ന്യൂദല്‍ഹി: ഹൈഫ എന്ന തന്ത്രപ്രാധാന്യമുള്ള തുറമുഖം അദാനി ഗ്രൂപ്പിന് നല്‍കിയത് ഇസ്രയേലിന് ഇന്ത്യയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് അംബാസഡര്‍ നവോര്‍ ഗിലോണ്‍. അദാനി ഗ്രൂപ്പിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനവും നവോര്‍ ഗിലോണ്‍ തള്ളി. അദാനി ഗ്രൂപ്പ് ഇസ്രയേലുമായി കൂടുതല്‍ സംയുക്തസംരംഭങ്ങളിലേര്പ്പെടുന്നത് മോദി സര്‍ക്കാരിന് അദാനിയോടുള്ള കൂറിന്റെ ഭാഗമാണെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം നവോര്‍ ഗിലോണ്‍ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ 80 കമ്പനികളുമായി ഇസ്രയേലിന് പങ്കാളിത്തമുണ്ടെന്നും ടാറ്റ, കല്യാണി, ബിഇഎല്‍ തുടങ്ങി ഒട്ടേറെ കമ്പനികളുമായി ഇസ്രയേലിന് പങ്കാളിത്തബിസിനസുണ്ടെന്നും നവോര്‍ ഗിലോണ്‍ പറഞ്ഞു.
ഇസ്രയേലിന്റെ തന്ത്രപ്രാധാന്യമുള്ള സ്വത്താണ് ഹൈഫ തുറമുഖം. അദാനി ഗ്രൂപ്പിന്റെ പ്രധാന ബിസിനസാണ് തുറമുഖം. ഇസ്രയേല്‍ ആഗ്രഹിക്കുന്ന തുറമുഖമായി അതിന് മാറ്റാന്‍ അദാനിയ്ക്ക് കഴിവുണ്ട്. മാത്രമല്ല, ഇസ്രയേലില്‍ കൂടുതല്‍ പദ്ധതികളില്‍ അദാനി ഗ്രൂപ്പ് നിക്ഷേപമിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തെ ഒരു പ്രധാനതുറമുഖമാണ് ഇസ്രയേലിലെ ഹൈഫ തുറമുഖം. ഹിന്‍ഡന്‍ബര്‍ഗ് എന്ന അമേരിക്കന്‍ കമ്പനി അദാനി ഗ്രൂപ്പിനെ അടിമുടി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പുറത്തിറക്കി അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളുടെ വില കുറയുന്നതിനിടയിലാണ് ഇസ്രയേല്‍ അദാനി ഗ്രൂപ്പില്‍ വിശ്വാസമര്‍പ്പിച്ച് പരസ്യപ്രസ്താവന നടത്തിയതെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യ ഈ മേഖലയിലെ ഒരു സൂപ്പര്‍ പവറായി മാറിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ കൂട്ടുകാര്‍ ഒപ്പം വേണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുമായി ബിസിനസ് ചെയ്യാന്‍ നല്ല സുഖകരമാണ്. 120 കോടി ഡോളറാണ് അദാനിഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഒരു ബിസിനസ് കൂട്ടായ്മ ഹൈഫ തുറമുഖത്തില്‍ നിക്ഷേപിച്ചത്. ഭാവിയില്‍ ടെല്‍ അവീവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമബുദ്ധി) ലാബ് തുറക്കാന്‍ പോവുകയാണ് അദാനി. കൃഷിയില്‍ കൂടുതല്‍ മികവിന്റെ കേന്ദ്രങ്ങള്‍ തുറക്കും. ഹര്യാനയിലെ കര്‍ണാലില്‍ ഉടന്‍ ഒരു മികവിന്റെ കേന്ദ്രം തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: