ദുബായ്: ഇന്ത്യയില്‍ നിന്നുള്ള മില്ലറ്റ് (ചെറുധാന്യം) കയറ്റുമതിക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികല്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്ട് ഡവലപ്പ്മെന്റ് അതോറിട്ടിയും (അപ്പേഡ) ലുലു ഗ്രൂപ്പും തമ്മില്‍ ധാരണയിലെത്തി. ദുബായില്‍ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രദര്‍ശനമായ ഗള്‍ഫുഡില്‍ വെച്ചാണ് തീരുമാനം.
അപ്പേഡ ചെയര്മാന് ഡോ. എം. അംഗമുത്തു, ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന് പുരി, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ അപ്പേഡ ഡയറക്ടര്‍ തരുണ്‍ ബജാജും ലുലു ഗ്രൂപ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വി.ഐ. സലീമും ധാരണയില്‍ ഒപ്പ് വെച്ചു.
ധാരണ പ്രകാരം മില്ലറ്റ് ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് ഗള്‍ഫ് നാടുകളിലേക്ക് കയറ്റുമതി ചെയ്യുകയും വിപണിയില്‍ എത്തിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ലുലു ഗ്രൂപ്പ് നടത്തും. മില്ലറ്റുകളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും റെഡി ടു ഈറ്റ് വിഭവങ്ങളും വനിതാ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, കാര്‍ഷിക കൂട്ടായ്മകള്‍ എന്നിവരില്‍ നിന്നുമാണ് മില്ലറ്റുകള് സംഭരിച്ച് കയറ്റുമതി ചെയ്യുക. ഇറക്കുമതി ചെയ്യുന്ന വിവിധ രാജ്യങ്ങളുടെ ആവശ്യകതയ്ക്ക് അനുസൃതമായി മില്ലറ്റ് ഉല്‍പ്പന്നങ്ങള്‍ ആധുനിക രീതിയില്‍ പാക്കിങ് ചെയ്യുന്നതിനുള്ള സഹായം അപ്പേഡ നല്‍കും
മില്ലറ്റിന്റെ ഉപയോഗം പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമാക്കുന്നതിനും വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ 2023 മില്ലറ്റ് വര്‍ഷമായി ആചരിക്കുകയാണ്. ആരോഗ്യ സംരക്ഷണത്തിന് ആളുകള്‍ക്കിടയില്‍ മില്ലറ്റിന് പ്രഥമസ്ഥാനമാണുള്ളത്. ഭക്ഷ്യാവശ്യങ്ങള്‍ക്കായി കൃഷി ചെയ്യുന്ന ധാന്യവിളകളില്‍ ഉള്‍പ്പെടുന്നവയാണ് മില്ലറ്റ് അല്ലെങ്കില്‍ ചെറുധാന്യങ്ങള്‍.
ഫോട്ടോ: മില്ലറ്റ് കയറ്റുമതിക്കുള്ള ധാരണാപത്രത്തില്‍ അപ്പേഡ ചെയര്മാന് ഡോ: എം. അംഗമുത്തു, ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ.അമന് പുരി, ലുലു ഗ്രൂപ്പ് ചെയര്മാന്, എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ അപ്പേഡ ഡയറക്ടര്‍ തരുണ്‍ ബജാജും ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ വി.ഐ. സലീമും ഒപ്പ് വെക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: