എ.വിനോദ്
(ഭാരതീയ ഭാഷാ മഞ്ച് ദേശീയ ട്രസ്റ്റിയും ശിക്ഷാ ഉത്ഥാന്‍ ന്യാസ് ദേശീയ സഹസംയോജകനുമാണ് ലേഖകന്‍)
കഴിഞ്ഞ നൂറ്റാണ്ട് ഭാഷാധിനിവേശത്തിന്റെയും ഭാഷയുടെ അടിസ്ഥാനത്തിലുള്ള വിഘടന-വിഭജനവാദങ്ങളുടേയും കാലമായിരുന്നു. ഭാഷയെ കേവലം ആശയ സംവാദത്തിന്റെ ഉപാധി മാത്രമായി കാണാന്‍ കഴിയില്ല. അതിന്റെ പ്രത്യക്ഷ ചരിത്രമായിരുന്നു കഴിഞ്ഞ നൂറ്റാണ്ട്. അതിനെ തുടര്‍ന്ന് വിപരീത ഫലങ്ങള്‍ സൃഷ്ടിച്ചതായിരുന്നു കഴിഞ്ഞകാല അനുഭവങ്ങള്‍. ഭാഷയുടെ ഈ സ്വാധീനശക്തിയുടെ അടിസ്ഥാനം ഭാഷാ സംസ്ക്കാരത്തിന്റെ വാഹനവും സ്വാഭിമാനത്തിന്റെ പ്രതീകവും ഒപ്പം തന്നെ സ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷാനുഭവവുമാണെന്നതിനാലാണ്. ഒരു ജനതയുടെ സ്വത്വത്തെ മതത്തേക്കാള്‍ സ്വാധീനിക്കുന്നത് ഭാഷയാണെന്നതിന്റെ ഉദാഹരണമാണ് ലോകഭാഷാ ദിനാചരണത്തിന് കാരണമായ ബംഗ്ലാദേശിലെ ഭാഷാ പ്രക്ഷോഭം.
മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിലുള്ള ഏക ലോകക്രമം അഥവാ ഭാഷാ സാമാജ്യത്വ വാദം തകര്‍ന്നടിഞ്ഞിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങള്‍ ആഗോളീകരണത്തിന്റെ ഏറ്റവും വലിയ ചാലകശക്തിയായി കണ്ടത് ഭാഷയേയാണ്. അങ്ങിനെ ഒന്നുണ്ടൊ എന്നു പോലും സംശയിക്കുന്നവരുണ്ട് എന്ന് മറക്കുന്നില്ല. ഭാഷാ വൈവിധ്യത്തെയും സാംസ്ക്കാരിക ഏകതയെയും കുറിച്ചാണ് ഇന്ന് സാമൂഹ്യ ശാസ്ത്രജ്ഞരും ലോക നേതാക്കളും ചിന്തിക്കുന്നത്. ആ പരിവര്‍ത്തനത്തിന്റെ മാര്‍ഗ്ഗം വിദ്യാഭ്യാസം മാത്രമാണ് എന്നും മിക്കവാറും എല്ലാ ചിന്തകരും അംഗീകരിക്കുന്നു. അതു കൊണ്ട് തന്നെയായിരിക്കും ഈ വര്‍ഷത്തെ അന്താരാഷ്ട്ര മാതൃഭാഷാ ദിനാചരണത്തിന്റെ മുഖ്യ പ്രമേയമായി ബഹുഭാഷാ വിദ്യാഭ്യാസം എന്ന വിഷയം തെരഞ്ഞെടുത്തിരിക്കുന്നത്.
2008 മുതലാണ് ഐക്യരാഷ്ട്രസഭ ഫെബ്രുവരി 21 നെ വിശ്വമാതൃഭാഷാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ലോകത്തെ പ്രാദേശിക ഭാഷകളേയും സംസ്ക്കാരത്തേയും സംരക്ഷിക്കാനും മാതൃഭാഷയുടെ മഹത്വം ലോകത്ത് പ്രചരിപ്പിക്കാനുമാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ആധുനിക ലോക ചരിത്രത്തിലെ ഭാഷാ സ്വാതന്ത്ര്യത്തിനായുള്ള ബംഗ്ലാ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തെ അനുസ്മരിക്കണമെന്ന് 1999ല്‍ തന്നെ യുനസ്ക്കോ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഭാഷകള്‍ ഞൊടിയിടയില്‍ ഭൂമുഖത്തു നിന്ന് മറഞ്ഞു പൊയ്കൊണ്ടിരുന്ന ഒരു പതിറ്റാണ്ട് കാത്തു കിടക്കേണ്ടി വന്നു ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തിനായി.
വൈകിയാണെങ്കിലും വൈവിധ്യത്തെ അംഗീകരിക്കുന്ന, ആഘോഷിക്കുന്ന സമീപനത്തിന് ലോകത്ത് ഇന്ന് സ്വീകാര്യത കൂടിക്കൂടി വരികയാണ്. ഇത് തന്നെയാണ് ഭാരതീയ ചിന്തയുടെ വിശ്വമാനവും. വിശ്വ വേദികളില്‍, അത് ലോക നേതാക്കളുടെ സഭകളിലാണെങ്കിലും പ്രവാസി ഭാരതീയരുടെ മഹാസമ്മേളനങ്ങളിലാണെങ്കിലും നമ്മുടെ പ്രധാനമന്ത്രിയും മന്ത്രിമാരും ഇന്ന് പുനഃസ്ഥാപിച്ചിരിക്കുന്ന കീഴ്വഴക്കം ‘ലോകഭാഷ’ എന്നാല്‍ അധിനിവേശഭാഷകള് അല്ലെന്ന ചിന്തക്ക് ശക്തി പകര്‍ന്നിരിക്കുന്നു. കഴിഞ്ഞ ദിവസം ശാന്തസമുദ്രദ്വീപായ ഫിജിയില്‍ നടന്ന ലോക ഹിന്ദിസമ്മേളനത്തില് ഭാരതത്തിന് പുറത്തു നിന്ന് 40 ഓളം രാജ്യങ്ങളിലെ ഹിന്ദി പണ്ഡിതര്‍ സംബന്ധിച്ചു എന്നത് അധിനിവേശ ഭാഷകള്‍ അല്ല, അറിവു നല്കുന്ന ഭാഷകളാണ് ലോക ഭാഷകള്‍ എന്ന പ്രഖ്യാപനം കൂടിയായിരുന്നു.
നിത്യ ജീവിതത്തില്‍ വിവിധ ഭാഷകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ പോലും വിദ്യാഭ്യാസത്തിന് ഏകഭാഷ എന്ന സമീപനം നിലനിന്നു പോരുന്നു. മാത്രമല്ല ഭാഷാവൈവിധ്യം ഒരു വെല്ലുവിളിയായി കാണുകയും ചെയ്യുന്നു. എന്നാല്‍ ഒരു ഭാഷയില്‍ മാത്രം വിദ്യാഭ്യാസം നല്‍കുന്നത്, പ്രത്യേകിച്ചും കുട്ടികളുടെ മാതൃഭാഷയില്‍ അല്ലെങ്കില്‍ അത് കുട്ടിയുടെ സാമൂഹിക വൈകാരിക വളര്‍ച്ചയിലും സഹാനുഭൂതി, തൊഴില്‍ നൈപുണി തുടങ്ങി സംവാദനൈപുണ്യ വികസനത്തില്‍ പോലും വിപരീത ഫലങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഈ ശാസ്ത്ര സത്യത്തെ വലിയ വിഭാഗം, അതും അഭ്യസ്തവിദ്യരായ മധ്യവര്‍ത്തി സമൂഹം, കാണാതെ പോകുന്നു എന്നതാണ് ആശ്ചര്യം. അതായത് അടിച്ചേല്‍പ്പിക്കപ്പെടുന്ന ഏകഭാഷ ബോധനം പഠന മികവിനെ വിപരീതമായി സ്വാധീനിക്കുന്നു എന്ന് ലോകം മുഴുവന്‍ നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങള്‍ അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നു. നമ്മുടെ ദേശീയ വിദ്യാഭ്യാസ നയവും ഈ വസ്തുതകള്‍ കണക്കിലെടുത്താണ് പഠന മാധ്യമത്തെ കുറിച്ചും തൊഴില്‍ നൈപുണി വികസനത്തെ കുറിച്ചും വിദ്യാഭ്യാസ രംഗത്തെ വിവരവിനിമയ സാങ്കേതിക വിദ്യയെ കുറിച്ചും പ്രതിപാദിക്കുന്നത്.
ഭാഷാ വിഭജനവും വിവേചനവും സൃഷ്ടിക്കുന്ന വെല്ലുവിളിയെ തിരിച്ചറിഞ്ഞാണ് ഈ പതിറ്റാണ്ടിനെ തദ്ദേശീയ ഭാഷാ പതിറ്റാണ്ടായി പ്രഖ്യാപിക്കപ്പെട്ടത്. മാതൃഭാഷയില്‍ അധിഷ്ഠിതമായ ബഹുഭാഷാ വിദ്യാഭ്യാസത്തിലൂടെ വിദ്യാഭ്യാസ പരിവര്‍ത്തനം എന്നത് ഇന്നത്തെ ആഗോള സാഹചര്യത്തെ അഭിസംബോധന ചെയ്യേണ്ട അനിവാര്യമായ വസ്തുതയാണ്. ഇന്നത്തെ പഠനാന്തരീക്ഷം സാങ്കേതികവിദ്യയേയും നിര്‍മ്മിതി ബുദ്ധിയേയും സംയോജിതമായാണ് കാണുന്നത്. എന്നാലും 25 ശതമാനം കുട്ടികള്‍ ഇന്നും ഭാഷാപരമായ അന്തര്‍ സംഘര്‍ഷങ്ങള്‍ അനുഭവിച്ചു കൊണ്ടാണ് വിദ്യാഭ്യാസ പ്രക്രിയയിലൂടെ കടന്നുപോകുന്നത്. സ്വന്തം ഭാഷയില്‍ പഠിക്കാനുള്ള കുട്ടികളുടെ മൗലിക അവകാശത്തെ സംരക്ഷിക്കുന്നന് ഉറപ്പു നല്‍കുന്നതിനുള്ള ഉത്തരവാദിത്വം സര്‍ക്കാറുകളില്‍ നിക്ഷിപ്തമാണ്. സ്വന്തം ഭാഷയില്‍ വിദ്യാഭ്യാസം നേടാനുള്ള അവസരം മാത്രമല്ല, അതിന് അംഗീകാരവും അതിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ ചെയ്യാനുള്ള അവകാശവും ഉറപ്പുവരുത്താനും സര്‍ക്കാറുകള്‍ക്ക് ധാര്‍മികമായ ചുമതലയുണ്ട്. ‘അവൈലബിള്‍, അക്സെപ്റ്റബിള്‍, അസെസിബിള്, ആന്‍ഡ് അഡാപ്റ്റബിള്‍’ എന്നാണ് യൂനസ്കോ ബഹുഭാഷാ വിദ്യാഭ്യാസത്തെ കുറിച്ചും മാതൃഭാഷ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തെ കുറിച്ചും മുന്നോട്ടുവെക്കുന്ന ആശയം. ഇത് കേവലം ഒരു ഭാഷാ വിഷയത്തിനപ്പുറം വൈവിധ്യമാര്‍ന്ന ലോകത്തിലെ സാംസ്കാരിക തലത്തെ കൂടി ഉള്‍കൊള്ളുന്നതാണ്.
ഇത്തരം ആവശ്യങ്ങളെയും വെല്ലുവിളികളെയും അഭിസംബോധന ചെയ്യാന്‍ മാത്രമല്ല, മാതൃഭാഷയില്‍ അധിഷ്ഠിതമായ ബഹുഭാഷാ പഠനത്തെ അഥവാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കേണ്ടത്. ബഹുഭാഷാ വിദ്യാഭ്യാസം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യുന്നു. 21-ാം നൂറ്റാണ്ട് ആവശ്യപ്പെടുന്ന ബഹുമുഖമായ നൈപുണികതയും അത് വളര്‍ത്തുന്നു. സാമൂഹിക സാംസ്കാരിക വൈവിധ്യങ്ങളുടെ പ്രാധാന്യം അംഗീകരിക്കുന്നതിനാല്‍ പുതിയ ലോകക്രമം സൃഷ്ടിക്കേണ്ട വിശ്വമാനവന്റെ മുന്‍ ഉപാധിയായി വിദ്യാഭ്യാസം മാതൃഭാഷാബോധനത്തിലും ബഹുഭാഷാ പഠനത്തിലും ഊന്നിയുള്ളതായിരിക്കണം. പഠിതാവിന്റെ ജീവിതത്തെ പഠിക്കാനും പരസ്പരം മനസ്സിലാക്കാനും കുട്ടികള്‍ക്കിടയില്‍ സംവാദവും ഇടപെടലും വര്‍ദ്ധിപ്പിക്കാനും ബഹുഭാഷാ വിദ്യാഭ്യാസം ഏറെ സഹായകരമാകും എന്ന് വിവിധ അന്താരാഷ്ട വിദ്യാഭ്യാസ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു. വിദ്യാര്‍ഥികള്‍ തമ്മിലും വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലും പങ്കാളിത്തവും പ്രവര്‍ത്തനവും വര്‍ദ്ധിപ്പിക്കുന്നതിനും സ്ഥായിയായ വികസനത്തെ ത്വരിതപ്പെടുത്തുന്നതിനും പുതിയ അറിവുകളിലേക്കും സാംസ്കാരിക പശ്ചാത്തലത്തിലേക്കും നയിക്കുന്നതിനും തദ്ദേശീയ ഭാഷാ വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. ഇതുണ്ടാക്കുന്ന പരസ്പരാശ്രിതത്വവും സഹകരണവും വിശ്വശാന്തിയുടെയും സ്ഥായിയായ വികസനത്തിന്റെയും മുന്നുപാധികളായി നമുക്ക് കണക്കാക്കാം. പ്രാദേശിക തലം മുതല്‍ വിശ്വതലം വരെ വിവിധങ്ങളായ ഇടപെടലുകള്‍ക്ക് ഇത് സാഹചര്യമൊരുക്കും.
ബഹുഭാഷാ പഠനത്തിന്റെ സാധ്യത അപരിമേയമാണ്. എന്നാല്‍ ബഹുഭാഷാ വിദ്യാഭ്യാസത്തെ കുറിച്ചുള്ള കൃത്യമായ ധാരണക്കുറവ്, ഇത് അര്‍ത്ഥപൂര്‍ണ്ണമായി നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. വിദ്യാഭ്യാസ പരിവര്‍ത്തനം എന്നാല്‍ അറിവുകള്‍ കുത്തിനിറക്കലാണെന്ന കാഴ്ചപ്പാടില്‍ തന്നെ മാറ്റം വരുത്തണം. ഔപചാരികം അനൗപചാരികം ഔപചാരികമല്ലാത്ത വിദ്യാഭ്യാസങ്ങളിലെല്ലാം കുട്ടി സ്വന്തം പ്രതിഭയെ പുറത്തെടുത്ത് ജീവിത വിജയം നേടാനുള്ള മാര്‍ഗ്ഗദര്‍ശനമാണ് യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസം. അവിടെയാണ് തദ്ദേശീയ ഭാഷയിലും ബഹുഭാഷ ഉള്‍ക്കൊള്ളുന്നതുമായ വിദ്യാഭ്യാസം ഒരു വലിയ മുതല്‍ക്കൂട്ടായി മാറുന്നത്. ഇത്തരം വിദ്യാഭ്യാസ പരീക്ഷണങ്ങളുടെ വിജയിച്ച മാതൃകാപരമായ അനുഭവങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സമാഹരിച്ച് ഇന്നു നിലനില്‍ക്കുന്ന അബദ്ധധാരണകളെ നീക്കം ചെയ്യാന്‍ ഉപയോഗപ്പെടുത്തുന്നത് ഏറെ ആശ്വാസകരമായിരിക്കും. ഈ വിശ്വ മാതൃഭാഷാ ദിന പരിപാടിയുടെ ഏറ്റവും ശ്രദ്ധേയമായ കാല്‍വെപ്പ് അത്തരത്തിലുള്ള ബ്രഹ്ത് രേഖയുടെ പ്രസിദ്ധീകരണം കൂടിയാണ്.
ഈ വര്‍ഷത്തെ വിശ്വ മാതൃഭാഷാ ദിനത്തിന്റെ സന്ദേശമായി ‘ബഹുഭാഷാ വിദ്യാഭ്യാസം വിദ്യാഭ്യാസ പരിവര്‍ത്തനത്തിന്’ എന്നാണ് യുനെസ്കോ തീരുമാനിച്ചിരിക്കുന്നത്. ഇത് ബഹുഭാഷാ വിദ്യാഭ്യാസത്തിന്റെ ആവശ്യങ്ങളും അതിന്റെ ഗുണങ്ങളേ കുറിച്ചും വ്യാപകമായ ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കും. പ്രത്യേകിച്ചും വിദ്യാഭ്യാസത്തെ തദ്ദേശീയ ഭാഷയിലും അതേസമയം ബഹുഭാഷ അടിസ്ഥാനത്തിലും ആക്കുന്നതുകൊണ്ട് ഉണ്ടാകുന്ന വിവിധങ്ങളായ ഗുണങ്ങള്‍ പൊതുസമൂഹത്തിലും വിദ്യാഭ്യാസ നയ രൂപീകരണ വിദഗ്ധന്മാരുടെ ഇടയിലും ഭരണകര്‍ത്താക്കളിലും എത്തിക്കാന്‍ സാധിക്കണം. ശിശു വിദ്യാഭ്യാസം ഇന്ന് ലോകത്താകെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന്റെ തുടക്കം ശിശു വിദ്യാഭ്യാസം മുതല്‍ ബഹുഭാഷാ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും ഇന്ന് ഏറെ പ്രാധാന്യത്തോടുകൂടിയാണ് വിദ്യാഭ്യാസ ചിന്തകരും മനശാസ്ത്രജ്ഞരും സാമൂഹിക ചിന്തകരും പരിഗണിച്ചു കൊണ്ടിരിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ആഗോള പരിതസ്ഥിതിയില്‍ ബഹുഭാഷാ വിദ്യാഭ്യാസത്തിലൂടെ ഭാഷാ സമുദായങ്ങളെയും ചെറിയ ചെറിയ സംസ്കാരങ്ങളെയും പുനഃസ്ഥാപിക്കുകയും ലോകത്ത് ഒരു പുതിയ ലോകക്രമം സൃഷ്ടിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. മരണത്തിന്റെ വക്കിലെത്തിയതും നാമാവശേഷമായതുമായ പ്രാദേശിക ഭാഷകളെ സംരക്ഷിക്കാനും പുനര്‍ജ്ജീവിപ്പിക്കാനും ഒപ്പം തന്നെ ആധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടുകൂടി അവയെ സുശക്തമാക്കാനും വിജ്ഞാനത്തിന്റെ ഭാഷയാക്കി മാറ്റാനും ലോകത്ത് എല്ലാ ഭാഷാ സ്നേഹികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ആഗോള സുസ്ഥിരവികസന അജണ്ടയുടെ വിജയകരമായ ലക്ഷ്യപൂര്‍ത്തിക്ക് ബഹുഭാഷാ വിദ്യാഭ്യാസം, അതിന്റെ ഗുണം ഉള്‍ചേര്‍ക്കല്‍ എന്നീ കാര്യങ്ങള്‍ അധ്യാപകരിലും ഭരണകര്‍ത്താക്കളിലും നയ രൂപീകരണ വിദഗ്ധരിലും എത്തിക്കേണ്ടത് അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: