മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകസംഘത്തിനൊപ്പം കൃഷി പഠിക്കാന്‍ പോയി ഇസ്രയേലില്‍ കാണാതായ ഇരിട്ടി സ്വദേശി ബിജു കുര്യന് കേരളത്തിലെത്തി. ഗള്‍ഫ് എയറിന്റെ വിമാനത്തില്‍ പുലര്‍ച്ചെയാണ് കരിപ്പൂരിലെത്തിയത്. താന്‍ മുങ്ങിയതല്ലെന്നും ജറുസലേമും ബത്ലഹേമും അടക്കം പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്ന് ബിജു കുര്യന് പറഞ്ഞു. സംഘത്തോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതിയാണ് പറയാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം തോന്നിയെന്നും അതാണ് സംഘത്തോടൊപ്പം തിരികെയെത്താന്‍ സാധിക്കാതിരുന്നതെന്നും ബിജു വ്യക്തമാക്കി. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നതായും മടങ്ങി എത്തിയ ബിജു അറിയിച്ചു.
19ാം തീയതി ഞായറാഴ്ചയായിരുന്നു തിരിച്ചുവരേണ്ടിയിരുന്നത്. അതിന് മുമ്പ്, പുണ്യനാട്ടില്‍ എത്തിയിട്ട് വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നത് ഞാന്‍ തീരുമാനിച്ച കാര്യമാണ്. ആദ്യം ജെറുസലേമിലേക്കും പിറ്റേദിവസം ബത്ലഹേമിലേക്കും പോയി. ശനിയാഴ്ച തിരിച്ചുവരാന്‍ ശ്രമിക്കുമ്പോള്‍ വാട്സാപ്പ് വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും ബന്ധപ്പെടാനുള്ള പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വന്നു. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. മോശമായ രീതിയിലായിരുന്നു ഓരോ കാര്യങ്ങള്‍ വന്നത്. വിഷമമായതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാന്‍ പറ്റിയില്ല.
അവിടെ തന്നെ തുടരേണ്ടിവന്നു. ഇങ്ങനെയൊരുഘട്ടത്തില്‍ സംഘത്തിനൊപ്പം തിരിച്ച് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. വീട്ടുകാരോട്, കൂടെയുണ്ടായിരുന്ന 26 പേരോട്, കൃഷി വകുപ്പിനോട്, പ്രിന്‍സിപ്പല്‍ സെക്രട്ടറി അശോകന് സാറിനോട്, മന്ത്രിയോട്, സര്‍ക്കാരിനോട്, എല്ലാവരോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു’, വിമാനത്താവളത്തില്‍ വെച്ച് ബിജു മാധ്യമങ്ങളോട് പ്രതികരിച്ചു. സഹോദരനാണ് ടിക്കറ്റ് എടുത്ത് അയച്ചു തന്നതെന്നും ആരെയും അറിയിക്കാന്സാധിച്ചില്ലെന്നും ബിജു കുര്യന് വ്യക്തമാക്കി. ആധുനിക കാര്‍ഷിക രീതികള്‍ പഠിക്കുന്നതിനായി കേരളത്തില്‍നിന്ന് ഇസ്രയേലിലെത്തിയ സംഘത്തില്‍ നിന്ന് ഫെബ്രുവരി 16ന് ഏഴിമണിയോടെയാണ് ഇയാളെ കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: