ന്യൂയോര്‍ക്ക്: പിതാവ് വീടിന് തീയിട്ടതിനെ തുടര്‍ന്ന് നിരാംലംബരരായ കുടുംബത്തിന് സഹായഹസ്തവുമായി എംപവര്‍ ഫൗണ്ടേഷന്. കോട്ടയം വൈക്കം കുലശേഖരമംഗലത്താണ് മദ്യാസക്തിയില്‍ രാജീവ് എന്നയാള്‍ സ്വന്തം വീടിന് തീയിട്ടത്. ഭാര്യയും മൂന്നു മക്കളും അതോടെ വഴിയാധാരമായി. ബി.എസ്സി രണ്ടാം വര്‍ഷവും പ്ലസ് വണ്ണും പഠിക്കുന്ന പെണ്‍കുട്ടികളുടേയും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയുടേയും പഠന സാമഗ്രഹികളോ വസ്ത്രമോ വീട്ടുപകരണങ്ങളോ യാതൊന്നും അവശേഷിച്ചിരുന്നില്ല. നല്ലവരായ നാട്ടുകാരുടെ പരിചരണത്തില്‍ അവര്‍ ആപത് ഘട്ടത്തില്‍ പിടിച്ചു നിന്നു.
സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ അമേരിക്കയില്‍ താമസിക്കുന്ന മലയാളികളായ വനിതകളുടെ കൂട്ടായ്മയായ ദി എംപവര്‍ ഫൗണ്ടേഷന് (ടെഫ്) ഇടപെടുകയും കുടുംബത്തെ ചേര്‍ത്തുപിടിക്കുകയുമായിരുന്നു. അംഗങ്ങളുടെ സഹകരണത്തോടെ ധനസമാഹരണം നടത്തി അമ്മയുടെയും പെണ്മക്കളുടേയും ബാങ്ക്അക്കൗണ്ടുകളിലേക്ക് നല്ലൊരു തുക അയച്ചുകൊടുത്തു.അമ്മയ്ക്കും മക്കള്‍ക്കും വസ്ത്രങ്ങള്‍, രേഖകള്‍, വീട്ടുപകരണങ്ങള്‍ മുതലായവ ലഭ്യമാക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തു. ടെഫിലെ മെന്റര്‍മാരായ ദേവി, ഗീത, സന്ധ്യ എന്നിവര്‍ വൈക്കത്തുള്ള വീട്ടിലെത്തി കുട്ടികളേയും കുടുംബത്തേയും സന്ദര്‍ശിച്ച് അവര്‍ക്കായി ശേഖരിച്ച വസ്തുക്കള്‍ കൈമാറി. രണ്ടു പെണ്‍കുട്ടികള്‍ക്കും വ്യക്തിപരവും വൈകാരികവുമായ സ്നേഹവും പിന്തുണയും നല്കി ആശ്വസിപ്പിക്കുകയും ചെയ്തു.
തങ്ങളുടെ സമ്പാദ്യത്തിന്റെ വിഹിതം സ്പോണ്‍സര്‍ഷിപ്പിലൂടെ നല്കി കേരളത്തിലെ അശരണരായ സ്ത്രീകളെ ശക്തരാക്കുക എന്ന ലക്ഷ്യത്തില്‍, പെണ്‍കുട്ടികളുടെ പഠനാവശ്യത്തിന് മുന്‍തൂക്കം നല്കി അവരെ സഹായിക്കുന്നതിനായി ആരംഭിച്ച സംഘടനയാണ് ദി എംപവര്‍ ഫൗണ്ടേഷന്. ഗീതാ സേതുമാധവന്, ദീത്താ നായര്‍സ ഡോ രജ്ഞിനിപിള്ള എന്നിവര്‍ ഡയറക്ടര്‍മാരായ സംഘടനയുടെ ആശയം ‘ ഒരുമിച്ച് ഞങ്ങള്‍ ചെയ്യും. നമ്മള് ഒരുമിച്ചാല്‍ അതിന് കഴിയും ‘ എന്നതാണ് . കുട്ടികള്‍ക്ക് അവരുടെ ഭാവി കരുപ്പിടിക്കുന്നതിനാവശ്യമായ പിന്തുണാ സംവിധാനം നല്കി അവരെ കാര്യപ്രാപ്തി യുള്ളവരാക്കുക , അതിലൂടെ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കുക എന്നതാണ് ദൗത്യമായി കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: