ഇഷ്ടികകൊണ്ട് നിര്‍മ്മിച്ചതില്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയതും, യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ ഖുതുബ് മിനാര്‍ ദല്‍ഹിയില്‍ എത്തുന്നവരുടെ ഒരു പ്രധാന സന്ദര്‍ശന സ്ഥലങ്ങളിലൊന്നാണ്. ദക്ഷിണ ദില്ലിയിലെ മെഹ്റൗളി ജില്ലയിലാണ് ഖുതബ് മിനാര്‍ സമുച്ചയം സ്ഥിതിചെയ്യുന്നത്. ഖുതുബ് മിനാര്‍ ഗോപുരവും അലൈ ദര്‍വാസയും കൂവത്ത് -ഉല്- ഇസ്ലാം മസ്ജിദും ഇരുമ്പ് സ്തംഭവും, പാതി പണിയില്‍ ഉപേക്ഷിച്ച അലൈ മിനാറും അടങ്ങുന്നതാണ് ഈ സമുച്ചയം. ഇതില്‍തന്നെ ഇല്‍ത്തുമിഷ്, അലാവുദ്ദീന്‍ ഖല്‍ജി, ഇമാം സമീന്‍ എന്നിവരുടെ ശവകുടീരങ്ങളും സ്ഥിതി ചെയ്യുന്നു. പ്രധാന നിര്‍മ്മിതിയായ ഖുതുബ് മിനാറിന് 72.5 മീറ്റര്‍ (239 അടി) ഉയരമുണ്ട്. 379 പടികളുള്ള ഗോപുരത്തിന് താഴെ ഭാഗത്ത് 14.3 മീറ്ററും മുകളില്‍ 2.7 മീറ്റര്‍ വരെ വ്യാസമുണ്ട്.
ദല്‍ഹിയിലെ അവസാനത്തെ ഹിന്ദു രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെതിരെ അഫ്ഗാന് ഭരണാധികാരിയായ മുഹമ്മദ് ഘോറി എഡി 1192-ല്‍ നേടിയ വിജയത്തെത്തുടര്‍ന്ന് ഗോറികളുടെ അടിമയായിരുന്ന, പിന്നീട് മംലൂക്ക് രാജവംശത്തിന്റെ ആദ്യ സുല്‍ത്താനായി അധികാരമേറ്റ കുതുബ്-ഉദ്-ദിന് ഐബക്കാണ് വിജയത്തിന്റെ പ്രതീകമായി ഖുതുബ് മിനാര്‍ 1199-ല്‍ നിര്‍മ്മിച്ചതെന്നാണ് ഔദ്യോഗിക ചരിത്രം.
എന്നാല്‍ ഐബക്കിന് ഗോപുരത്തിന്റ ആദ്യത്തെ നില മാത്രമേ നിര്മിക്കാനായുള്ളൂവെന്നാണ് ചില ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുള്ളത്. ഐബക്കിന്റെ മരുമകനും പിന്‍ഗാമിയുമായ ഇല്‍തുമിഷാണ് 1229 ല്‍ അടുത്ത നിലകള്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഖുതുബ് മിനാറിന് ആ പേര് നല്‍കിയത് സൂഫി സംന്യാസിയായ ക്വാജ ഖുദബ്ദീന് ഭക്തിയാര്‍ കാക്കിയുടെ സ്മരണര്ത്തമാണ്.
ഗോറി സാമ്രാജ്യകാലത്ത് അഫ്ഗാനിസ്ഥാനില്‍ സമാനരീതിയില്‍ ഗോപുരങ്ങള്‍ നിര്മ്മിക്കപ്പെട്ടിരുന്നുവെന്നും, അഫ്ഗാനിലെ ജാം മിനാരത്തിന്റ മാതൃകയില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടാണ് ഇന്ത്യയില്‍ ഇത് നിര്‍മ്മിച്ചതെന്നും കരുതപ്പെടുന്നു. ഖുതുബ് മിനാര്‍ സമുച്ചയത്തിന് നിരവധി വിശേഷണങ്ങളും പ്രത്യേകതകളുണ്ടെങ്കിലും ഇവയെല്ലാം അതിന്റെ നിര്‍മാണത്തിനു ശേഷം വന്നുചേര്‍ന്നവയാണ്.
അത്യന്തികമായി പുരാതന ഭാരതത്തില്‍ നടത്തിയ ഇസ്ലാമിക അധിനിവേശത്തിന്റെ വിജയസ്തംഭമാണ് ഖുതുബ് മിനാര്‍. ദല്‍ഹിയിലെ ഹിന്ദു ഭരണത്തിന്റെ അവസാനവും കാലങ്ങളോളം നീണ്ടുനിന്ന സുല്‍ത്താന്‍-മുഗള്‍ ഭരണത്തിന്റെ ആരംഭവും കുറിക്കുന്നത് മിനാരത്തിന്റെ നിര്മാണത്തോടെയാണ്.
പല വിധത്തിലുള്ള ചരിത്ര വ്യാഖ്യാനങ്ങള്‍ ഖുതുബ് മിനാറിനെ ചുറ്റിപ്പറ്റി മുഖ്യധാരയില്‍ ലഭ്യമാണ്. ഖുത്തബ്മിനാര്‍ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു നിര്മ്മിതിയാണെന്നുള്ളതാണ് അതിന്ന്.
നേരത്തെ സൂചിപ്പിച്ചതുപോലെ ഖുതുബ് മിനാര്‍ നിലനില്‍ക്കുന്ന ജില്ല മെഹ്റൗലി എന്നാണ് അറിയപ്പെടുന്നത്. വിക്രമാദിത്യ രാജാവിന്റെ സദസ്സിലെ ജ്യോതിശാസ്ത്രജ്ഞനായ മിഹിറ ജീവിച്ചിരുന്നത് ഇവിടെയായിരുന്നതിനാലാണ് ഈ പേര് വരുവാന്‍ കാരണമായതെന്നും, ഖുതുബ് മിനാര്‍ എന്ന് നിലവില്‍ വിളിക്കുന്ന ഗോപുരം ജ്യോതിശാസ്ത്ര കാര്യങ്ങള്‍ക്കുവേണ്ടി നിര്‍മിച്ചതാണെന്നും, ഇതിനു ചുറ്റും സൂര്യരാശികളെക്കുറിച്ചുള്ള വിവരണങ്ങളുണ്ടായിരുന്നതായും വിലയിരുത്തപ്പെടുന്നു. ഗോപുരത്തിന് സമീപത്തെ തൂണുകളിലും ചില നിര്‍മ്മിതികളിലും ഇപ്പോഴും സംസ്കൃത വാചകങ്ങള്‍ കാണുവാന്‍ സാധിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ഖുതുബ് മിനാര്‍ സമുച്ചയം യഥാര്‍ത്ഥത്തില്‍ ഒരു ഇസ്ലാമിക നിര്‍മിതിയായിരുന്നില്ല എന്നതാണ് മറ്റൊരു അഭിപ്രായം. കാരണം, ഇസ്ലാം മതവിശ്വാസമനുസരിച്ച് കവാടങ്ങള്‍ പടിഞ്ഞാറ് ഭാഗം ദര്‍ശനമാക്കിയാണ് വരേണ്ടത്. എന്നാല്‍ മിനാരത്തിന്റെ പ്രവേശന കവാടം വടക്കുഭാഗം ദര്‍ശനമായിട്ടുള്ളതാണ്. ഇത് ഖുതുബ് മിനാര്‍ സമുച്ചയം മുന്‍പ് ഒരു ഹിന്ദു ക്ഷേത്രമായിരുന്നു എന്ന വാദത്തിന് കൂടുതല്‍ ബലം നല്കുന്നു. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലുമായി കല്ലില്‍ കൊത്തിയ താമരയുടെ അടയാളങ്ങള്‍ കാണുവാന്‍ സാധിക്കും. ഇത് മധ്യകാലഘട്ടത്തില്‍ നിര്‍മിക്കുന്ന ഹിന്ദു നിര്‍മിതികളുടെ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു.
1871-72 കാലത്ത് പുറത്തുവിട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) റിപ്പോര്‍ട്ട് പ്രകാരം ഖുതുബ് മിനാര്‍ സമുച്ചയത്തിലെ മസ്ജിദ് നിലനില്‍ക്കുന്നിടത്ത് ഹിന്ദു ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്തിരുന്നതായുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സ്ഥാപക മേധാവിയായ സര് അലക്സാണ്ടര്‍ കണ്ണിങ്ഹാമിന്റെ മേല്‍നോട്ടത്തില്‍ ചരിത്രകാരന്മാരായ ജെ.ഡി. ബെഗ്ലറും എ.സി.എല്‍. കാര്‍ലിയും ചേര്‍ന്ന് 1871-72 ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്ത് ഒരു പള്ളി പണിതതായി രേഖപ്പെടുത്തുന്നു. മസ്ജിദിന്റെ അടിത്തറയ്ക്ക് മുകള്‍ഭാഗത്തേക്കാള്‍ കൂടുതല്‍ പഴക്കമുള്ളതായി കണ്ടെത്തിയതാണ് ഈ നിഗമനത്തിലെത്തുവാന്‍ കാരണമായത്. ഇത് പ്രസ്തുത സ്ഥലത്ത് നിലവിലുണ്ടായിരുന്ന നിര്‍മിതിക്ക് മുകളിലാണ് മസ്ജിദ് പണിതതെന്ന കണ്ടെത്തലിലേക്ക് വിരല്‍ ചൂണ്ടി. ഇതിന്റെ ഭാഗമായി ഇവിടെ നടത്തിയ ഉത്ഖനനത്തിലൂടെ വിവിധ വിവരങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്ക് ലഭിക്കുകയുണ്ടായി.
ഇതനുസരിച്ച് മസ്ജിദിന്റെ പുറത്തെയും ഉള്‍വശത്തെയും ഭിത്തികള്‍ ഹിന്ദു വാസ്തുവിദ്യയുമായി സാമ്യം പുലര്‍ത്തുന്നുണ്ട്. കുംഭ ഗോപുരങ്ങളിലും ഹിന്ദു വാസ്തുവിദ്യയുടെ സവിശേഷിതകളുള്ളതായി കാണാം.
ഖുതുബ് മിനാറിനെ ‘വിഷ്ണുവിന്റെ ധ്വജം’ എന്ന് പുരാതന കാലത്ത് വിശേഷിപ്പിച്ചിരുന്നുവെന്നും, ഹിന്ദുക്കള്‍ ഈ സ്തംഭം തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നുവെന്നും, തന്റെ മകള്‍ക്ക് ഗംഗ നദി കണ്ടുകൊണ്ടു പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി പൃഥ്വിരാജ് സ്ഥാപിച്ചതാണെന്നുമാണ് ബെഗ്ലര് വാദിക്കുന്നത്. സമുച്ചയത്തിന്റെ ചുറ്റുമുള്ള മതിലുകളില്‍ അനന്ത നാഗങ്ങളുടെ മടക്കുകളില്‍ ചാരിയിരിക്കുന്ന ദേവതകളെയും വിവിധ അവതാരങ്ങളെയും കാണാം. ഭഗവാന് നാരായണനുള്‍പ്പടെ സമാനമായ നിരവധി വൈഷ്ണവ ശില്പങ്ങളുമുണ്ട്. കിടങ്ങുകളില്‍ നടത്തിയ ഖനനത്തില്‍ കറുത്ത അടര്കല്ലില് രേഖപ്പെടുത്തിയ ലക്ഷ്മി ദേവിയുടെ രണ്ട് ചിത്രങ്ങളും പഴയ മണ്‍വിളക്കുകളും കണ്ടെത്തുകയുണ്ടായി. ഇവകൂടാതെ, കറുത്ത കല്ലില്‍ നിര്‍മിച്ച ഭഗവാന് വിഷ്ണു, ലക്ഷ്മി ദേവി തുടങ്ങിയ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളും ഉത്ഖനനത്തില്‍ കണ്ടെത്തി. ഒന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഈ വിഗ്രഹങ്ങള്‍ ഇപ്പോള്‍ ദേശീയ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഉത്ഖനനത്തില്‍ തിരിച്ചറിഞ്ഞ ഹിന്ദു ക്ഷേത്രത്തിന്റെ തൂണുകള്‍ അവയുടെ യഥാര്‍ത്ഥ ഉയരത്തില്‍ യഥാര്‍ത്ഥ സ്ഥാനത്തുതന്നെയാണ് ഇപ്പോഴും നിലകൊള്ളുന്നത്. തെക്ക് ഭാഗത്തെ പുറം കവാടവും, അടിത്തറകളും ഉപരിഘടനകളുടെ പണികളും ഹിന്ദു വാസ്തുവിദ്യ രീതിയില്‍ പണിത മതിലുകളിലെ ബാക്കിയുള്ളവയുമായി പൊരുത്തപ്പെടുന്നുണ്ട്. തെക്കേ കവാടത്തിന്റെ അകം ഭാഗത്തുനിന്നും ലഭിച്ച അവശിഷ്ടങ്ങളും ഹിന്ദു വസ്തുവിദ്യയുമായി സാമ്യത പുലര്‍ത്തുന്നവയാണ്.
ഇപ്പോള്‍ മസ്ജിദ് നില്ക്കുന്നത്തിന്റെ പുറത്തെ തിണ്ണ ഒരു ക്ഷേത്രത്തിന്റേതുമായി സാമ്യമുള്ളതാണ്. ഖുതുബ് മിനാര്‍ നിര്‍മ്മിച്ചത് മുസ്ലിങ്ങളാണെങ്കില്‍ തന്നെ, ക്ഷേത്രത്തിന്റെ (ഇപ്പോഴത്തെ മസ്ജിദ്) മതിലുകള്‍ നിര്‍മിച്ച് വളരെക്കാലങ്ങള്‍ക്ക് ശേഷമാണ് മിനാരത്തിന്റെ അടിത്തറ പാകിയിട്ടുള്ളതെന്ന് വ്യക്തമാണ്.
മുസ്ലിങ്ങള്‍ ബോധപൂര്‍വം ഹിന്ദു ശൈലിയിലുള്ള ശില്‍പ്പകലകളെ വിവിധ നിര്‍മാണം കൊണ്ട് മറയ്ക്കുകയും, എന്നിട്ട് തറനിരപ്പില്‍ മാറ്റം വരുത്തുകയാണുണ്ടായതെന്നും ഖനനത്തില്‍ കണ്ടെത്തി.
മസ്ജിദിന്റെ തറയും ഇരുമ്പ് തൂണും കേടുകൂടാതെയിരുന്നുവെങ്കിലും ഹിന്ദു ശൈലിയില്‍ നിര്‍മിച്ച തറയിലെ ലിഖിതങ്ങളും ഹിന്ദു ക്ഷത്രങ്ങളുടെ അടയാളങ്ങളും മറ്റ് നിര്‍മാണങ്ങള്‍കൊണ്ട് മറയ്ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മുസ്ലിങ്ങള്‍ വരുത്തിയ കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും മാത്രമാണ് അകത്ത് സ്ഥിതിചെയ്യുന്ന തെക്കേ കവാടത്തില്‍ നടത്തിയ ഉത്ഖനനത്തില്‍ കണ്ടെത്തുവാന്‍ സാധിച്ചത്.
ഖുതുബ് മിനാറിന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് 1198 എഡിയില്‍ ഗോപുരത്തിന്റ വടക്ക്-കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കൂവത്ത്-ഉല് -ഇസ്ലാം മസ്ജിദ് ഐബക്ക് നിര്‍മിക്കുന്നത്. മസ്ജിദിന്റെ കിഴക്കേ കവാടത്തിനു മുകളിലുള്ള ഒരു ലിഖിതം 27 ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്തതില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന വിവരം നല്കുന്നു.
ഖുതുബ് മിനാര്‍ സമുച്ചയത്തിന്റെ ഭാഗമായ ഇരുമ്പ് സ്തംഭത്തില്‍ എ.ഡി നാലാം നൂറ്റാണ്ടിലെ ബ്രാഹ്മി ലിപിയില്‍ സംസ്കൃത ഭാഷയില്‍ എഴുതിയ ലിഖിതമുണ്ട്. ഇതുപ്രകാരം ഈ സ്തംഭം ചന്ദ്ര എന്ന ശക്തനായ രാജാവിന്റെ സ്മരണയ്ക്കായി വിഷ്ണുപാദം എന്നറിയപ്പെട്ടിരുന്ന കുന്നില്‍ സ്ഥാപിച്ച വിഷ്ണുധ്വജമായിരുന്നു.
ദല്‍ഹിയിലെ ഖുതുബ് മിനാറിനടുത്ത് ഖുവ്വത്ത്-ഉല്-ഇസ്ലാം മസ്ജിദ് നിര്‍മ്മിക്കുന്നതിനായി 27 ക്ഷേത്രങ്ങള്‍ തകര്‍ത്തുവെന്ന് പ്രശസ്ത ഇന്ത്യന്‍ പുരാവസ്തു ഗവേഷകന് കെ.കെ.മുഹമ്മദ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗണപതി ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഖുതുബ് മിനാറിനടുത്ത് കണ്ടെത്തിയത് ഇതിനുള്ള തെളിവായി അദ്ദേഹം എടുത്തുകാട്ടുന്നു. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്കും നിരവധി നശിപ്പിക്കപ്പെട്ട ഹിന്ദു നിര്‍മിതികളുടെ അവശിഷ്ടങ്ങള്‍ കാണുവാന്‍ സാധിക്കും.
ഖുതുബ് മിനാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിയമ പോരാട്ടങ്ങള്‍ക്കും കാരണമായി. ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്തത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് മസ്ജിദ് പണിതതെന്നും, അതിനാല്‍ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്നും അവിടെ പ്രാര്‍ത്ഥന നടത്തുവാനുള്ള പൗരന്റെ മൗലിക അവകാശം സ്ഥാപിച്ചു കിട്ടണമെന്നും അവകാശപ്പെട്ടുകൊണ്ടാണിത്.
ജൈന ആരാധനാമൂര്‍ത്തിയായ തീര്‍ത്ഥങ്കരന്‍ ഋഷഭ്ദേവിനു വേണ്ടി അഭിഭാഷകന് ഹരിശങ്കര്‍ ജെയിന് കോടതിയില്‍ ഹര്‍ജി നല്‍കിയതാണ് പ്രധാനപ്പെട്ടത്. ഖുതുബ് മിനാര്‍ സമുച്ചയം ഒരു മതത്തിന്റെയും ആരാധന സ്ഥലമല്ലെന്നും അതിനാല്‍ പരാതിക്കാരന്റെ മൗലിക അവകാശം സ്ഥാപിച്ചെടുക്കുന്നത് 1958 ലെ അിരശലിAncient Monuments and Archaeological Sites and Remains Act (or AMASR Act) ആക്ട് അനുസരിച്ചു സാധ്യമല്ലെന്നും ഇന്ത്യന്‍ പുരാവസ്തു വകുപ്പ് കോടതിയില്‍ അഭിപ്രായം അറിയിച്ചു. എന്നാല്‍ ക്ഷേത്രങ്ങള്‍ തകര്‍ത്താണ് മസ്ജിദ് പണിതതെന്ന വാദത്തെ പുരാവസ്തു വകുപ്പ് എതിര്‍ത്തില്ല. ദല്‍ഹിയിലെ സാകേത് കോടതിയും കോപ്ലക്സിനകത്ത് സ്ഥിതി ചെയ്യുന്ന രണ്ട് ഗണേശ വിഗ്രഹങ്ങള്‍ മാറ്റുന്നത് പുതിയ ഉത്തരവ് ഉണ്ടാവുന്നത് വരെ മരവിപ്പിക്കുകയുണ്ടായി.
ഖുതുബ് മിനറിനെ ചുറ്റിപറ്റി നിലനില്‍ക്കുന്ന കഥകളും സംശയങ്ങളും വാദങ്ങളും നിരവധിയാണ്. വളരെ ആഴത്തിലുള്ള പഠനങ്ങളിലൂടെ മാത്രമേ ഇതിന്റെയെല്ലാം സത്യാവസ്ഥ പുറത്തെത്തിക്കുവാന്‍ സാധിക്കുകയുള്ളൂ.
നിര്‍മിതികള്‍ അവിടെനിന്നും നീക്കണമെന്നോ ഇല്ലാതാക്കണമെന്നോ ആര്‍ക്കും അഭിപ്രായമില്ല. അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ഉള്‍ക്കൊള്ളുന്ന ചരിത്രം തിരുത്തേണ്ടതുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ ഇനിയും വ്യാജ ചരിത്രം പഠിക്കുന്നത് ഒഴിവാക്കപ്പെടണം. തങ്ങളുടെ യഥാര്‍ത്ഥ ചരിത്രം അറിയുവാനുള്ള ആകാംഷയും അതിനുള്ള അവകാശവും എല്ലാവര്‍ക്കുമുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: