മലമ്പുഴ: വിനോദ സഞ്ചാരത്തിന്റെ വീമ്പുപറയുന്ന മലമ്പുഴയിലെ മരുതക്കോട്ട് ദുരിതജീവിതം നയിക്കുകയാണ് അഞ്ചു കുടുംബങ്ങള്‍. ഇറിഗേഷന്‍ വകുപ്പ് സഥലത്ത് ടിന് ഷീറ്റുകളും പ്ലാസ്റ്റിക് ഷീറ്റുകളും ഉപയോഗിച്ച് ഉണ്ടാക്കിയ കൂരകളിലാണ് ഏഴുവര്‍ഷത്തിലേറെയായി ഈ കുടുംബങ്ങള്‍ കഴിയുന്നത്. മഴ പെയ്താല്‍ മുഴുവന്‍ വെള്ളവും വീട്ടിനകത്താവും. ശുചിമുറികളില്ല. പഴന്തുണി മറച്ചുകെട്ടിയതാണ് കുളിമുറി.
ആനപ്പേടിമൂലം കണ്ണടയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയും. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വെളിമ്പ്രദേശങ്ങളെയാണ് ആശ്രയിക്കുന്നത്. പുലര്‍ച്ചെ ഇതിനായി പുറത്തിറങ്ങുമ്പോഴായിരിക്കും പലപ്പോഴും ആനകള്‍ പ്രത്യക്ഷപ്പെടുന്നത്. അതോടെ ജീവനും കൊണ്ടോടേണ്ട സ്ഥിതിയാണ്.
സര്‍ക്കാറിന്റെ ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ച് നല്‍കണമെന്ന ഇവരുടെ ആവശ്യവും അപേക്ഷയും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഓരോ തവണ അന്വേഷിക്കുമ്പോഴും അടുത്ത വര്‍ഷം പരിഗണിക്കുമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്.
കൂലിപ്പണിയും പുല്ലുവെട്ടും മറ്റുമായാണ് കവറ വിഭാഗത്തില്‍പ്പെട്ട ഇവര്‍ ജീവിതം തളളി നീക്കുന്നത്. പട്ടിണിയുടെയും പരിവട്ടത്തിന്റെയും കഥകളാണ് ഈ കുടുംബങ്ങള്‍ക്ക് പറയാനുള്ളത്. മാസത്തില്‍ അഞ്ചോ ആറോ ദിവസം മാത്രമാണ് പലര്‍ക്കും പണി കിട്ടുക. കുട്ടികളുള്‍പ്പെടെ മൂന്നും നാലും അംഗങ്ങളുളള കുടുംബങ്ങള്‍ ഈ വരുമാനം കൊണ്ടു വേണം കഴിഞ്ഞുകൂടാന്‍. ഇവിടേക്ക് നാലുമാസം മുമ്പ് മാത്രമാണ് കുടിവെളളം എത്തിയത്. റേഷന്‍ കാര്‍ഡില്ലാത്ത ഒരു കുടുംബവും വൈദ്യുതി കണക്ഷന് ഇല്ലാത്ത ഒരു കൂടുംബവും കൂട്ടത്തിലുണ്ട്.
കുട്ടികളുടെ പഠന ചെലവുള്‍പ്പടെ വഹിക്കാന്‍ നിര്‍വാഹമില്ലാതെ ദുരിതക്കയത്തില്‍ താഴുന്ന മരുതക്കോട്ടെ കുടുംബങ്ങള്‍ക്ക് എത്രയും പെട്ടെന്ന് ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭ്യമാക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: