കൊച്ചി: ലൈഫ് മിഷന് കോഴയിടപാട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസയച്ചു. മാര്‍ച്ച് ഏഴിന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. ഇത് രണ്ടാം തവണയാണ് രവീന്ദ്രന് ഇഡി നോട്ടീസ് അയച്ചത്
ഫെബ്രുവരി 27-ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിയമസഭാ സമ്മേളനവും ഔദ്യോഗിക തിരക്കുകള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന് ചോദ്യംചെയ്യലിന് എത്തിയിരുന്നില്ല. സ്വപ്ന രവീന്ദ്രനെതിരേയും വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തതയ്ക്കായാണ് ഇഡി വിളിപ്പിക്കുന്നത്. എന്നാലിപ്പോള്‍ രണ്ടാമതും നോട്ടീസ് നല്കിയ സാഹചര്യത്തില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സി.എം. രവീന്ദ്രന് നിര്‍ബന്ധിതനാകും.
ഇത്തവണയും രവീന്ദ്രന് ഹാജരായില്ലെങ്കില്‍ ഇഡിക്ക് കോടതിയെ സമീപിച്ച് വാറണ്ട് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാന്‍ സാധിക്കും. സ്വപ്നയുടെ ആരോപണങ്ങളിലും വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ എന്നിവ സംബന്ധിച്ചും വ്യക്തത വരുത്തുന്നതിനാണ് ഇഡി വിശദമായ ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്. മുമ്പ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് നോട്ടീസ് നല്കിയപ്പോളും രവീന്ദ്രന് പലവട്ടം ഹാജരാകാതിരിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.
അതേസമയം ലൈഫ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.ബി. നൂഹ് ഐഎഎസിനോട് ഹാജരാകാനും ഇഡി ആവശ്യപ്പെട്ടു. വിവാദ കരാറുകള്‍ക്ക് ശേഷമാണ് നൂഹ് ഹാജരാകുന്നത്. കരാറുകള്‍ സംബന്ധിച്ചും ഓഫീസ് രേഖകളിലും വ്യക്തത വരുത്തുന്നതിനാണ് നൂഹിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: