ദിവ്യാംഗ് ജന്‍ അഥവാ ദിവ്യാംഗര്‍ എന്നാണ് ഭിന്നശേഷിക്കാരെ ഇന്നത്തെ ഭാരത സര്‍ക്കാര്‍ വിശേഷിപ്പിയ്ക്കുന്നത്. നമ്മുടെ ഭരണാധികാരികളുടെ കാഴ്ചപ്പാടില്‍ വന്നിരിയ്ക്കുന്ന കാതലായ മാറ്റത്തിന്റെ തെളിവാണിത്. ഭിന്നശേഷിക്കാരായ പൗരന്മാര് മറ്റാരേയും പോലെ നമ്മുടെ സമൂഹത്തിന്റെ മുന്നേറ്റത്തില്‍ പങ്ക് വഹിയ്ക്കാനുള്ളവരാണ് എന്ന കാഴ്ചപ്പാടാണത്. അവര്‍ക്ക് അതിനുള്ള പങ്കാളിത്തവും അവസരവും കൊടുക്കണം. അവരില്‍ കലാകാരന്മാരുണ്ട്, കവികളുണ്ട്, സ്റ്റീഫന്‍ ഹോക്കിന്സിനെ പോലുള്ള ശാസ്ത്രജ്ഞരുണ്ട്. അത്തരം പ്രതിഭകള്‍ വളര്‍ന്നു വികസിയ്ക്കണമെങ്കില്‍, സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധ അവരിലേയ്ക്ക് എത്തണം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടേയും മെഡിക്കല്‍ സയന്‍സിന്റെയും ഗുണഫലങ്ങള്‍ അവര്‍ക്ക് സുലഭമാകണം.
ഭിന്നശേഷിക്കാരുടെ സമഗ്ര ക്ഷേമത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സംഘടനയാണ് സക്ഷമ. RPWD Act 2016 അനുസരിച്ചുള്ള 21 തരം ഭിന്നശേഷി വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സക്ഷമ പ്രവര്‍ത്തിയ്ക്കുന്നത്. ശാരീരികവും, മാനസികവും, ബുദ്ധിപരവുമായ വെല്ലുവിളികള്‍ നേരിട്ട് ജീവിയ്ക്കുന്ന സഹോദരങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വ്യക്തിഗത മികവുകളുടെ പരിപോഷണം തുടങ്ങിയ സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് സക്ഷമ നടത്തുന്നത്.
ദിവ്യാംഗ ക്ഷേമത്തിന് ആവശ്യമായ ഉപകരണങ്ങള്‍, ഭക്ഷ്യധാന്യ കിറ്റ്, വസ്ത്രം, ഔഷധം തുടങ്ങിയവയുടെ വിതരണം, പഠന സഹായം, കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍, തെറാപ്പി സെന്ററുകള്‍, നേത്രദാന ബോധവല്‍ക്കരണം, കുടുംബ സുരക്ഷയ്ക്കായി ഇന്‍ഷുറന്‍സ് സംവിധാനം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ലഭ്യമാക്കല്‍, പൊതുസ്ഥലങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ തുടങ്ങിയവയാണ് സക്ഷമയുടെ മുഖ്യ പ്രവര്‍ത്തനങ്ങള്‍.
ഈശ്വരോപാസനയോടൊപ്പം മനുഷ്യസേവനവും നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. ഭാരതീയ കാഴ്ചപ്പാടനുസരിച്ച് എല്ലാവരിലും ഈശ്വരചൈതന്യം കുടികൊള്ളുന്നുണ്ട്. നാം മറ്റുള്ളവരെ സഹായിയ്ക്കുകയല്ല സേവിയ്ക്കുകയാണ് വേണ്ടതെന്ന് ശ്രീരാമകൃഷ്ണപരമഹംസന് പറഞ്ഞത് അതുകൊണ്ടാണ്. മറ്റുള്ളവരെ സേവിയ്ക്കുന്നതിലൂടെ നാം ഈശ്വരനെ തന്നെയാണ് സേവിയ്ക്കുന്നത്. നമ്മുടെ ക്ഷേത്രങ്ങള്‍ മറ്റു പലതരത്തിലുള്ള ആഘോഷങ്ങള്‍ക്കും ധാരാളം ധനം ചെലവു ചെയ്യുന്നുണ്ട്. എന്നാല്‍ യുഗപുരുഷനും സദ് ഗുരുവുമായ ശ്രീരാമകൃഷ്ണ ദേവനെ പോലൊരു ഋഷി ചൂണ്ടിക്കാണിച്ചു തന്ന ഈ വഴി പിന്തുടരാന് ശ്രമിയ്ക്കുന്ന എത്ര ആരാധനാലയങ്ങള്‍ നമുക്കുണ്ട് എന്നാലോചിയ്ക്കേണ്ടതല്ലേ ?
മാനവ സേവയാണ് യഥാര്‍ത്ഥ മാധവസേവ എന്ന തത്വം പ്രായോഗിക തലത്തില്‍ കാണിച്ചു കൊടുത്ത് ഭക്തസമൂഹത്തിന് മാതൃക കാട്ടേണ്ട കേന്ദ്രങ്ങളല്ലേ നമ്മുടെ ക്ഷേത്രങ്ങള്‍ ? ക്ഷേത്ര ഉപയോഗത്തിനായി ഉല്‍പ്പന്നങ്ങളും സേവനങ്ങളും തെരഞ്ഞെടുക്കുമ്പോള്‍ ഭിന്നശേഷി സഹോദരങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാന്‍ കഴിയില്ലേ ? ക്ഷേത്രഭരണ സമിതികള്‍ക്ക് ഒരു അജണ്ടയായി തന്നെ ഇത് നടപ്പാക്കാന്‍ കഴിയേണ്ടതല്ലേ ? എത്രയോ നല്ല പാട്ടുകാര്‍ ഈ വിഭാഗത്തിലുണ്ട്. അവരുടെ ഗാനമേള ട്രൂപ്പുകളും ഭജന ട്രൂപ്പുകളും ധാരാളമുണ്ട്. ഉദാഹരണത്തിന് തിരുവനന്തപുരം സക്ഷമയുടെ കീഴില്‍ സക്ഷം വോയിസ് എന്ന ഗാനമേള ട്രൂപ്പും, ഭക്ത സൂര്‍ദാസ് ഭജന മണ്ഡലിയും പ്രവര്‍ത്തിച്ചു വരുന്നു. ഇത്തരം സംഘങ്ങള്‍ക്ക് കൊടുക്കുന്ന അവസരങ്ങള്‍ ദിവ്യാംഗര്‍ക്കാകമാനം ഊര്‍ജ്ജം പകരും. ഇക്കാര്യം സമൂഹത്തിന്റെ ശ്രദ്ധയില്‍ വരേണ്ടതുണ്ട്. എല്ലാ ക്ഷേത്രങ്ങളും തങ്ങളുടെ വാര്‍ഷിക ബജറ്റില്‍ ഒരു നിശ്ചിത തുക സാമൂഹ്യ സേവാ കാര്യങ്ങള്‍ക്കായി വക കൊള്ളിയ്ക്കണം. ആരാധനയുടെ ഭാഗമായി തന്നെ അതിനെ കാണണം. നെറ്റിപ്പട്ടം പോലുള്ള അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കുന്ന ഭിന്നശേഷിക്കാര്‍, വാദ്യോപകരണങ്ങള്‍ ഉണ്ടാക്കുന്നവര്‍, മാല കെട്ടുന്നവര്‍, ഇരുമുടി സഞ്ചി പോലുള്ളവ തയ്ക്കുന്നവര്‍, പാരമ്പര്യ രീതിയില്‍ ഭസ്മവും കുങ്കുമവും മറ്റും തയ്യാറാക്കാന്‍ കഴിയുന്നവര്‍, തോരണങ്ങളും കൊടിക്കൂറകളും മറ്റും ഉണ്ടാക്കുന്നവര്‍ ഇങ്ങനെ ഭിന്നശേഷി സമൂഹത്തെ പ്രോത്സാഹിപ്പിയ്ക്കാന്‍ എത്രമാത്രം അവസരങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ക്ഷേത്ര സമിതികള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുത്താല്‍ പരിസരത്തുള്ള ഇത്തരം സഹോദരങ്ങളെ കണ്ടെത്തി അവരുടെ വാസനകള്‍ക്ക് അനുസരിച്ചുള്ള പരിശീലനങ്ങള്‍ നല്കി ഇത്തരം സംരംഭങ്ങളില്‍ പങ്കാളികളാക്കാന്‍ മറ്റ് സാമൂഹ്യ സംഘടനകളും യത്നിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.
സക്ഷമയുടെ ഭിന്നശേഷി സേവാനിധി സമാഹരണ മാസമാണ് ഫെബ്രുവരി. ദിവ്യാംഗരോട് അനുഭാവം പുലര്‍ത്തുന്ന ഓരോരുത്തരും ചെറിയ ഒരു തുക സംഭാവന നല്കി സ്വയം ഒരു ദിവ്യാംഗമിത്രം ആയി മാറുകയാണ് ഈ പരിപാടിയിലൂടെ സക്ഷമ പ്രതീക്ഷിയ്ക്കുന്നത്. ഒപ്പം ദിവ്യാംഗ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും, മുകളില്‍ സൂചിപ്പിച്ചതു പോലെ അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള ചിന്തകള്‍ ക്ഷണിയ്ക്കാനും ഈയവസരം ഉപയോഗപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: