കൊച്ചി : ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്ന് മുങ്ങിയ ബിജു കുര്യന്‍ തിങ്കളാഴ്ച കേരളത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി ഇസ്രയേല്‍ എംബസ്സിയുടെ സഹായത്തോടെ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇയാള്‍ തിങ്കളാഴ്ച തിരിച്ചു വരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബിജു ഞായറാഴ്ച ഉച്ചയ്‌ക്ക് ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുമെന്നും തിങ്കളാഴ്ച പുലര്‍ച്ചെ കേരളത്തിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലില്‍ ബിജുവുമായി അടുത്ത് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയാണ് ബിജു.
ആധുനിക കാര്‍ഷിക രീതികള്‍ പരിചയപ്പെടുത്താനായി സംസ്ഥാന കൃഷി വകുപ്പ് ഇസ്രായേലിലേക്ക് കൊണ്ടുപോയ പ്രതിനിധി സംഘത്തില്‍ നിന്നാണ് ബിജുവിനെ കാണാതായത്. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച് അതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെയാണ് ഇസ്രയേലിലേക്കുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇസ്രയേലിലെത്തി അവിടുന്ന് തിരിച്ചു വരാനിരിക്കേ ഫെബ്രുവരി 16-ന് രാത്രി ഏഴ് മണിയോടെ ടെല്‍ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെര്‍സ്ലിയ എന്ന നഗരത്തില്‍ അത്താഴത്തിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കാണാതായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഇസ്രയേലിലുള്ള മലയാളി സംഘടനകളുമായും മറ്റും ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇസ്രയേലിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ബിജു സ്വയം സംഘത്തെ ഉപേക്ഷിച്ചതെന്നാണ് പുതിയ വിവരം. സംഘത്തില്‍ നിന്ന് പിരിഞ്ഞ ശേഷം ഇയാള്‍ ജറുസലേം, ബെത്ലഹേം എന്നിവ സന്ദര്‍ശിച്ചു. ബെത്ലഹേമില്‍ ഒരു ദിവസം ചെലവഴിച്ച ശേഷം സംഘത്തിനൊപ്പം ചേര്‍ന്ന് കേരളത്തിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. അതിനിടയില്‍ പ്രതിനിധി സംഘം തിരികെ കൊച്ചിയിലേക്ക് തിരിച്ചിരുന്നു എന്നും ബിജു പറഞ്ഞതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
അതേസമയം തന്നെ കാണാതായതുമായി ബന്ധപ്പെട്ട് നാട്ടില്‍ നടക്കുന്ന വിവാദങ്ങളില്‍ ബിജു ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാറിനുണ്ടായ നാണക്കേടില്‍ കൃഷിമന്ത്രി പി. പ്രസാദ് ഉള്‍പ്പെടെയുള്ളവരോട് ബിജു മാപ്പ് ചോദിച്ചതായും ബഹ്‌റൈന്‍ വഴി കേരളത്തിലത്താനുള്ള ശ്രമത്തിലാണെന്നുമാണ് ബിജുവുമായി ബന്ധപ്പട്ടുള്ളവര്‍ അറിയിച്ചിരിക്കുന്നത്.
ബിജുവിനെ കാണാതായതില്‍ കൃഷി വകുപ്പിനും കുടുംബത്തിനും കൂടുതല്‍ വ്യക്തതയൊന്നും ലഭിച്ചിട്ടില്ല. താന്‍ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച മെസേജിന് ശേഷം ബിജുവിനെ കുറിച്ച് ബന്ധുക്കള്‍ക്കും വിവരമൊന്നുമില്ല. ഇയാളുടെ വിസ റദ്ദാക്കി തിരിച്ചു കൊണ്ടവരാനുള്ള ശ്രമത്തിലായിരുന്നു സര്‍ക്കാര്‍. ഇതിനായി ഇസ്രയേലിലെ ഇന്ത്യന്‍ എംബസിക്ക് കത്ത് നല്‍കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
ബിജു കുര്യന്‍ അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകുമാണ് കൃഷി രീതികള്‍ പഠിക്കാനായി ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. 20 വര്‍ഷത്തോളമായി കൃഷിക്കാരനാണ് ബിജു എന്നാണ് അയല്‍ക്കാര്‍ നല്‍കുന്ന വിവരം. ഭാര്യക്ക് അയച്ച മെസേജ് മാത്രമാണ് ബിജുവിനെ കുറിച്ച് പിന്നീട് കിട്ടിയ വിവരം. ഇരിട്ടി പേരട്ടയിലെ ബിജുവിന്റെ വീട് നിലവില്‍ പൂട്ടിക്കിടക്കുകയാണ്. ബിജുവിന്റെ നാട്ടുകാരായ കുറച്ച് പേര്‍ ജോലി ആവശ്യാര്‍ത്ഥം ഇസ്രയേലില്‍ ഉണ്ട്. ബിജു ഇവര്‍ക്കൊപ്പമുണ്ടെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: