പാലക്കാട്: ഏക്കര്‍ കണക്കിന് കൃഷി സ്ഥലങ്ങള്‍ ഭൂമാഫിയകള്‍ മണ്ണിട്ടു നികത്തുന്നത് വ്യാപകമാകുന്നു. പുതുശേരി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, 10, 11 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കണ്ണോട്, ചുള്ളിമട, പേട്ടക്കാട്, വാളയാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥലങ്ങളില്‍ പലതും ഇത്തരക്കാര്‍ മണ്ണിട്ടു നികത്തിയതായി പരാതിയുണ്ട്.
വര്‍ഷത്തില്‍ രണ്ടും മൂന്നും തവണ കൃഷിയിറക്കാറുള്ള വിരിപ്പുനിലങ്ങളാണിവ. അത്തരം സ്ഥലങ്ങളും പാടങ്ങങ്ങളും ഇല്ലാതാക്കുകയാണ് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് വന്‍കിട കെട്ടിട സമുച്ചയങ്ങളും മറ്റും നിര്‍മിക്കാന്‍ അനുമതി നല്‍കുന്നതിലൂടെ ചെയ്യുന്നതെന്നും ആരോപണങ്ങളുണ്ട്.
കൃഷിസ്ഥലങ്ങള്‍ കുറഞ്ഞ വിലയ്ക്കു കൈവശപ്പെടുത്തിയ ഭൂമാഫിയകളും ബിനാമികളും മണ്ണിട്ട് പ്ലോട്ടുകളാക്കി സ്ഥലങ്ങള്‍ ലക്ഷങ്ങള്‍ക്കു മറിച്ചു വില്പന നടത്തുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിട്ടുള്ളതാണ്. സാധാരണക്കാര്‍ വീട് കെട്ടുന്നതിനു നിലങ്ങള്‍ തരം മാറ്റിക്കിട്ടാന്‍ ഓഫീസുകള്‍ കയറിയിറങ്ങിയും മറ്റും വര്‍ഷങ്ങള്‍ കാത്തിരുന്നു മടുക്കുമ്പോഴാണ് ദിവസങ്ങളും ആഴ്ചകളും കൊണ്ട് ഭൂമാഫിയകള്‍ നിര്‍മാണ അനുമതി വാങ്ങിയെടുക്കുന്നത്.
റവന്യൂ, പഞ്ചായത്ത്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രാദേശിക രാഷ്ട്രീയ ഭരണസമിതി പ്രതിനിധികളുടെയും അറിവും ഒത്താശയും ഇതിനു പിന്നിലുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഭൂമാഫിയകളെ ഭയന്ന് ചുള്ളിമട കൊട്ടാമുട്ടി പരിസരങ്ങളിലെ പല കുടുംബങ്ങളും തമിഴ്നാട്ടിലേക്ക് കുടിയേറി തുടങ്ങിയതായും പറയുന്നുണ്ട്. ഈ പഞ്ചായത്തിലെ കൃഷിസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്ഷങ്ങള്‍ ചിലവഴിച്ചു വാങ്ങിയ ട്രാക്ടര്‍, കൊയ്ത്തുയന്ത്രം തുടങ്ങിയ കാര്‍ഷികോപകരണങ്ങള്‍ തുരുമ്പെടുത്തു നശിക്കാന്‍ തുടങ്ങിയതും (വാര്‍ത്ത ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു) പാടങ്ങള്‍ ഇല്ലാതാക്കാന്‍ അധികൃതര്‍ കൂട്ടുനിന്ന കാരണമാണെന്ന് കൃഷിക്കാരും കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: