തിരുവനന്തപുരം: മസ്കറ്റിൽ തൊഴില്‍ തട്ടിപ്പില്‍ അകപ്പെട്ട് ഒരു വര്‍ഷത്തോളം ദുരിതത്തിലായ യുവതികള്‍ക്ക് രക്ഷയുടെ വാതില്‍ തുറന്നത് മുന്‍ രാജ്യസഭാംഗം സുരേഷ് ഗോപി. കഴിഞ്ഞ ഒന്നര വര്‍ഷമായി തൊഴില്‍ തട്ടിപ്പിന്റെ ഇരകളായി മസ്കറ്റില്‍ ജീവിക്കുകയായിരുന്നു തിരുവനന്തപുരം സ്വദേശിനി ലത്തീഫയും കൊല്ലം സ്വദേശിനി സരസ്വതിയും. ഒടുവില്‍ സുരേഷ് ഗോപി നീട്ടിയ കാരുണ്യത്തിന്റെ തണലില്‍ ഇരുവരും ജന്മാനടണഞ്ഞു.
നാട്ടിലുള്ള ഒരു ഏജന്‍സി മുഖേനയാണ് ഒന്നര വര്‍ഷം മുൻപ് ഇരുവരും ജോലിക്കായി ദുബായിലേക്ക് പോയി.. എന്നാല്‍ ദുബായില്‍ നിന്ന് ഏജന്‍സി നിര്‍ദേശിച്ച വ്യക്തി മുഖേന മസ്കറ്റില്‍ എത്തി. ആദ്യ രണ്ടു മാസം കൃത്യമായി ശമ്പളം ലഭിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷത്തോളം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നു.
എന്നാല്‍ പണം ഒന്നിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ പരമാവധി പിടിച്ചുനിൽക്കുകയായിരുന്നു. അതിനിടെയാണ് ലത്തീഫയ്ക്ക് അസുഖം പിടിപെടുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും ഏജന്‍സി കൈപ്പറ്റിയ 2 ലക്ഷത്തിലധികം രൂപ നല്‍കാതെ പാസ്പോര്‍ട്ട് വിട്ടുതരാന്‍ കഴിയില്ലെന്നായിരുന്നു സ്പോണ്‍സറുടെ മറുപടി.
ഈ സമയത്താണ് പ്രവാസിയായ അനില്‍കുമാര്‍ വഴി ഇവര്‍ സുരേഷ് ഗോപിയെ ബന്ധപ്പെടുന്നത്. ഫോണില്‍ സംസാരിച്ചപ്പോള്‍ അടയ്ക്കാനുള്ള തുക നല്‍കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കി. പറഞ്ഞതുപോലെ രണ്ട് ലക്ഷം രൂപയും അയച്ചുകൊടുത്തു. ഉടനെ യുവതികളുടെ മോചനത്തിന് വഴിയൊരുങ്ങുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, അഡ്വ. സുരേഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജന്മനാട്ടില് മടങ്ങിയെത്തിയതില്‍ ആഹ്ളാദിക്കുമ്പോഴും ഇരുവരുടെയും മനസ്സില്‍ സുരേഷ് ഗോപിയോടുള്ള നന്ദി നിറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: