മാഞ്ചസ്റ്റര്‍: സ്പാനിഷ് കരുത്തന്മാരായ ബാഴ്സലോണയെ വീഴത്തി പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ വിജയിച്ചത്. നൗകാമ്പില്‍ നടന്ന ആദ്യ പാദം 2-2ന് സമനിലയില്‍ പിരിഞ്ഞിരുന്നു.
ഇതോടെ ഇരുപാദങ്ങളിലുമായി 4-3ന്റെ ജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. രണ്ടാം പാദത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് യുണൈറ്റഡ് വിജയിച്ചത്. യുണൈറ്റഡിനുവേണ്ടി 47-ാം മിനിറ്റില്‍ ഫ്രെഡ്, പകരക്കാരനായി ഇറങ്ങി 73-ാം മിനിറ്റില്‍ ആന്റണി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബാഴ്സയുടെ ഗോള്‍ 18-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലെവന്‍ഡോവ്സ്കി നേടി.
കളിതുടങ്ങി 18-ാം മിനിറ്റില്‍ ബാഴ്സ മുന്നിലെത്തി. അലെസാന്ദ്രോ ബാല്‍ഡെയെ ബോക്സില്‍ അനാവശ്യമായി ഫൗള്‍ ചെയ്ത ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പ്രവൃത്തിയാണ് പെനാല്‍റ്റിക്ക് കാരണമായത്. കിക്കെടുത്ത റോബര്‍ട്ട് ലെവന്‍ഡോവ്സ്കി പന്ത് വലയിലെത്തിച്ചു. പിന്നാലെ മികച്ച നീക്കങ്ങളുമായി ബാഴ്സ കളംനിറഞ്ഞു. തുടര്‍ച്ചയായി അവര്‍ യുണൈറ്റഡ് ഗോള്‍മുഖം റെയ്ഡ് ചെയ്തെങ്കിലും ലക്ഷ്യം പിഴച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഡി ഹിയയുടെ ഒരു പിഴവില്‍ നിന്ന് രണ്ടാം ഗോള്‍ നേടാനുള്ള സുവര്‍ണാവസരം പക്ഷേ ബാഴ്സയ്ക്ക് മുതലാക്കാനായില്ല. ബ്രൂണോ ഫെര്‍ണാണ്ടസിന്റെയും സാഞ്ചോയുടെയും റാഷ്ഫോര്‍ഡിന്റെയും നേതൃത്വത്തില്‍ യുണൈറ്റഡും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ അവരുടെ സമനില ഗോള്‍ വിട്ടുനിന്നു.
രണ്ടാം പകുതിയില്‍ കോച്ച്, ആന്റണിയെ കളത്തിലിറക്കിയതോടെ യുണൈറ്റഡിന്റെ കളിമാറി. 47-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസ് വലയിലെത്തിച്ച് ഫ്രെഡ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. പിന്നാലെ 64-ാം മിനിറ്റില്‍ യൂള്‍സ് കുന്‍ഡെയുടെ ഗോളെന്നുറച്ച ഹെഡര്‍ തട്ടിയകറ്റി ഡി ഹിയ യുണൈറ്റഡിനെ രക്ഷിച്ചു. പിന്നാലെ 73-ാം മിനിറ്റില്‍ ഒരു കൂട്ട ആക്രമണത്തിനൊടുവില്‍ മികച്ചൊരു വോളിയിലൂടെ പന്ത് വലയിലെത്തിച്ച ആന്റണി യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു.
പിന്നാലെ സമനില ഗോളിനായി ബാഴ്സ കിണഞ്ഞ് ശ്രമിച്ചു. ഇന്‍ജുറി ടൈമില്‍ ലെവന്‍ഡോവ്സ്കിയുടെ ഒരു ഷോട്ട് റാഫേല്‍ വരാന്‍ ഗോള്‍ലൈനില്‍ വെച്ച് രക്ഷപ്പെടുത്തുകയും ചെയ്തതതോടെ ബാഴ്സ പരാജയം ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: