മലമ്പുഴ: മാന്തുരുത്തിയില് അനധികൃതമായി വന്‍തോതില്‍ പ്ലാസ്റ്റിക് – റബ്ബര്‍ – വയര്‍ മാലിന്യം കത്തിക്കുന്നതായി പരാതി. കടുത്ത പുകശല്യത്തെ തുടര്‍ന്ന് ഇവിടെനിന്ന് പലരും വീടൊഴിയുന്നു. ആസ്തമപോലുള്ള രോഗങ്ങളെ ഭയന്ന് പലരും അനക്കല്ക്കാട്ടിലേക്ക് മാറിക്കഴിഞ്ഞു.
മലമ്പുഴ ചേമ്പനയിലെ ഐഎംഎയുടെ ഇന്‍സിനേറ്റര്‍ കഴിഞ്ഞ് 53 മാന്തുരിത്തി എന്ന സ്ഥലത്താണ് രാത്രികാലങ്ങളില്‍ മിനി വാനുകളിലാണ് പ്ലാസ്റ്റിക് മാലിന്യവും കേബിളുകളും മറ്റുമെത്തിച്ച് കത്തിക്കുന്നത്. ശ്വാസതടസം പോലുള്ള അസുഖങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പലവട്ടം അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടാകാത്തതിനാലാണ് എട്ടുപേരടങ്ങുന്ന രണ്ടുകുടുംബങ്ങള്‍ ഇവിടെയുള്ള സ്വന്തം വീട് ഉപേക്ഷിച്ച് താമസം മാറ്റിയത്. രാത്രി 12നും രണ്ടിനുമിടയിലാണ് മിക്ക ദിവസങ്ങളിലും മൂന്നും നാലും മിനി വാനുകളില്‍ പ്ലാസ്റ്റിക് മാലിന്യവും കേബിളുമൊക്കെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിച്ച് യാതൊരുവിധ സുരക്ഷാ നടപടികളും പാലിക്കാതെയാണ് കത്തിക്കുന്നത്.
വനഭൂമിയില്‍ അനധികൃതമായി വന്‍തോതില്‍ മാലിന്യം കത്തിക്കുന്നതിനെതിരെ ബിജെപി മലമ്പുഴ പഞ്ചായത്ത് കമ്മിറ്റി വനംവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ പരിശോധിച്ച് മടങ്ങുന്നതല്ലാതെ യാതൊരു നടപടിയും എടുക്കുന്നില്ല.
ചേമ്പനയിലെ ഒരു സ്വകാര്യവ്യക്തിയുടെ നേതൃത്വത്തിലാണ് മാലിന്യം കത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വനഭൂമിയില്‍ മാലിന്യം കത്തിക്കുന്നത് പലതവണ ശ്രദ്ധയില്‍പ്പെടുത്തുകയും രേഖമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടിയുണ്ടാകുന്നില്ല. വനംവകുപ്പ് അധികൃതരുടെ ഒത്താശകൂടി ഇതിനുണ്ടെന്ന സംശയം ബലപ്പെടുത്തുകയാണെന്നും പരാതികള്‍ ഉയരുന്നുണ്ട്. പ്ലാസ്റ്റിക്കും കേബിളുകളും റബ്ബര്‍ മാലിന്യവുമെല്ലാം വന്‍തോതില്‍ കത്തിക്കുന്നതിനാല്‍ ഇതിന്റെ പുകയും ദുര്‍ഗന്ധവും പകല്‍ സമയത്തും നീണ്ടുനില്ക്കുന്നുണ്ട്. മിക്കവാറും ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ട് മിനി വാനിലേറെ മാലിന്യം ഇവിടെ കത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വലിയ സ്വാധീനമുള്ള വ്യക്തിയാണ് മറ്റു ചിലരുടെ ഒത്താശയോടെ ഇതിന് നേതൃത്വം നല്‍കുന്നത്. അതിനാല്‍ത്തന്നെ പരസ്യമായി പ്രതിഷേധിക്കുവാനും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാനും നാട്ടുകാര്‍ ഭയപ്പെടുന്നു. മഹാരോഗം ഇടയാകുംവിധം വനഭൂമിയില്‍ അധിക്രമിച്ചുകടന്ന് മാലിന്യം കത്തിക്കുന്നതിനെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: