ഇസ്രയേലിലെ ഒളിവിടത്തില്‍ നിന്ന് ബിജുവിനെ കണ്ടെത്തിയത് ഇസ്രയേലിലെ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്. ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയുടെ ഉദ്യോഗസ്ഥനായ നവീന്‍ റാണ കൃഷ്ണയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബിജുവിനെ സഹായിക്കാന്‍ മലയാളികള്‍ തയ്യാറാവതിരുന്നതാണ് എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സഹായകരമായത്. സഹായിച്ചാല്‍ അവര്‍ പെടുമെന്നുള്ള ഇന്ത്യന്‍ എംബസിയുടെ താക്കീതാണ് മലയാളികള്‍ ബിജുവിനെ സഹായിക്കുന്നതില്‍ നിന്നും പിന്തിരിയാന്‍ കാരണമായത്. ഇതോടെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ബിജു ഇസ്രയേലില്‍ തങ്ങിയതെന്ന ബിജുവിന്റെ ബന്ധുക്കളുടെ വിശദീകരണത്തില്‍ വാസ്തവമില്ലെന്ന് തെളിഞ്ഞു. സര്‍ക്കാരില്‍ നിന്നുള്ള ശിക്ഷാനടപടികള്‍ ഒഴിവാക്കാനാണ് ദേവാലയ ടൂറിന് പോയതാണെന്ന പുതിയ കഥകള്‍ പ്രചരിപ്പിക്കുന്നത്.
നവീന്‍ റാണ കൃഷ്ണയെ ഇന്‍റര്‍പോളാണ് ഈ വിവരം അറിയിച്ചത്. വിസ കാലാവധി ഉള്ളതിനാല്‍ ബിജുവിനെതിരെ മറ്റ് നടപടികള്‍ എടുക്കാന്‍ കഴിയില്ല.
ബിജുവിനെ കേരളത്തിലേക്ക് തിരിച്ചയച്ച വിവരം ഇന്ത്യന്‍ അംബാസഡറുടെ ചമുതലയുള്ള രാജീവ് ബോഖാഡേ ആണ് കേരളത്തിലെ കൃഷി വകുപ്പ് സെക്രട്ടറി ബി. അശോകിനെ അറിയിച്ചത്. ബിജു തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിക്ക് കോഴിക്കോട് വിമാനത്താവളത്തിലെത്തും.
സംസ്ഥാന കൃഷിവകുപ്പാണ് ആധുനിക കൃഷി പഠിപ്പിക്കാന്‍ ബിജുവിനെ 27 അംഗ കര്‍ഷകസംഘത്തില്‍ ഉള്‍പ്പെടുത്തി ഇസ്രയേലിലേക്കയച്ചത്. എന്നാല്‍ ഫെബ്രുവരി 17ന് രാത്രി ബിജു ഹോട്ടലില്‍ നിന്നും അപ്രത്യക്ഷമായി. താമസിക്കുന്ന ഹോട്ടലില്‍ നിന്നും ഭക്ഷണത്തിനായി മറ്റൊരു ഹോട്ടലിലേക്ക് പോകുന്നതിനിടയിലാണ് ബിജു വാഹനത്തില്‍ കയറിയില്ലെന്നും തുടര്‍ന്ന് കാണാതായെന്നുമാണ് വിവരം.
ടെൽ അവീവിന് സമീപത്തുള്ള ഹെർസ്ലിയ നഗരത്തിൽ വച്ചാണ് ബിജു കുര്യൻ മുങ്ങിയത്. ഇയാൾക്കായി ഒരു ദിവസം കാത്തിരുന്ന ശേഷമാണ് ഹെർസ്ലിയ പോലീസിന്പരാതി നൽകിയത്. ഇന്ത്യൻ എംബസ്സിയിലും ഇസ്രയേൽ അധികൃതർക്കും ഇതു സംബന്ധിച്ച് വിവരം കൈമാറുകയും ചെയ്തു.
ഈ പരാതിയിൽ അന്വേഷണം നടത്തിയാണ് ഇസ്രയേൽ പൊലീസ് ബിജു കുര്യനെ കണ്ടെത്തിയത്. മലയാളികൾ ധാരാളമായുള്ള ഒരു ഗ്രാമത്തിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്നാണ് വിവരം. ബിജുവിനെ സംരക്ഷിക്കുന്നവർക്ക് എതിരെ നടപടി ഉണ്ടാകും എന്ന് ഇസ്രയേൽ പോലീസ് മുന്നറിയിപ്പ് നൽകിയതോടെയാണ് മുങ്ങിയ ബിജു പൊങ്ങിയതും നാട്ടിലേക്ക് മടങ്ങിയതും .
തിരിച്ചെത്തിയാൽ ഔദ്യോഗിക സംഘത്തിൽ നിന്നും എങ്ങോട്ട് മുങ്ങിയെന്ന കാര്യത്തിൽ ബിജു സർക്കാരിന് വിശദീകരിക്കണം നൽകേണ്ടി വരും. ഇയാളുടെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വിസാ കാലാവധി കഴിയും മുമ്പെ തിരികെ പോയതിനാൽ ബിജുവിനെതിരെ ഇസ്രയേൽ സർക്കാരും നടപടിയെടുക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: