കല്പറ്റ പണിയ ഊരില്‍ നിന്നും ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനായി മെഡിക്കല്‍ കോളജിലെത്തിയ വിശ്വനാഥന്‍ ആള്‍ക്കൂട്ട വിചാരണയ്‌ക്ക് വിധേയനായി കൊല്ലപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. പതിവുപോലെ വൈകി ഉണര്‍ന്ന പോലീസ് അന്വേഷണം ആരംഭിച്ചതായി വാര്‍ത്തയുണ്ട്. മനംനൊന്ത് ആത്മഹത്യ ചെയ്തതാണോ, തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നേ ഇനി അറിയാനുള്ളൂ. രണ്ടായാലും കൊലപാതകം തന്നെ. കുറ്റവാളികളെ നിയമത്തിന്നു മുന്നില്‍ കൊണ്ടുവരുമെന്ന വ്യാമോഹമൊന്നും ആര്‍ക്കുമില്ല. കാരണം ഇതു കേരളമാണല്ലൊ.
അട്ടപ്പാടിയില്‍ മധുവിനെ തല്ലിക്കൊന്നപ്പോള്‍ അരി മോഷ്ടിച്ചുവെന്നായിരുന്നു പരാതി. ചരിത്രം ആവര്‍ത്തിക്കുകയാണ്. വിശ്വനാഥനെ വിചാരണ ചെയ്തപ്പോള്‍ ഉയര്‍ന്ന ആരോപണവും മോഷണക്കുറ്റം തന്നെ. വധശിക്ഷക്കു വിധിച്ചപ്പോള്‍ എവിടെയും തെളിവുകള്‍ വിഷയമായില്ല. അവര്‍ ആദിവാസികളാണല്ലൊ? ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍. ഉടുമുണ്ടഴിച്ച് കൈ കൂട്ടിക്കെട്ടി വിചാരണ നേരിടുന്ന മധുവിന്റെ നിര്‍വികാരമായ മുഖം മനസ്സാക്ഷി മരവിക്കാത്ത മലയാളിയുടെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. അത് വിളിച്ചു പറയുന്നത് ആദിവാസി സമൂഹത്തിന്റെ നിസ്സഹായതയാണ്. അവിടെ ആര്‍ക്കും എന്തുമാവാം. അപ്പോഴും അനീതിക്കെതിരെ ഉടവാളൂരി നില്‍ക്കുന്ന സാക്ഷര കേരളത്തിലെ സാംസ്‌കാരിക നായകന്മാരെല്ലാം സുഖ സുഷുപ്തിയിലാണ്. കുഞ്ഞുണ്ണി മാഷ് പുലിയോട് പറഞ്ഞതോര്‍മ വരുന്നു. ‘ചോര പുരണ്ട നിന്റെ മുഖം കണ്ടാലറിയാം ഇര പിടിച്ചുവെന്ന്. എന്നാല്‍ ഞങ്ങള്‍ മനുഷ്യര്‍ നന്നായി മുഖം കഴുകി പൗഡറിടും.’ കേരളത്തിലെ സാംസ്‌കാരിക നായകമാര്‍ക്ക് ഇതിനേക്കാള്‍ യോജിച്ച വിശേഷണം സ്വപ്‌നത്തില്‍ മാത്രം.
മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചുവെന്നാണ് പറഞ്ഞുകേള്‍ക്കുന്ന പരാതി. പറഞ്ഞുകേള്‍ക്കുന്നതാണെന്നോര്‍ക്കുക! എന്നാല്‍ രേഖാമൂലം അങ്ങിനെ ഒരു പരാതി എവിടെയും കിട്ടിയതായി അറിവില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷന്റെ മൂക്കിനു താഴെയാണ് ഈ സംഭവമത്രയും നടന്നത്. എന്നാല്‍ ഇപ്രകാരം ഒരു പരാതി അവിടെയും കിട്ടിയിട്ടില്ല. അപ്പോഴും മോഷണം നടന്നുവെന്ന പരാതി വ്യാപകം. ഉള്‍വനത്തില്‍ കഴിയുന്ന ആദിവാസി ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോവുന്നത് സ്വാഭാവികമാണ്. തന്റെ ഭാഗം ന്യായീകരിക്കാന്‍ അയാള്‍ക്ക് ഭാഷയും വശമില്ല. എണ്ണമയമില്ലാത്ത പാറിപ്പറക്കുന്ന മുടിയും മുഷിഞ്ഞ വേഷവും അതിനൊത്ത നിറവും കൂടിയാവുമ്പോള്‍ ചിത്രം പൂര്‍ണ്ണമായി. ആര്‍ക്കും കയറി മേയാം . അങ്ങിനെ പരാതിയോ തെളിവോ അന്വേഷണമോ ഒന്നുമില്ലാതെ നടന്ന വിധി പ്രസ്താവമാണ് ഒരു ചെറുപ്പക്കാരന്റെ ജീവനെടുത്തത്.
സംഭവം കഴിഞ്ഞ് നാളേറെയായിട്ടും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. സാഹചര്യത്തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേക്ക് തന്നെയാണ്. ഏറെക്കാലം കാത്തിരുന്ന് ജനിച്ച കുഞ്ഞിനെ കണ്ട് പുറത്തിറങ്ങി വിശ്വനാഥന്‍ നേരെ പോയി ആത്മഹത്യ ചെയ്തുവെന്നത് യുക്തിക്കു നിരക്കുന്ന കാര്യമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാണുന്ന പരിക്ക് ആള്‍ക്കൂട്ട ആക്രമണത്തിന്റെ തെളിവുതന്നെയാണ്. ഏറ്റവും ഒടുവിലായി മൃതദേഹം കാണപ്പെട്ട സ്ഥലത്ത് നിന്നും ഒട്ടും അകലെയല്ലാത്തിടത്തു നിന്ന് കണ്ടെത്തിയ വിശ്വനാഥന്റെ ചെളി പുരണ്ട വസ്ത്രവും കാണിക്കുന്നത് മറ്റൊന്നല്ല. അത് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി നടന്നതാവാനെ തരമുള്ളു. വസ്ത്രം മാറി ആരും ആത്മഹത്യ ചെയ്യാന്‍ പോവില്ലല്ലൊ? പോലീസ് അരിച്ചു പെറുക്കി അന്വേഷിച്ചു എന്നവകാശപ്പെടുന്ന സ്ഥലത്തു തന്നെയാണ് അടുത്ത ദിവസം മൃതദേഹം കണ്ടെത്തിയത്. അന്വേണത്തിന്റെ ശുഷ്‌ക്കാന്തി നാട്ടുകാര്‍ക്ക് അന്നേ ബോദ്ധ്യപ്പെട്ടതാണ്.
വിശ്വനാഥനെ കാണാതായപ്പോള്‍ തന്നെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നതാണ്. അടിയന്തരനടപടി കൈക്കൊണ്ടിരുന്നെങ്കില്‍ വിലപ്പെട്ട ജീവന്‍ രക്ഷിക്കാമായിരുന്നു. വിശ്വനാഥന്റെ സഹോദരന്‍ പരാതി പറയാന്‍ ചെന്നപ്പോള്‍ മദ്യപിച്ചു പ്രശ്‌നമുണ്ടാക്കാന്‍ വന്നതാണോ എന്നാണ് പോലീസ് ചോദിച്ചത്. മനുഷ്യാവകാശ കമ്മിഷനും പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനും കേസെടുത്തതിനു ശേഷമാണ് പോലീസിന് ജീവന്‍ വച്ചത്. പോസ്റ്റ്‌മോര്‍ട്ടം കഴിയാറായപ്പോഴാണ് ബന്ധുക്കള്‍ പോലും വിവരമറിയുന്നത്. ഗോത്രവര്‍ഗമായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം എക്‌സിക്യൂട്ടീവ് മെജിസ്‌ട്രേട്ടിന്റെ സാന്നിദ്ധ്യത്തില്‍ വേണമെന്നതും പാലിക്കപ്പെട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട വാര്‍ത്താ കേന്ദ്രം കോഴിക്കോട്ടായതോടെ പെട്ടെന്ന് മൃതദേഹം വയനാട്ടിലേക്ക് മാറ്റാന്‍ പോലീസ് കാണിച്ച അമിതോത്സാഹം സംശയിക്കപ്പെടേണ്ടതാണ്.
കീഴാള സ്‌നേഹത്തിന് കേളികേട്ട കേരളത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ കൂരയിലേക്ക് തിരിഞ്ഞു നോക്കാന്‍ ജനപ്രതിനിധി പോലുമെത്തിയില്ല. രണ്ടു ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തില്‍ എല്ലാം ഒതുങ്ങി. മനുഷ്യ ജീവന്‍ വിലപ്പെട്ടതാണെങ്കിലും ആദിവാസിയല്ലെ അതു തന്നെ ധാരാളമെന്ന് മേലാളര്‍ കരുതിക്കാണും. പട്ടിണിയും പോഷാകാഹാരക്കുറവും മാറാവ്യാധികളും ആദിവാസികളുടെ നിലനില്പ്തന്നെ അപകടത്തിലാക്കിയിട്ട് കാലമേറെയായി. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചു നല്‍കാനുള്ള തീരുമാനം വന്നിട്ട് പതിറ്റാണ്ടുകളായി. ഒരു തുണ്ട് ഭൂമിപോലും തിരിച്ചു കിട്ടിയില്ലെന്നത് ചരിത്രം. പണ്ട് കാട്ടുമൃഗങ്ങളെ ഭയന്ന ആദിവാസി ഇന്ന് ഭയക്കുന്നത് നാട്ടുമൃഗങ്ങളെയാണ്. ഒരു കാലത്ത് അവരെ ഭയന്ന് ഉള്‍വനങ്ങളിലേക്ക് ഓടിപ്പോയവര്‍ക്ക് ഇനി ഓടിയൊളിക്കാനിടമില്ല. കാട്ടിലും നാട്ടിലും ഒരുപോലെ വേട്ടയാടപ്പെടുന്ന വര്‍. വംശനാശ ഭീഷണി നേരിടുന്നവര്‍. ഏറ്റവും ഒടുവിലായി എത്തി നില്‍ക്കുന്നത് വിശ്വനാഥനിലാണ്. ഏറെ സാമൂഹ്യ പ്രാധാന്യമുള്ള കേസാണിത്. പല കാലഘട്ടങ്ങളിലായി പല വിധ കാരണങ്ങളാല്‍ ക്രൂരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ് ഇവിടെ ഇരയാക്കപ്പെട്ടിരിക്കുന്നത്. ശക്തമായ തെളിവും ശാസ്ത്രീയമായ അന്വേഷണവും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെടുന്ന കാലഘട്ടത്തില്‍ ഈ കേസ് എവിടെയെത്തുമെന്ന് കണ്ടറിയണം.
കേസ് കോടതിയിലെത്തുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒച്ചുവേഗതയില്‍ ഇഴയുന്ന അന്വേഷണം അതാണ് കാണിക്കുന്നത്. മുഖ്യധാരാ പത്രങ്ങളുടെ മുന്‍പേജില്‍ വന്ന വാര്‍ത്തകള്‍ ഇപ്പോള്‍ത്തന്നെ അപ്രത്യക്ഷമായിത്തുടങ്ങി. മധുവിനു പിന്നാലെ വിശ്വനാഥനും. രാഷ്ടീയ കേരളം ഏറെ ചര്‍ച്ച ചെയ്ത മധുവിന്റെ കേസ് 4 വര്‍ഷം കഴിഞ്ഞാണ് വിചാരണക്കെടുത്തത്. വല്ല തെളിവുമുണ്ടെങ്കില്‍ത്തന്നെ അതിന്നിടയില്‍ എല്ലാം തേഞ്ഞുമാഞ്ഞുപോയി. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന്ന് തുല്യമാണെന്ന വാദവും ഇവിടെ ചര്‍ച്ചയായില്ല. അതൊന്നും ആദിവാസിക്കു ബാധകമല്ലല്ലൊ. പലപ്പോഴായി നിയോഗിക്കപ്പെട്ട പ്രോസിക്യൂട്ടര്‍മാര്‍ ചുമതലയേല്‍ക്കാതെയും ഹാജരാവാതെയും പ്രതികളുമായി ഒത്തുകളിച്ചു. എവിടെ നിങ്ങളുടെ പ്രോസിക്യൂട്ടര്‍ എന്ന് ക്ഷുഭിതനായി മെജിസ്‌ട്രേട്ടിന് പലതവണ ചോദിക്കേണ്ടിവന്നതും അതുകൊണ്ടു തന്നെ. പ്രതികള്‍ കോടതിയില്‍വച്ചുപോലും സാക്ഷികളെ പരസ്യമായി ഭീഷണിപ്പെടുത്തി. സാക്ഷികളെല്ലാം കൂറുമാറി. ആകെ പ്രതികള്‍ 16. ഒന്നൊഴിയാതെ എല്ലാവരും ജാമ്യത്തിലിറങ്ങി. ഇനി വിധി കാത്തിരിക്കേണ്ട ബുദ്ധിമുട്ടില്ല. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ മദനിയെ രക്ഷിക്കാന്‍ ഇരു മുന്നണികളും മത്സരിക്കുമ്പോള്‍ മധുവിനു വേണ്ടി ഇടപെടാന്‍ ആരുമില്ല. കോടതിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട മധുവിന്റെ അമ്മ സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസമിരിക്കാന്‍ പോകുന്നുവെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. ഇവിടെയാണ് ആദിവാസി ഊരുകളിലേക്ക് മാവോവാദികള്‍ നുഴഞ്ഞുകയറുന്നത്.
കെ.പി ശ്രീശൻ (ബിജെപി ദേശീയസമിതി അംഗം-964512 4597)
പ്രതികരിക്കാൻ ഇവിടെ എഴുതുക: