കോഴിക്കോട് : കോഴിക്കോട് നിന്നും ദമാമിലേക്ക് പറന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി ഇറക്കിയ സാഹചര്യത്തില്‍ പൈലറ്റിന് സസ്പെന്ഷന്. ടേക്ക് ഓഫിനിടെ സംഭവിച്ച അപകടത്തിന് കാരണം വിമാനത്തിന്റെ ഭാര നിര്‍ണ്ണയത്തില്‍ പൈലറ്റിന് പിഴവ് സംഭവിച്ചെന്ന വിലയിരുത്തലിലാണ് ഈ നടപടി.
വെള്ളിയാഴ്ചയാണ് ദമാമിലേക്ക് പറന്നുയര്‍ന്ന വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് തിരിച്ചിറക്കേണ്ടി വന്നത്. സംഭവത്തില്‍ 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനും ഡിജിസിഎ പൈലറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 9.44ന് കരിപ്പൂരില്‍ നിന്നും പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പുറകിലെ ചിറകുകള് റണ്‍വേയില്‍ ഉരഞ്ഞതാണ് സാങ്കേതിക തകരാറിന് കാരണം.
തകരാര്‍ സംഭവിച്ചതായി മനസ്സിലാക്കിയ പൈലറ്റ് വിമാനം കരിപ്പൂരില്‍ തന്നെ തിരിച്ചിറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കാന്‍ അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു. വിമാനത്തിലെ ഇന്ധനം കളയുന്നതിനായി മണിക്കൂറുകളോളം കോഴിക്കോടും തിരുവനന്തപുരത്തുമായി വട്ടമിട്ട് പറന്നശേഷമാണ് വിമാനം നിലത്തിറക്കിയത്. അപകട സാധ്യത ഒഴിവാക്കുന്നതിനായിരുന്നു ഇത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെങ്കിലും ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിലയിരുത്തുന്നത്. കരിപ്പൂരില്‍നിന്ന് യാത്രതിരിക്കുമ്പോള്‍ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരെയും മാറ്റി പുതിയ ജീവനക്കാരുമായാണ് വിമാനം ദമാമിലേക്ക് യാത്ര തിരിച്ചത്. ആറ് ജീവനക്കാരുള്‍പ്പടെ 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: