 2005 ല്‍ സെന്‍, ഹണ്ടിങ്ടനെ വിമര്‍ശിച്ചിരുന്നു. ആഗോളതലത്തില്‍ ബഹുസ്വരതയുടെ തകര്‍ച്ചയോടെ, സെന്‍, ‘സ്വത്വബഹുസ്വരത’ എന്നൊരു ‘യുടേണ്‍’ എടുത്തിരിക്കുകയാണ്. ഇതാകട്ടെ, ‘പഴയ വീഞ്ഞ് പുതിയ കുപ്പിയി’ലാക്കിയതാണു താനും.
ഇന്ത്യ അടിസ്ഥാനപരമായും ബഹുസാംസ്കാരികമാണെന്നു സമര്‍ത്ഥിക്കാന്‍ തെളിവുകളുണ്ടാക്കാനുള്ള ഇടതുപക്ഷ ബുദ്ധിജീവികളുടെ ശ്രമങ്ങള്‍ പ്രത്യക്ഷത്തില്‍ തകര്‍ന്നടിഞ്ഞു. നമുക്ക് മൂന്ന് ഉദാഹരണങ്ങള്‍ നോക്കാം. കേരളത്തിലെ ഇടതു ചരിത്രകാരന്മാര്, യൂറോപ്യന്‍ ചരിത്രകാരന്മാരുടെയും പശ്ചിമേഷ്യന്‍ ഭൂവിജ്ഞാനീയ ശാസ്ത്രജ്ഞരുടെയും പിന്തുണയോടെ 2007 ല്‍ കെസിഎച്ച്ആറിനു കീഴില്‍ ‘പട്ടണം’ എന്ന ഒരു പുരാവസ്തു വിജ്ഞാനീയ സൈറ്റിന്റെ ഉത്ഖനനം തുടങ്ങുകയുണ്ടായി. ഇന്ത്യയുടെ അഗ്രഗണ്യരായ ചരിത്രകാരന്മാരും പുരാവസ്തു ശാസ്ത്രജ്ഞരും ചേര്‍ന്ന് ഇതിലുള്‍പ്പെട്ട അക്കാദമിക വഞ്ചനയുടെയും പണം തിരിമറിയുടെയും ഫണ്ട് ദുരുപയോഗത്തിന്റെയും കഥകള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ ഇന്ത്യന്‍ ഗവേഷണ ചരിത്രത്തിലെ ബഹുസാംസ്കാരിക സൈറ്റ് എന്നു കൊട്ടിഘോഷിക്കപ്പെട്ട ‘പട്ടണം’ തകര്‍ന്നു തരിപ്പണമായി. 2010ല്‍ കേരള സര്‍വകലാശാല ബഹുഭാഷാ സംവിധാനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര ഭാഷാ സെമിനാറില്‍ മുഖ്യാതിഥികളിലൊരാള്‍ ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂസഫ് അല്‍ ഖുരാദാവി എന്ന ഇസ്ലാമിക പണ്ഡിതനായിരുന്നു. ഇദ്ദേഹം അല്‍ഖ്വയ്ദയുടെ ബുദ്ധികേന്ദ്രമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. വിവാദമായപ്പോള്‍ ഇദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം നിരോധിക്കപ്പെട്ടു.
ഏകദേശം 3500-4000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയിലേക്ക് ആര്യന്മാരുടെ കുടിയേറ്റം ഉണ്ടായെന്നും ഇന്നും ഏറ്റവും കുറഞ്ഞത് 17.5% ഇന്ത്യന്‍ പുരുഷന്മാര് നിശ്ചിത വൈ-ഡിഎന്‍എ, ആര്‍എല്‍എ ഹാപ്ലോ ഗ്രൂപ്പ് വാഹകരാണെന്നതിനു ജനിതക തെളിവുണ്ടെന്നും സീതാറാം യെച്ചൂരി, 2017 ജൂലായില്‍ എഴുതിയ ഒരു ലേഖനത്തില്‍ വാദിക്കുന്നു. ദേശീയ അന്തര്‍ദേശീയ അസ്ഥികൂട ജീവചരിത്ര അഗ്രഥനങ്ങള്‍ ഫോസില്‍ രൂപീകരണ-സംരക്ഷണപഠന ശാസ്ത്രങ്ങള്‍, ഭൗതിക-ഫോറന്‍സിക് നരവംശശാസ്ത്ര പഠനങ്ങള്‍ എന്നിവയെ നിരാകരിച്ചുകൊണ്ട് യെച്ചൂരി, എഴുത്തുകാരനും ബിസിനസ് വേള്‍ഡ് മുന്‍ എഡിറ്ററുമായ ടോണി ജോസഫിന്റെ ഒരു പ്രബന്ധത്തിന് സ്ഥിരീകരണം നല്‍കുകയായിരുന്നു. യൂറോ-അമേരിക്കന്‍ സാംസ്കാരിക ബഹുസ്വരത എന്ന സിദ്ധാന്തം കരുപ്പിടിപ്പിക്കുന്നതിന് അനുപേക്ഷണീയമായ ആര്യന് കുടിയേറ്റങ്ങള്‍ എന്ന പ്രതിഭാസം, യെച്ചൂരി സാധൂകരിക്കുകയായിരുന്നു.
സര്‍വ്വകലാശാലകളിലും ഇതര സ്ഥാപനങ്ങളിലും സാംസ്കാരിക ബഹുസ്വരത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്കു പുറത്തുനിന്നും ഇടതുപക്ഷ ബുദ്ധിജീവികളെ ഇന്ത്യയിലേക്ക് പ്രത്യേകിച്ചും ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നുണ്ട്. ഇടതുപക്ഷ സഹയാത്രികനായ നോം ചോംസ്കി, സാംസ്കാരിക ബഹുസ്വരത, ജനതയുടെ അടിസ്ഥാനപരമായ അവകാശങ്ങളിലൊന്നായി ഉറപ്പിച്ചു പറയുന്നു. ”ആഗോളവല്ക്കരണവും മനുഷ്യാതിജീവനവും: സെപ്തംബര്‍ 11ന് ശേഷമുള്ള വെല്ലുവിളികള്‍” എന്ന വിഷയത്തില്‍ 2001 നവംബറില്‍ തിരുവനന്തപുരം ഇഎംഎസ് അക്കാഡമിയില്‍ നോം ചോംസ്കി ഒരു പ്രഭാഷണം നടത്തുകയുണ്ടായി. 2016 ഫെബ്രുവരി 21 ന് ജെഎന്‍യു വൈസ് ചാന്‍സലര്‍ക്കയച്ച ഒരു ഇ-മെയില്‍ സന്ദേശത്തില്‍, ജെഎന്‍യു കാമ്പസില്‍ പോലീസിനെ പ്രവേശിപ്പിച്ചതില്‍ ചോംസ്കി പ്രതിഷേധം രേഖപ്പെടുത്തി. 2001 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയും ഭീകരനുമായ അഫ്സല് ഗുരുവിനെയും കശ്മീര്‍ വിഘടനവാദി മഖ്ഫൂല്‍ ഭട്ടിനെയും തൂക്കിലേറ്റിയതിനെതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി യൂണിയനുകള്‍ നടത്തിയ പ്രതിഷേധ സമരം അക്രമാസക്തമായതിനെ തുടര്‍ന്നാണ് പോലീസ് കാമ്പസില്‍ പ്രവേശിച്ചത്. നേരത്തെ 2007 ല്‍ ചോംസ്കിയും മറ്റ് ഇടതുപക്ഷബുദ്ധിജീവികളും ‘ബംഗാള്‍ സുഹൃത്തുക്കളോട്’ നന്ദിഗ്രാം പ്രശ്നത്തില്‍ പശ്ചിമബംഗാള്‍ ഗവണ്മെന്റിനോട് പൊറുക്കാനും, ആഗോള പ്രതിസന്ധിയുടെ കാലത്ത് ഒരിക്കല്‍ക്കൂടി അവരെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ കൊണ്ടുവരാനും അഭ്യര്‍ത്ഥിച്ചിരുന്നു. 2012 നവംബറില്‍ കേരള സര്‍വ്വകലാശാലയില്‍ ‘ഒരാഗോളീകൃത ലോകത്തില്‍ സാംസ്കാരിക ബഹുസ്വരത’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താന്‍ മറ്റൊരു മാര്‍ക്സിസ്റ്റ് ചരിത്രകാരനായ പെറി ആന്‍ഡേഴ്സണെ കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റ് ക്ഷണിക്കുകയുണ്ടായി. ആറ് സഹസ്രാബ്ദം നീണ്ട ഇന്ത്യയുടെ ഏകതയെക്കുറിച്ചുള്ള അവകാശവാദം ഒരു കെട്ടുകഥയാണെന്നും, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്ക് മതം കുത്തിച്ചെലുത്തുക വഴി ഗാന്ധിജി ഒരു വലിയ വിപത്തിനു തിരികൊളുത്തുകയായിരുന്നു എന്നും 2012 ല്‍ ‘ഔട്ട്ലുക്കി’നു കൊടുത്ത ഒരു അഭിമുഖത്തില്‍ പെറി ആന്ഡേഴ്സണ് ഊന്നിപ്പറഞ്ഞു. ഈ കാഴ്ചപ്പാടില്‍ രചിക്കപ്പെട്ടതാണ് ആന്‍ഡേഴ്സന്റെ പുതിയ പുസ്തകമായ ‘ഇന്ത്യന്‍ പ്രത്യയശാസ്ത്രം.’ മറ്റൊരു പ്രമുഖ മാര്‍ക്സിസ്റ്റ് ചരിത്രകാരനായ എറിക് ഹോബ്സ് ബാം സാംസ്കാരിക ബഹുസ്വരതയ്ക്ക് തിളക്കമാര്‍ന്ന ഒരു ഭാവി കാണുന്നു.
ഇന്ത്യയിലെ സാംസ്കാരിക ബഹുസ്വരതയുടെ പ്രചാരകര്‍ വിഭാഗീയ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഇരയായി. അത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നു എന്നതൊരു മാനകനിദര്‍ശനമത്രേ 2014 ല്‍ ജെഎന്‍യുവില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സില്‍ ബഹുസ്വരതയ്ക്ക് പ്രാധാന്യം നല്കി സംസാരിച്ച മുന്‍ ഉപരാഷ്ട്രപതിയും ഇടത് അനുഭാവിയുമായ ഹമീദ് അന്‍സാരി ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേരളത്തിലെ ഒരു സംഘടനയുടെ കൂടി ഭാരവാഹിത്വത്തില്‍ 2017 സെപ്തംബറില്‍ കോഴിക്കോട്ടു നടന്ന സമ്മേളനത്തില്‍ അധ്യക്ഷം വഹിക്കുകയും ചെയ്തു. ഇത് ആശ്ചര്യകരമല്ല. കാരണം ഹമീദ് അന്‍സാരി വിസി ആയിരുന്നപ്പോള്‍ 2000 ല്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ ഐഎസ്ഐ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, സിമി, എസ്ഐഒ പോലെയുള്ള ഭീകരവാദി ഗ്രൂപ്പുകളുടെ ക്യാമ്പുകള്‍ സജീവമായിരുന്നു.
ലോകം ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നു
ഇന്ത്യയില്‍ സാംസ്കാരിക ബഹുസ്വരതാ പ്രചാരണം കൊടുമ്പിരിക്കൊണ്ടിരുന്ന കഴിഞ്ഞ ഒരു ദശാബ്ദം മുതല്‍ ഭീകരവാദം കൂടുതല്‍ കരുത്താര്‍ജിക്കുന്ന പ്രവണതയാണു കാണുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തയാറാക്കിയ ‘ഡേറ്റാ’പ്രകാരം ഭീകരാക്രണമം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ, പാകിസ്ഥാന്റെ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞു (2016). ഭീകരവാദവും ഭീകരവാദത്തോടുള്ള പ്രതികരണങ്ങളും പഠനവിധേയമാക്കാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റുമായി കരാര്‍ ചെയ്തിട്ടുള്ള ഒരു ദേശീയ കണ്‍സോര്‍ഷ്യം അപഗ്രഥിച്ച ‘ഡേറ്റാ’ വെളിപ്പെടുത്തുന്നതനുസരിച്ച് ഭീകരാക്രമണങ്ങളുടെ കാര്യത്തില്‍ ഇന്ത്യ, ഇറാക്കും അഫ്ഗാനിസ്ഥാനും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ്. നേരത്തെ പാകിസ്ഥാനായിരുന്നു ഈ സ്ഥാനത്ത്.
ഒരു നൂറ്റാണ്ടു മുന്‍പ് ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ നിലനിര്‍ത്തിയിരുന്ന ദേശീയബോധത്തിന്റെ വ്യാപ്തി നമ്മള് മനസ്സിലാക്കേണ്ടതുണ്ട്. കാളിചരണ്‍ ബാനര്‍ജി ക്രിസ്റ്റോ സമാജത്തിലെ നെടുനായക വ്യക്തിത്വവും, ഇന്ത്യന്‍ പുനഃ ചിന്തകരുടെ കൂട്ടത്തില്‍ ഏറ്റവും ആദരണീയനുമായിരുന്നു. ഒരഭിഭാഷകന് എന്ന നിലയില്‍ അദ്ദേഹം, 1870 ല്‍ ദി ബംഗാള്‍ ക്രിസ്റ്റ്യന്‍ ഹെറാള്‍ഡ് എന്നൊരു പത്രം തുടങ്ങുകയും പിന്നീടത്, ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ഹെറാള്‍ഡ് എന്നു പേരുമാറ്റുകയും ചെയ്തു. ക്രൈസ്തവസഭാ ചരിത്രകാരനായ കാജ്ബാഗോ രേഖപ്പെടുത്തിയതനുസരിച്ച്, ഈ പത്രത്തിന്റെ പ്രഥമ ലക്കം ഇപ്രകാരം പ്രസ്താവിച്ചു: ”ക്രൈസ്തവരായതുകൊണ്ട് നാം ഹിന്ദുക്കളുടേതാകുന്നില്ല. നാം ഹിന്ദു-ക്രൈസ്തവരാണ്, എത്രമാത്രം ശരിയായ ഹിന്ദുക്കളാണോ അത്രയ്ക്കും ശരിയായ ക്രിസ്ത്യാനികളും. നാം ക്രൈസ്തവ മതത്തെ ആശ്ലേഷിച്ചിരിക്കുന്നു. എന്നാല്‍ നമ്മുടെ ദേശീയത ഉപേക്ഷിച്ചിട്ടില്ല. സ്വദേശി പത്രങ്ങളിലെ നമ്മുടെ ഏതു സോദരെയും പോലെ, നമ്മളും തീവ്രമായ ദേശീയബോധമുള്ളവരാണ്.” ഇന്ത്യന്‍ ക്രൈസ്തവത വിശ്വാസംകൊണ്ട് ക്രൈസ്തവമായിരിക്കുമ്പോള്‍ തന്നെ, സാംസ്കാരികമായി ‘ഹിന്ദു’ ആയിരിക്കണമെന്ന് ഗുജറാത്തിലെ രാജ്കോട്ടില്‍നിന്നുള്ള പ്രമുഖ സുവിശേഷകന് പരേഖ് സി. മണിലാല്‍ വിശ്വസിച്ചിരുന്നു. 1941ല്‍ മദ്രാസ് മേയറായിരുന്ന വെംഗല്‍ ചാക്കര, ‘ക്രിസ്ത്യന്‍ പേട്രിയറ്റി’ന്റെ എഡിറ്ററായിരുന്നു. ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ സജീവമാകാനും ഇന്ത്യന്‍ ക്രൈസ്തവസഭകള്‍ അടിസ്ഥാനപരമായി സ്വദേശിയാകാനും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: