തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ പരിതാപകരമായ അവസ്ഥയെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും അന്വേഷിച്ച് ജസ്റ്റിസ് കെ.ടി. ശങ്കരന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് ഭക്തജനങ്ങളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ക്ഷേത്രങ്ങളില്‍ പൂജാദ്രവ്യങ്ങളായി ഉപയോഗിക്കുന്ന ചന്ദനത്തിനും കളഭത്തിനും എണ്ണയ്ക്കുമൊന്നും ഗുണനിലവാരമില്ലെന്നും, ഇവ ഭക്തര്‍ക്കും ഭഗവാനും ആപത്കരമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുഴുക്കാപ്പ്, കളഭച്ചാര്‍ത്ത് എന്നിങ്ങനെയുള്ള പവിത്രമായ ആരാധനാ വിധികള്‍ക്ക് ഉപയോഗിക്കുന്ന ചന്ദനം കേരളത്തിനു പുറത്ത് കൃത്രിമമായി ഉണ്ടാക്കുന്നതാണെന്നും, ഇതും രാസവസ്തുക്കള്‍ ചേര്‍ത്ത ഭസ്മവുമൊക്കെ വിഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുമെന്നും കമ്മിഷന് കണ്ടെത്തിയിരിക്കുന്നു. കൃത്രിമമായ ചന്ദനവും ഭസ്മവുമൊക്കെ തൊടുന്ന ഭക്തര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകും. നല്ലെണ്ണയ്ക്കു പകരം ഗുണനിലവാരമില്ലാത്ത വിളക്കെണ്ണ ഉപയോഗിക്കുന്നതുമൂലം ശാന്തി ചെയ്യുന്നവര്‍ക്ക് ശ്രീകോവിലിനുള്ളില്‍ ശ്വാസംമുട്ടുന്ന അവസ്ഥയാണെന്നും കമ്മിഷന് ചൂണ്ടിക്കാട്ടുന്നുണ്ട്. വനംവകുപ്പില്‍നിന്ന് വാങ്ങുന്ന ചന്ദനമാണ് പൂജയ്ക്കും മറ്റും ഉപയോഗിക്കേണ്ടതെന്നും, ചാണകത്തില്‍നിന്നുള്ള യഥാര്‍ത്ഥ ഭസ്മമാണ് വിതരണം ചെയ്യേണ്ടതെന്നും മഞ്ഞള്‍, രാമച്ചം, ചന്ദനം എന്നിവ പൊടിച്ച് ഭക്തര്‍ക്ക് പ്രസാദമായി നല്‍കണമെന്നുമുള്ള സ്വാഗതാര്‍ഹമായ നിര്‍ദ്ദേശങ്ങളും കമ്മിഷന് മുന്നോട്ടുവച്ചിട്ടുണ്ട്. ക്ഷേത്രങ്ങള്‍ പരിശുദ്ധമായ സങ്കേതങ്ങളാണ്. അവിടെയാണ് കാലങ്ങളായി ഇത്തരം കൃത്രിമങ്ങള്‍ നടക്കുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് കമ്മിഷന് നേരത്തെ തന്നെ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിശദമായ പരിശോധനയും പഠനവും നടത്തിയാണ് ഇപ്പോള്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ശരിവച്ച സുപ്രീംകോടതി മൂന്നംഗ ബഞ്ച് അത് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ക്രിയാത്മകമായ നടപടികള്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് ഭക്തര്‍ കരുതുന്നത്.
ദേവസ്വം ഭരിക്കുന്നവരുടെ അഴിമതിയാണ് ഭക്ത ജനങ്ങളുടെ വികാരത്തെ മുറിപ്പെടുത്തുകയും, അവരുടെ ആത്മാര്‍ത്ഥതയെ വഞ്ചിക്കുകയും ചെയ്യുന്ന നടപടികള്‍ക്ക് ഇടയാക്കുന്നത്. ചന്ദനമെന്നും ഭസ്മമെന്നുമൊക്കെ പറഞ്ഞ് വാങ്ങിക്കൂട്ടുന്ന രാസവസ്തുക്കള്‍ക്ക് വില തീരെ കുറവായിരിക്കും. എന്നാല്‍ ഇവയ്ക്ക് വലിയ തുകയായെന്നു കാണിച്ച് പണം തട്ടുകയാണ്. വിളക്കെണ്ണ എന്ന പേരില്‍ ഹോട്ടലുകളില്‍ മാംസം പൊരിക്കാന്‍ ഉപയോഗിച്ചതും, എഞ്ചിനോയില്‍ വരെയും ചില സ്വകാര്യ കമ്പനികളില്‍നിന്ന് ദേവസ്വം അധികൃതര്‍ വാങ്ങുന്നതായി ആക്ഷേപമുണ്ട്. എല്ലാവരും ചേര്‍ന്നുള്ള കൂട്ടുകച്ചവടമായതിനാലും, അഴിമതിയുടെ കൃത്യമായ വിഹിതം ലഭിക്കുന്നതിനാലും ആരും ഇതിനെക്കുറിച്ച് പുറത്തുപറയുകയോ പരാതി നല്‍കുകയോ ചെയ്യുന്നില്ല. ഈ ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവരും, ഇതിന് ഏതെങ്കിലും വിധത്തില്‍ കൂട്ടുനില്‍ക്കുന്നവരുമൊക്കെ ഇക്കാര്യത്തില്‍ ഉത്തരവാദികളും കുറ്റക്കാരുമാണ്. ആരാധനാ കാര്യങ്ങള്‍ക്കു പുറമേ ദേവസ്വംബോര്‍ഡിന്റെ മരാമത്തു വിഭാഗവും അഴിമതിയുടെ വിളനിലമാണെന്ന് കമ്മിഷന് വ്യക്തമാക്കിയിരിക്കുന്നു. നിര്‍മാണങ്ങള്‍ക്ക് നിലവാരമില്ലാത്തതും പല കെട്ടിടങ്ങളും സുരക്ഷിതമല്ലാത്തതും നിര്‍മാണങ്ങള്‍ ബോധപൂര്‍വം തകരാന്‍ അനുവദിക്കുന്നതുമൊക്കെ കമ്മിഷന് റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. മോശം അവസ്ഥകാരണം ബോര്‍ഡിന്റെ കല്യാണ മണ്ഡപങ്ങള്‍, ഹാളുകള്‍ എന്നിവ വാടകയ്ക്കെടുക്കാന്‍ ഭക്തര്‍ തയ്യാറാവാത്ത സ്ഥിതിയാണ്. സ്വകാര്യ വ്യക്തികളുമായി ഒത്തുകളിച്ച് അവര്‍ക്ക് പണമുണ്ടാക്കിക്കൊടുത്ത് വിഹിതം പറ്റുന്ന ജീവനക്കാര്‍ ഇതില്‍ കുറ്റക്കാരാണ്. ദേവസ്വം ബോര്‍ഡില്‍നിന്നും ശമ്പളം കൈപ്പറ്റി ക്ഷേത്രപരിപാലനത്തിനും ശുചീകരണത്തിനും തയ്യാറാവാത്ത ജീവനക്കാരെക്കുറിച്ചും കമ്മിഷന് പറയുന്നുണ്ട്. ഇതിനെക്കുറിച്ചൊക്കെ വിശദമായ അന്വേഷണം നടത്തി നടപടിയുണ്ടാവണമെന്ന ശുപാര്‍ശയും നല്കിയിരിക്കുന്നു.
ക്ഷേത്രങ്ങളില്‍ എന്തൊക്കെയാണ് നടക്കുന്നതെന്നും, എന്തുകൊണ്ട് ഇതൊക്കെ അനുവദിക്കപ്പെടുന്നു എന്നതും വളരെ വ്യക്തമാണ്. ദേവസ്വം ബോര്‍ഡുകളുടെ മറവില്‍ നിരീശ്വരവാദികളും സ്വാര്‍ത്ഥമതികളുമായ രാഷ്ട്രീയ-ഭരണ നേതൃത്വം ക്ഷേത്രങ്ങള്‍ കയ്യടക്കിവയ്ക്കുന്നതാണ് ഇതിന് കാരണം. ക്ഷേത്രത്തിനകത്ത് ക്ഷേത്രവിരുദ്ധമായി എന്തു നടന്നാലും ഇവര്‍ക്ക് പ്രശ്നമല്ല. അത്രയും അന്ധവിശ്വാസം കുറയുമെന്നാവും ഇവര്‍ കരുതുക. ഭക്തജനങ്ങളെ കബളിപ്പിക്കാന്‍ ഇടക്കൊക്കെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഇവര്‍ക്ക് എവിടെയാണ് ദേവീദേവന്മാര് ഉള്ളതെന്നുപോലും അറിയില്ല. എങ്ങനെ തൊഴണമെന്നും അറിയില്ല. തീര്‍ത്ഥവും പ്രസാദവുമൊക്കെ ഇവര്‍ക്ക് വര്‍ജ്യമാണ്. ക്ഷേത്ര വിരുദ്ധമായി എന്തെങ്കിലും പറയാനും ചെയ്യാനും അവസരം ലഭിച്ചാല്‍ ഇക്കൂട്ടര്‍ പ്രകടിപ്പിക്കുന്ന ആവേശം ഒന്നുവേറെ തന്നെയാണ്. ഇതൊക്കെ നെടുനാളായി കണ്ടിട്ടും കേട്ടിട്ടും ഭക്തജനങ്ങള്‍ പ്രകടിപ്പിക്കുന്ന നിസ്സംഗതയാണ് ഈ ക്ഷേത്രധ്വംസന നടപടികള്‍ തുടരാന്‍ മുഖ്യ കാരണം. ഇതിന് അന്ത്യം കുറിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് ജസ്റ്റിസ് കെ.ടി. ശങ്കരന് കമ്മിഷന് റിപ്പോര്‍ട്ട് പറയാതെ പറയുന്നത്. സുപ്രീംകോടതി അംഗീകരിച്ച റിപ്പോര്‍ട്ട് പറയുന്ന ഗുരുതരമായ കാര്യങ്ങളോട് ദേവസ്വം ബോര്‍ഡ് അധികൃതരും അവരുടെ യജമാനന്മാരും എന്ത് സമീപനം സ്വീകരിക്കുന്നു എന്നതാണ് പ്രസക്തം. പതിവുപോലെ അവര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുമോ? കോടതിയെ തൃപ്തിപ്പെടുത്താന്‍ ചടങ്ങിന് ചില കാര്യങ്ങള്‍ ചെയ്തെന്നിരിക്കും. മുന്‍കാലങ്ങളിലെ അനുഭവം ഇതാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭക്തരുടെ കാണിക്കപ്പണത്തില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വകമാറ്റിയത് കോടതി വിലക്കിയിട്ടും അതിനെ മറികടക്കാനാണല്ലോ ദേവസ്വം അധികൃതര്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: