മലപ്പുറം: കരിപ്പൂരില്‍ പോലീസിന്റെ സ്വര്‍ണ്ണവേട്ട തുടരുന്നു. സ്വര്‍ണം കടത്താന്‍ പുതിയ മാര്‍ഗവുമായി ദുബായില്‍ നിന്നും സ്വര്‍ണ്ണ പാന്റും ബനിയനും അടിവസ്ത്രവും ധരിച്ചെത്തിയ വടകര സ്വദേശി മുഹമ്മദ് സഫുവാന്‍ (37) ആണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പോലീസിന്റെ പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് മൂല്യം ഏകദേശം ഒരു കോടിയോളം വരും.
ചൊവ്വാഴ്ച രാവിലെ 08.30 ന് ദുബായില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് സഫുവാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സഫുവാനെ പോലീസ് കസ്റ്റഡിയിലെടുത്തു. സഫുവാന്‍ ധരിച്ചിരുന്ന പാന്റ്‌സിലും ഇന്നര്‍ ബനിയനിലും അടിവസ്ത്രത്തിന്റെ ഉള്‍ഭാഗത്തായി സ്വര്‍ണ്ണ മിശ്രിതം തേച്ച് പിടിപ്പിച്ചിരുന്നു. സ്വര്‍ണ്ണ മിശ്രിതം അടങ്ങിയ വസ്ത്രത്തിന്റെ ഭാഗങ്ങള്‍ പ്രത്യേകം മുറിച്ച് മാറ്റിയ ശേഷം പരിശോധിച്ചപ്പോള്‍ 2.205 കിലോഗ്രാം തൂക്കം ആണ് രേഖപ്പെടുത്തിയത്.
വസ്ത്രത്തില്‍ നിന്നും കുറഞ്ഞത് 1.750 കിലോ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.7 കിലോ ഗ്രാം സ്വര്‍ണ്ണത്തിന് ഇന്നത്തെ മാര്‍ക്കറ്റ് റേറ്റനുസരിച്ച് ആഭ്യന്തര വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരും. ഈ വര്‍ഷം മാത്രം കരിപ്പൂര്‍ എയര്‍പോട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 12ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. ഇതിനകം 102 കേസുകള്‍ പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: