ജെറുസലെം: അദാനി ഗ്രൂപ്പുമായുള്ള ഹൈഫ തുറമുഖ പദ്ധതിയെ വാഴ്ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യഹു. ഈ തുറമുഖം ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ബന്ധം വലിയ തോതില്‍ മെച്ചപ്പെടുത്തുമെന്നും ബെഞ്ചമിന്‍ നെതന്യഹു പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള തിരിച്ചടിയില്‍ കഴിയുന്ന അദാനിയ്‌ക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു ഹൈഫ തുറമുഖകരാര്‍ ഒപ്പുവെയ്‌ക്കലും നെതന്യഹുവിന്റെ ഈ അഭിനന്ദനവും.
ഹൈഫ തുറമുഖം ഷിപ്പിംഗ് കണ്ടെയ്നറുടെ കാര്യത്തില്‍ ഇസ്രയേലിലെ രണ്ടാമത്തെ വലിയ തുറമുഖമാണ്. വിനോദസഞ്ചാര ക്രൂസ് കപ്പലുകളുടെ കാര്യമെടുത്താല്‍ ഇസ്രയേലിലെ ഏറ്റവും വലിയ തുറമുഖമാണ്.
“ഈ തുറമുഖം വലിയൊരു നാഴികക്കല്ലാണ്. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നാം ലോകമഹായുദ്ധ സമയത്ത് ഇന്ത്യന്‍ പട്ടാളക്കാരാണ് ഹൈഫ നഗരത്തെ മോചിപ്പിച്ചത്. ഇപ്പോള്‍ ഇന്ത്യയിലെ സമ്പന്നനായ നിക്ഷേപകന്‍ (അദാനി) ഹൈഫ തുറമുഖത്തെ വീണ്ടും മോചിപ്പിക്കാന്‍ സഹായിക്കുകയാണ്.” – കരാര്‍ ഒപ്പുവെച്ച ശേഷം വികാരാധീനനായി നെതന്യഹു പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇസ്രയേലും ഇന്ത്യയും തമ്മില്‍ റോഡ്, റെയില്‍, കടല്‍ ഗതാഗതം വര്‍ധിപ്പിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞിരുന്നു. അത് ഇന്ന് യാഥാര്‍ത്ഥ്യമായി- നെതന്യഹു പറഞ്ഞു. ഇനി അറേബ്യന്‍ ഉപദ്വീപ് ചുറ്റാതെ മെഡിറ്ററേനിയനിലും യൂറോപ്പിലും നേരിട്ട് ചരക്കെത്തിക്കാനാവും. ഇതോടെ ഈ മേഖല ചരക്ക് ഗതാഗതത്തിനുള്ള കേന്ദ്രബിന്ദുവായി മാറുമെന്നും നെതന്യഹു പറഞ്ഞു.
118 കോടി ഡോളറിന് അദാനി ഗ്രൂപ്പും പ്രത്യേക സാമ്പത്തിക മേഖലയും ഇസ്രയേലിലെ ഗഡോട്ട് ഗ്രൂപ്പും ചേര്‍ന്നാണ് ഹൈഫ തുറമുഖം സ്വകാര്യവല്‍ക്കരിക്കാനുള്ള കരാര്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: