ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതില്‍ ഇന്ത്യയ്‌ക്കെന്നല്ല ലോകത്തിനു തന്നെ മാതൃകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ജനജീവിതത്തെ ഗുണപരമായി മാറ്റിത്തീര്‍ക്കുന്ന ഇത്തരം ബൃഹദ് പദ്ധതികള്‍ വിജയിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കാണിക്കുന്ന താല്‍പ്പര്യം മറ്റേതെങ്കിലും ഭരണകൂടം പ്രകടിപ്പിച്ചിട്ടുള്ളതായി അറിയില്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ, നൂറ്റിയന്‍പത് കോടിയോളം വരുന്ന ജനങ്ങളെ അന്നമൂട്ടുന്ന കര്‍ഷകരുടെ ക്ഷേമത്തിന് കയ്യയച്ചാണ് മോദി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത്. ഇതിന്റെ ഉദാഹരണമാണ് രാജ്യത്തെ കര്‍ഷകര്‍ക്ക് വര്‍ഷംതോറും ആറായിരം രൂപ നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി. ഈ പദ്ധതിയുടെ പതിമൂന്നാമത്തെ ഗഡുവായി പതിനേഴായിരത്തോളം കോടി രൂപയാണ് ഇക്കഴിഞ്ഞ ദിവസം എട്ടുകോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിച്ചത്. വര്‍ഷത്തില്‍ മൂന്നുതവണകളിലായി രണ്ടായിരം രൂപ വീതം ലഭിക്കുന്നത് പാവപ്പെട്ട കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. വിത്തും വളവും വാങ്ങുന്നതിനുവേണ്ടിയാണ് ഈ തുക നല്‍കുന്നത്. 2019 ല്‍ തുടക്കം കുറിച്ച കിസാന്‍ സമ്മാന്‍ നിധിക്കുവേണ്ടി ഇതുവരെ രണ്ടരലക്ഷം കോടിയോളം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവാക്കിയത്. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ പൊതു ബജറ്റില്‍ അറുപതിനായിരം കോടിരൂപ ഈ പദ്ധതിക്കുവേണ്ടി നീക്കിവച്ചിട്ടുള്ളത് സര്‍ക്കാര്‍ കര്‍ഷകക്ഷേമത്തിന് കല്‍പ്പിക്കുന്ന ഗൗരവത്തിന് തെളിവാണ്. ഈ ആനുകൂല്യം യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കു തന്നെ ലഭിക്കണമെന്നുള്ളതുകൊണ്ടാണ് കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണമെത്തിക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന അനര്‍ഹരെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.
ജയ് ജവാന്‍ ജയ് കിസാന്‍ എന്ന ആകര്‍ഷകമായ മുദ്രാവാക്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ സ്ഥാനംപിടിച്ചതിനപ്പുറം ഈ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ ഒന്നിനു പുറകെ ഒന്നായി രാജ്യത്ത് അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ ശ്രമിച്ചില്ല. ആറ് പതിറ്റാണ്ടുകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സാണ് സമൂഹത്തിന്റെ നട്ടെല്ലായ കര്‍ഷകരോട് കൊടിയ അനീതി ചെയ്തത്. നിന്ദാര്‍ഹമായ ഈ ചരിത്രം തിരുത്തിക്കുറിച്ചത് മോദി സര്‍ക്കാരാണ്. കര്‍ഷകക്ഷേമത്തിനാണ് സര്‍ക്കാര്‍ ഏറ്റവും പരിഗണന നല്‍കുന്നത്. ഗ്രാമങ്ങളിലെ ദരിദ്ര കര്‍ഷകരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. കര്‍ഷകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വലിയ ശ്രദ്ധയാണ് ചെലുത്തുന്നത്. സ്വാഭാവികമായും കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്യുന്നു. ഫോസ്ഫറ്റിക്, പൊട്ടാസ്യം വളങ്ങള്‍ക്കുള്ള സബ്‌സിഡി കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എത്തനോളിന്റെ വിലയും വര്‍ധിപ്പിച്ചു. രാസവളങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും അന്താരാഷ്‌ട്ര വിലയിലെ ചാഞ്ചാട്ടം ചെലവ് വര്‍ധനയിലേക്ക് നയിച്ചുവെങ്കിലും ആ ഭാരം സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ചരക്ക് സബ്‌സിഡി വഴി തദ്ദേശവളത്തിനുള്ള സര്‍ക്കാര്‍ ധനസഹായത്തിനായി അന്‍പതിനായിരത്തിലധികം കോടിയാണ് അനുവദിച്ചത്. രാസവളങ്ങളുടെ വില ഗണ്യമായി കുറയ്‌ക്കുന്നതിനായിരുന്നു ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ പാര്‍ട്ടികളുടെ കണ്ണിലെ കരടാവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകക്ഷേമ പദ്ധതികളാണ്. തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ ഇങ്ങനെയൊന്നും ചെയ്യാന്‍ കഴിയാതിരുന്നതും, അത് ജനങ്ങള്‍ തിരിച്ചറിയുന്നതുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനുള്ള ആദ്യ കാരണം. രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്കുവേണ്ടി കൊണ്ടുവന്ന നിയമനിര്‍മാണങ്ങള്‍ക്കെതിരെ സമ്പന്ന കര്‍ഷകരുടെയും ഇടനിലക്കാരുടെയും പിന്തുണയോടെ നടന്ന കര്‍ഷക സമരം കര്‍ഷകര്‍ക്ക് എന്തെങ്കിലും ആനുകൂല്യം നേടിയെടുക്കുന്നതിനായിരുന്നില്ല. അവരെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിന് എതിരാക്കുകയെന്ന ദുഷ്ടലാക്കായിരുന്നു. ഇതിനെയും അതിജീവിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെന്നു മാത്രമല്ല, കര്‍ഷകക്ഷേമത്തിന്റെ കാര്യത്തില്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയും ചെയ്തു. സമരക്കാര്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ച് അബദ്ധത്തില്‍ ചാടിക്കുകയായിരുന്നുവെന്ന് പല കര്‍ഷക സംഘടനകളും പിന്നീട് തിരിച്ചറിഞ്ഞു. ഈ സമരത്തില്‍ പങ്കെടുത്ത കര്‍ഷകരും സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളില്‍ സംതൃപ്തരാണ്. കോണ്‍ഗ്രസ്സിന്റെ പത്ത് വര്‍ഷത്തെ കേന്ദ്ര ഭരണകാലത്ത് ജീവിക്കാന്‍ നിവൃത്തിയില്ലാതെ കര്‍ഷക ആത്മഹത്യകളുടെ പരമ്പരകളാണ് രാജ്യത്ത് അരങ്ങേറിയത്. ആ ചിത്രം മായ്ച്ചുകളയാന്‍ എട്ട് വര്‍ഷത്തെ മോദി ഭരണത്തിന് കഴിഞ്ഞുവെന്നത് ഏറെ അഭിമാനകരമാണ്. രാജ്യത്തെ കര്‍ഷക ജനവിഭാഗങ്ങള്‍ ഇതിന് പ്രധാനമന്ത്രി മോദിയോട് കടപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: