ധര്‍മ്മേന്ദ്ര പ്രധാന്‍
കേന്ദ്ര വിദ്യാഭ്യാസ നൈപുണ്യ വികസന മന്ത്രി
വിവിധ പ്രദേശങ്ങളിലായി നിരവധി ഭാഷകള്‍ സംസാരിക്കുന്ന ബഹുഭാഷാ രാജ്യമാണ് ഇന്ത്യ. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ 22 ഭാഷകളും പതിനായിരത്തിലധികം പേര്‍ സംസാരിക്കുന്ന മറ്റ് 99 ഭാഷകളും കൂടാതെ, ചെറിയ ഭാഷാ സമൂഹങ്ങളില്‍ സംസാരിക്കുന്ന മറ്റ് നിരവധി ഭാഷകളും മാതൃഭാഷകളും ഇന്ത്യയിലുണ്ട്. നാം ഒന്നിലധികം ഭാഷകള്‍ ഉപയോഗിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയുടെ അന്തര്‍ലീനമായ ഗുണമാണ്. ഭാഷകള്‍ നമ്മെ ഒന്നിപ്പിക്കുന്നു. പുറത്ത് നിന്ന് നോക്കുമ്പോള്‍ നമ്മുടെ വൈവിധ്യങ്ങള്‍ മാത്രമാണ് ദൃശ്യമാകുന്നതെങ്കിലും, യഥാര്‍ത്ഥത്തില്‍ നാം ഒന്നാണ്. ഈ നാനാത്വത്തെ നാം ഏകത്വത്തില്‍ ആഘോഷിക്കുന്നു.
ഫെബ്രുവരി 21-ന് ആഘോഷിച്ച അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തിന്റെ ഈ വര്‍ഷത്തെ പതിപ്പ്, ‘ബഹുഭാഷാ വിദ്യാഭ്യാസം – വിദ്യാഭ്യാസത്തെ പരിവര്‍ത്തനം ചെയ്യേണ്ടതിന്റെ ആവശ്യകത’ എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചായിരുന്നു. യുനെസ്‌കോയുടെ നയത്തിന് അനുസൃതമായി, മാതൃഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ബോധ്യം ഞങ്ങള്‍ വീണ്ടും ഉറപ്പ് നല്‍കുന്നു. ഇത് എല്ലാ തലങ്ങളിലുമുള്ള വിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ ഭാഷാപരവും സാംസ്‌കാരികവും വിജ്ഞാനപരവുമായ പാരമ്പര്യങ്ങളെക്കുറിച്ച് പൂര്‍ണ്ണമായ അവബോധം വളര്‍ത്തിയെടുക്കാനും സഹായിക്കുന്നു.
കുട്ടികള്‍ക്കു മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ ഞങ്ങള്‍ പിന്തുണയ്ക്കുകയും സുഗമമാക്കുകയും ചെയ്യുന്നു. ദേശീയ വിദ്യാഭ്യാസ നയം വന്നതിന് ശേഷം, അധ്യയന ഭാഷ എന്തായിരിക്കുമെന്നതിനെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സമ്പൂര്‍ണ്ണ വിദ്യാഭ്യാസമല്ല, ഭാഷയാണ് വിദ്യാഭ്യാസത്തിന്റെ മാധ്യമമെന്ന ശാസ്ത്രീയ വസ്തുത ഇവിടെ നാം മനസ്സിലാക്കേണ്ടതുണ്ട്. വളരെയധികം ‘ബുക്കിഷ്’ അറിവില്‍ കുടുങ്ങിയ ജനങ്ങള്‍ പലപ്പോഴും ഈ വ്യത്യാസം ഗ്രഹിക്കുന്നതില്‍ പരാജയപ്പെടുന്നു. കുട്ടിക്ക് അനായാസം പഠിക്കാന്‍ കഴിയുന്ന ഏത് ഭാഷയായാലും അത് അധ്യയന മാധ്യമമായിരിക്കണം. ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 ബഹുഭാഷാവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അധ്യാപനത്തിലും പഠനത്തിലും ഭാഷയുടെ ശക്തി ഉയര്‍ത്തിക്കാട്ടുന്നതിനും വേണ്ടി വാദിക്കുന്നു. മാതൃഭാഷയെ അടിസ്ഥാനമാക്കിയുള്ള ബഹുഭാഷാ വിദ്യാഭ്യാസം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രധാന ഘടകമായിരിക്കണം എന്നതിനാല്‍, മാതൃഭാഷയുടെ ഉപയോഗം ഉള്‍പ്പെടുത്തുന്നതിനുള്ള ആജീവനാന്ത തുല്യതാ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഈ നയത്തിലൂടെ കഴിയും.
പാഠ്യപദ്ധതിയിലും ക്ലാസ് മുറിയിലും മാതൃഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നു. കോളനിവല്‍ക്കരണത്തിന്റെ നീണ്ട കാലഘട്ടത്താല്‍, നാം ഇന്ത്യന്‍ ഭാഷകളെയും അവയുടെ സമ്പന്നമായ ഭാഷാ പാരമ്പര്യങ്ങളെയും അവഗണിച്ചു. നാം നമ്മുടെ മനസ്സിനെ കോളനിവല്‍ക്കരണ – അടിമത്ത മനോഭാവത്തില്‍ നിന്ന് മുക്തരാക്കുകയും, കൂടുതല്‍ ഉയരങ്ങളിലെത്താനുള്ള നമ്മുടെ സ്വന്തം പാത സൃഷ്ടിക്കുകയും വേണം. എന്‍ഇപി 2020 ബാല്യകാല പരിപാലനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സാര്‍വത്രികവല്‍ക്കരണത്തിനും, എല്ലാ ഇന്ത്യന്‍ ഭാഷകളിലും പഠിക്കുന്നതിനും ഊന്നല്‍ നല്‍കുന്നു.
നമ്മുടെ സ്വത്വത്തിന്റെ അടിസ്ഥാന ഘടകവും, വ്യക്തിത്വങ്ങളുടെ അവിഭാജ്യ ഘടകവുമായ യഥാര്‍ത്ഥ മാധ്യമം മാതൃഭാഷയാണ്. നമ്മുടെ നിലനില്‍പ്പിന്റെ സമ്പന്നമായ സാംസ്‌കാരിക ഘടന വഹിക്കുന്നതിനാല്‍ ഒരിക്കലും അത് നഷ്ടപ്പെടുത്തരുത്. വിദ്യാഭ്യാസത്തെ പരിവര്‍ത്തനം ചെയ്യുന്നതില്‍ ബഹുഭാഷാവാദത്തിന്റെ സാധ്യതകള്‍ എത്രയെന്ന് ആജീവനാന്ത പഠന വീക്ഷണത്തില്‍ നിന്നും, വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നിന്നും വ്യക്തമാണ്. ഒരാളുടെ മാതൃഭാഷയില്‍ അറിവും വിവരങ്ങളും സ്വായത്തമാക്കാനോ ഉപയോഗിക്കാനോ കഴിയാത്തത് വ്യക്തിത്വത്തിന്റെയും ബൗദ്ധിക സ്വാതന്ത്ര്യത്തിന്റെയും വികാസത്തെ പരിമിതപ്പെടുത്തും. മാതൃഭാഷയിലുള്ള കുട്ടികളുടെ പഠനം പിന്തുണയ്‌ക്കാന്‍ മാതാപിതാക്കളെയും പരിചരിക്കുന്നവരെയും അധ്യാപകരെയും പ്രോത്സാഹിപ്പിക്കണം. അതുവഴി അവരുടെ മാതൃഭാഷ സ്‌കൂളിലെ മറ്റ് ഭാഷകള്‍ക്കൊപ്പം വികസിക്കും. ഇത് പഠിതാക്കള്‍ക്ക് അവരുടെ സ്വന്തം ഭാഷയില്‍ അക്കാദമിക സാക്ഷരത വളര്‍ത്തിയെടുക്കാന്‍ മാത്രമല്ല, ആശയങ്ങള്‍ മനസ്സിലാക്കാനും മറ്റ് ഭാഷകള്‍ പഠിക്കാനും സഹായിക്കും.
ഇന്ത്യയുടെ ബഹുഭാഷാ സ്വഭാവത്തിന് സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള പാഠ്യപദ്ധതിയില്‍ നിരവധി ഭാഷകള്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നിരവധി ഭാഷകള്‍ ഉള്‍പ്പെടുത്തുന്നത് അധിക ഭാരമായി കണക്കാക്കുന്നില്ലെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മാതൃഭാഷയിലൂടെയുള്ള പ്രാഥമിക പഠനം കുട്ടിയുടെ വൈജ്ഞാനിക കഴിവുകളെ മികച്ച രീതിയില്‍ വികസിപ്പിക്കുകയും അടിസ്ഥാന സാക്ഷരതാ കഴിവുകള്‍ നേടുന്നതിനും സങ്കീര്‍ണ്ണമായ ആശയങ്ങള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മാതൃഭാഷയില്‍ പ്രാഥമിക പാഠങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ അവരുടെ രണ്ടാം ഭാഷയിലൂടെ വിദ്യാഭ്യാസം നേടുന്നവരെ അപേക്ഷിച്ച് മികച്ച വിദ്യാഭ്യാസ അടിത്തറ കെട്ടിപ്പടുക്കുന്നു.
ഒരു പ്രത്യേക ഭാഷ മാത്രം അദ്ധ്യയന മാധ്യമമായി ഉപയോഗിക്കുന്നത് പല കുട്ടികളെയും അവരുടെ മാതൃഭാഷയില്‍ നിരക്ഷരരാക്കുന്നു എന്ന് മാത്രമല്ല, ആ ഭാഷയില്‍ തന്നെ കുറഞ്ഞ നേട്ടം കൈവരിക്കുന്നതിലേക്കും നയിക്കുന്നു. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന്റെയും വിദ്യാഭ്യാസ മുരടിപ്പിന്റെയും കാര്യത്തില്‍ ഭാഷ പ്രധാന ഘടകമാണ്. നമ്മുടെ രാജ്യത്തിന്റെ സങ്കീര്‍ണ്ണമായ ഭാഷാപരമായ ഭൂപ്രകൃതി അംഗീകരിച്ചുകൊണ്ട്, ക്ലാസ് മുറിയുടെയും പഠിതാക്കളുടെയും ഭാഷയിലുള്ള പ്രാവീണ്യവും അധ്യാപനത്തിലെ ഉയര്‍ന്ന തലത്തിലുള്ള വൈദഗ്ധ്യവും കേന്ദ്രീകരിച്ച് മാതൃഭാഷാധിഷ്ഠിത ബഹുഭാഷാ വിദ്യാഭ്യാസമാണ് ഞങ്ങള്‍ നടപ്പാക്കാന്‍ പോകുന്നത്. അടിസ്ഥാന ഘട്ടം മുതല്‍ മാതൃഭാഷയില്‍ പ്രത്യേക ഊന്നല്‍ നല്‍കി കുട്ടികളെ വ്യത്യസ്ത ഭാഷകള്‍ പരിചയപ്പെടുത്തും. ഭരണഘടനാ വ്യവസ്ഥകളും, ജനങ്ങളുടെയും പ്രദേശങ്ങളുടെയും കേന്ദ്രത്തിന്റെയും അഭിലാഷങ്ങളും , ബഹുഭാഷാ വിദ്യാഭ്യാസവും ദേശീയ ഐക്യവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത്, ത്രിഭാഷാ നയം നടപ്പാക്കുന്നത് തുടരും. മാതൃഭാഷകളും പ്രാദേശിക/നാട്ടു ഭാഷകളും ഉള്‍പ്പെടുന്ന മൂന്ന് ഭാഷകള്‍ വിദ്യാര്‍ത്ഥികളുടെയും പ്രദേശങ്ങളുടെയും സംസ്ഥാനങ്ങളുടെയും തിരഞ്ഞെടുപ്പുകളായിരിക്കും. സ്‌കൂള്‍ വിഷയങ്ങളുടേതുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള പാഠപുസ്തകങ്ങള്‍ മാതൃഭാഷകളില്‍ ലഭ്യമാക്കും, മാതൃഭാഷാ മാധ്യമവിദ്യാഭ്യാസം എന്ന ‘അഭിലാഷം’ ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും.
എല്ലാ ഇന്ത്യന്‍ ഭാഷകളും ഭാരതീയ ഭാഷാപരിവാര്‍ എന്ന ഒരു ഭാഷാ കുടുംബത്തില്‍ പെടുന്നതിനാല്‍ കുട്ടികള്‍ക്ക് മറ്റൊരു ഇന്ത്യന്‍ ഭാഷ പഠിക്കുന്നത് എളുപ്പമാണ്. ഇന്ത്യയിലെ ക്ലാസിക്കല്‍ ഭാഷകള്‍ പഠിക്കുന്നത് സാഹിത്യത്തിന്റെയും ഇന്ത്യന്‍ വിജ്ഞാന സംവിധാനങ്ങളുടെയും സമ്പന്നമായ ശേഖരങ്ങളിലേക്ക് പ്രവേശനം നല്‍കും. ഇന്ത്യന്‍ ഭാഷാ മാധ്യമത്തിലൂടെയുള്ള പഠനം വിദ്യാഭ്യാസത്തെ ഭാരതത്തില്‍ കൂടുതല്‍ വേരൂന്നിയതാക്കുക മാത്രമല്ല സംസ്‌ക്കാരവും ഭാഷയും അഭേദ്യമായതിനാല്‍ ഇന്ത്യയുടെ സാംസ്‌കാരിക ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യും. മാതൃഭാഷ മാധ്യമമായുള്ള വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുന്നതിനും ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഉത്തേജകമാകും. ഇന്ത്യയുടെ മാതൃഭാഷകളിലൂടെയുള്ള വിദ്യാഭ്യാസത്തെ പിന്തുണയ്‌ക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കും ഞങ്ങള്‍ ഇടംകൊടുക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: