ഗോപന് ചുള്ളാളം
അവയവമാറ്റ നടപടിക്രമങ്ങളിലെ കാലതാമസമില്ലായിരുന്നെങ്കില് നടിയും അവതാരകയുമായ സുബിസുരേഷിന്റെ മരണം ഒഴിവാക്കാമായിരുന്നെന്ന നടന് സുരേഷ്ഗോപിയുടേതുള്പ്പെടെയുള്ള വാദം ശക്തമാകുന്നതിനിടെ അവയവമാറ്റ ശസ്ത്രക്രിയക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് ആയിരങ്ങളെന്ന വിവരം പുറത്ത്. അവയവദാതാക്കളുടെ കുറവും നടപടിക്രമങ്ങളിലെ കാലതാമസവും പലരെയും മരണത്തിനെറിഞ്ഞുകൊടുക്കുന്നു. നിലവില്‍ അവയവങ്ങള്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് മൂവായിരത്തിമുന്നൂറോളം രോഗികളാണ്. ഇതില്‍ 2500 പേര് കിഡ്നി മാറ്റിവയ്ക്കലിനും 700 പേര് കരള്‍മാറ്റലിനും 60 പേര് ഹൃദയത്തിനും 14 പേര് പാന്‍ക്രിയാസിനും ചെറുകുടലിന് നാലു പേരും കൈ മാറ്റിവയ്ക്കുന്നതിന് 14 പേരും കാത്തിരിക്കുന്നു. 2500 ആവശ്യക്കാരുള്ളപ്പോള്‍ കഴിഞ്ഞവര്‍ഷം ലഭിച്ചത് 14 പേരുടെ കിഡ്നിയാണ്. 28 പേര്‍ക്ക് മാത്രമാണ് നല്‍കാനായത്. ഈ വര്‍ഷം ഇതുവരെ രണ്ടുപേര്‍ക്കും. അവയവദാതാവിനെ കണ്ടെത്തുന്നതിനു മുമ്പു ജീവിതത്തില്‍ നിന്ന് വിടപറയുന്നവരാണ് അധികവും.
അവയവക്കച്ചവടം അവസാനിപ്പിക്കല്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ 1994 ല്‍ ട്രാന്സ്പ്ലാന്റേഷന് ഓഫ് ഹ്യൂമണ്‍ ഓര്‍ഗന്‍സ് ആക്ട് നടപ്പാക്കി. 2011ല്‍ ഇതിന്റെ പരിമിതികള്‍ പരിഹരിച്ച് ഭേദഗതി വരുത്തി. ഈ നിയമമനുസരിച്ചാണ് ഇപ്പോള്‍ രാജ്യത്താകമാനം അവയവമാറ്റം നടക്കുന്നത്. അവയവദാനത്തിന്റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ 2012 ആഗസ്ത് 12ന് മൃതസഞ്ജീവനി എന്ന പദ്ധതി ആരംഭിച്ചു. ഇതിന്റെ നടത്തിപ്പിനായി കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് എന്ന ഏജന്‍സിയും രൂപീകരിച്ചു.
അവയവം മാറ്റിവയ്ക്കേണ്ട ആളാണെന്ന് ഉറപ്പായാല്‍ അവയവമാറ്റത്തിന് രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യപടി. മുന്‍ഗണനാക്രമത്തിലാണ് അവയവം ലഭിക്കുക. ദാതാവിനെ കിട്ടുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. രണ്ടുവിധത്തിലാണ് അവയവദാനം നടക്കുന്നത്. അപകടമരണത്തില്‍പ്പെടുന്നവരില്‍ നിന്നു നിശ്ചിത സമയത്തിനുള്ളിലും മസ്തിഷ്കമരണം സംഭവിച്ചവരില്‍ നിന്നും ബന്ധുക്കളുടെ പരിപൂര്‍ണ സമ്മതത്തോടെ നീക്കം ചെയ്യുന്ന അവയവങ്ങളും ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്ന് സ്വീകരിക്കുന്നതും.
ദാതാവില്‍ നിന്ന് ലഭിക്കുന്ന അവയവം സ്വീകരിക്കുന്ന വ്യക്തിയുടെ ശരീരവുമായി യോജിച്ചുപോകുന്നതാണോ എന്നത് ഉറപ്പുവരുത്തുന്നതിനുള്ള വിവിധ ക്ലിനിക്കല്‍ ടെസ്റ്റുകള്‍ നടത്തുക എന്നതാണ് ആദ്യപടി. അതുകഴിഞ്ഞാല്‍ നിയമവിധേയമാണോ അവയവദാനം എന്ന് തീരുമാനിക്കുന്നതിന് എത്തിക്കല്‍ കമ്മിറ്റി മുമ്പാകെ വ്യക്തിഗത വിവരങ്ങളടക്കം നല്‍കേണ്ടതുണ്ട്. എത്തിക്കല്‍ കമ്മറ്റിയുടെ തീരുമാനം അനുകൂലമായാല്‍ മാത്രമേ അടുത്ത നടപടികളിലേക്ക് നീങ്ങാറുള്ളു. ഇതാണ് ഏറ്റവും വലിയ കടമ്പയായി അവശേഷിക്കുന്നത്.
അടുത്ത ബന്ധുവാണ് അവയവം നല്കുന്നതെങ്കില് ആശുപത്രി കമ്മറ്റിയും ബന്ധുവലയത്തിനു പുറത്തുനിന്നാണെങ്കില്‍ ഓതറൈസേഷന്‍ കമ്മറ്റിയുമാണ് പരിശോധിക്കുക. ആശുപത്രി കമ്മറ്റിയില്‍ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയുടെ സൂപ്രണ്ട്, ചികിത്സിക്കുന്ന ഡോക്ടര്‍, വകുപ്പ് മേധാവി, കൂടാതെ ചീഫ് ജസ്റ്റിസ് റാങ്കില്‍പ്പെട്ട ഒരാള്‍ എന്നിവരാണ് ഉണ്ടാവുക. രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാകും ശസ്ത്രക്രിയ നിശ്ചയിക്കുക. ഓതറൈസേഷന്‍ കമ്മറ്റിയില്‍ ഹെല്‍ത്ത് ഡിപ്പാര്ട്ടുമെന്റില് നിന്നൊരാള്‍, സെക്രട്ടേറിയറ്റില്‍ നിന്ന് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്, ആശുപത്രി സൂപ്രണ്ട്, ചികിത്സിക്കുന്ന ഡോക്ടര്‍ എന്നിവരായിരിക്കും അംഗങ്ങള്‍. ഇതില്‍ കച്ചവടലക്ഷ്യത്തോടെയുള്ള പണമിടപാടുകള്‍ നടന്നിട്ടുണ്ടോ മുതലായ കാര്യങ്ങള്‍ അന്വേഷിക്കുന്ന പ്രക്രിയയാണ് പലപ്പോഴും നീണ്ടുപോകുക.
ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എംഎല്‍എയുടെ സാക്ഷ്യപത്രം, ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് മുതലായ കാര്യങ്ങളും ഹാജരാക്കേണ്ടതുണ്ട്. ഇതെല്ലാം കഴിഞ്ഞാലും വിദഗ്ധസമിതിക്ക് ‘കാര്യങ്ങള്‍ ബോധ്യമായില്ലെങ്കില്‍’ അനുമതി നിഷേധിക്കാം. അങ്ങിനെയുള്ള അവസരങ്ങളില്‍ തീരുമാനം അനുകൂലമാകുന്നതിനുവേണ്ടി കോടതി ഇടപെടല്‍വരെ ഉണ്ടാകാറുണ്ട്. ഇതിനുശേഷം കമ്മറ്റിയുടെ ചെയര്മാന് തീയതി നിശ്ചയിച്ച് മറ്റ് അംഗങ്ങളെ അറിയിക്കും. കമ്മറ്റി കൂടി തീരുമാനമെടുത്തശേഷമാണ് ചികിത്സിക്കുന്ന ഡോക്ടര്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലേക്ക് കടക്കുക. ഇത്തരം നടപടികളെല്ലാം പൂര്‍ത്തിയാകുമ്പോഴേക്കും രോഗിയുടെ ജീവന്‍തന്നെ അപകടാവസ്ഥയിലായിട്ടുണ്ടാകും. മാസങ്ങള്‍ നീളുന്ന പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ രോഗിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നായിരിക്കും ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് പറയാനുണ്ടാവുക.
എന്നാല്‍ അവയവദാനത്തെക്കുറിച്ച് വേണ്ടത്ര അവബോധം പൊതുജനങ്ങള്ക്കില്ലാത്തതാണ് ആവശ്യക്കാര്‍ക്ക് വേഗത്തില്‍ അവയവം ലഭ്യമാകാത്തതിന് കാരണമെന്നാണ് മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പലപ്പോഴും കച്ചവടമുറപ്പിച്ചശേഷമാകും ദാതാവിനെ സേവനസന്നദ്ധനെന്ന രീതിയില്‍ എത്തിക്കുന്നതെന്നും അന്വേഷണത്തില്‍ ദാതാവിന് താന്‍ ആര്‍ക്കാണ് അവയവം നല്കുന്നതെന്നുപോലും അറിയാത്ത സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇത് അവസാനനിമിഷം ശസ്ത്രക്രിയ മാറ്റിവയ്ക്കാന്‍ തന്നെ കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: