അക്കാദമിക് രംഗത്ത് ദേശീയ ചിന്തയുടെ ശക്തനായ വക്താവായി ഉയര്‍ന്നുവരികയും, ആധികാരികമായ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തയാളായിരുന്നു ഡോ.ബി.എസ്. ഹരിശങ്കര്‍. ചരിത്രകാരനും പുരാവസ്തു ഗവേഷകനുമായിരുന്ന ഈ ചിന്തകന്റെ അകാല വേര്‍പാട് ദേശീയ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് വരുത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ബൗദ്ധിക വ്യവഹാരങ്ങളില്‍ മുഴങ്ങി കേള്‍ക്കുന്ന ബഹുസ്വരത എന്ന ആശയത്തെക്കുറിച്ചും, അതിന്റെ വിവിധങ്ങളായ പ്രത്യാഘാതങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത ഹരിശങ്കറിന്റെ ലേഖനത്തിന്റെ രണ്ടാം ഭാഗം. ലേഖനം ഇംഗ്ലീഷില്‍നിന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത് ആര്. ശശിധരന് പിള്ളയാണ്.
ഐക്യരാഷ്ട്രസഭയുടെ ഏഴാം സെക്രട്ടറി ജനറലായ കോഫി അന്നാന്, 2013 മെയ് 23 ന് ”ബഹുസ്വരത: 21-ാം നൂറ്റാണ്ടിന്റെ മര്‍മ്മ പ്രധാനമായ വെല്ലുവിളി” എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രഭാഷണത്തില്‍, വൈവിധ്യത്തെ ഒരു ശക്തിസ്രോതസ്സായി കണ്ടാല്‍ സമൂഹങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യകരവും കൂടുതല്‍ കെട്ടുറപ്പുള്ളതും കൂടുതല്‍ അഭിവൃദ്ധവും ആകാന്‍ കഴിയുമെന്ന് നിരീക്ഷിക്കുകയുണ്ടായി. ബഹുസ്വരത അനിവാര്യമായും ഉളവാക്കുന്ന പരസ്പര വിരുദ്ധങ്ങളായ സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നാം പരാജയപ്പെട്ടാല്‍ നാണയത്തിന് ഒരു മറുവശം കാണുമെന്ന് അന്നാന് ഊന്നിപ്പറയുകയുണ്ടായി. വൈവിധ്യം കൈകാര്യം ചെയ്യാന്‍ സ്ഥാപനങ്ങളും നയങ്ങളുമില്ലാതെ, പൂര്‍ണ സമൂഹങ്ങള്‍ക്ക് തങ്ങള്‍ പാര്ശ്വവല്കൃതരും അടിച്ചമര്‍ത്തപ്പെട്ടവരും ആണെന്നു തോന്നാമെന്നും അത് സംഘട്ടനത്തിന്റെയും ഹിംസയുടെയും സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. അതുകൊണ്ട് ബഹുസ്വരത എന്നത് 21-ാം നൂറ്റാണ്ടിനുള്ള മര്‍മ്മപ്രധാനമായ ഒരു വെല്ലുവിളിയാണ്. യൂറോപ്പില്‍, ബഹുസ്വരത നിലവില്‍ ഒരു ഭീഷണിയായാണ് കാണപ്പെടുന്നത്. ഫ്രഞ്ച് റിപ്പോര്‍ട്ടര്‍ അലക്സാണ്ടര്‍ മെന്‍ഡലിന്റെ അഭിപ്രായത്തില്‍ സാംസ്കാരിക ബഹുസ്വരത, യൂറോപ്യന്‍ സമൂഹങ്ങളുടെ പരസ്പര അകല്ച്ചയിലേക്കാണു നയിക്കുന്നത്. സാംസ്കാരിക ബഹുസ്വരതയുടെ പ്രമാണിവര്‍ഗ (Elite)നയങ്ങളും സംഘസ്വത്വ രാഷ്ട്രീയവും (group identity politics) പാശ്ചാത്യ പൈതൃകത്തിന്റെ അപനിര്‍മാണവും പാശ്ചാത്യ യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ തകര്‍ച്ചയ്ക്ക് വഴിതെളിക്കുകയും, സഹപൗരന്മാരുടെ പരസ്പര ഉത്തരവാദിത്വബോധം ദുര്‍ബ്ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലായിടത്തും, കെനന്‍ മാലിക് നിരീക്ഷതുപോലെ, സര്‍വ്വാശ്ലേഷിയായ അനന്തരഫലങ്ങള്‍ ഒരേപോലെയാണ്: ശിഥിലമായ സമൂഹങ്ങള്‍, അന്യവല്‍കൃത ന്യൂനപക്ഷങ്ങള്‍, ക്രോധാവിഷ്ടരായ പൗരജനങ്ങള്‍.
യൂറോപ്പില്‍ രൂപംകൊണ്ട സാംസ്കാരിക ബഹുസ്വരത പോലുള്ള ആശയങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഒരു പ്രവണത, ആഫ്രിക്കയിലും മൂന്നാം ലോക രാഷ്ട്രങ്ങളിലും ഉയര്‍ന്നുവരുന്നുണ്ട്. ഇതിനു കാരണം, ആ മേഖലയ്ക്ക് സവിശേഷമായുള്ള സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളാണ്. പാശ്ചാത്യ സിദ്ധാന്തങ്ങള്‍ കണ്ണുംപൂട്ടി സ്വീകരിക്കുന്നതില്‍, തങ്ങളുടെ സംസ്കാരത്തിനും സമൂഹത്തിനും ബൗദ്ധിക പാരമ്പര്യങ്ങള്‍ക്കും അപരിചിതമായതും പാശ്ചാത്യ ദേശത്തുനിന്നും ഇറക്കുമതി ചെയ്തതുമായ സിദ്ധാന്തങ്ങള്‍ ഒഴിയാബാധകളായിട്ടുള്ള മൂന്നാംലോക ബുദ്ധിജീവികളെ മലേഷ്യന്‍ അക്കാഡമീഷ്യനായ സെയ്ദ് ഹുസൈന് അലറ്റാസ് വിമര്‍ശിക്കുകയുണ്ടായി. ഇതേ കാരണത്താല്‍, 2011 ജൂണില്‍ പെനാംഗില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ക്ലോദ് അല്‍വാരിസ്, പാശ്ചാത്യ ബൗദ്ധിക പാരമ്പര്യത്തിന് അന്ധമായി കീഴടങ്ങുന്ന ഇന്ത്യന്‍ അക്കാദമിക് സമൂഹത്തെ വിമര്‍ശിച്ചു.
കുടിയേറ്റത്തിന്റെ പ്രശ്നങ്ങള്‍
മുഖ്യധാരാ സംയോജനം രൂപപ്പെടുത്താതെ, യൂറോപ്പ്, ക്രമാതീതമായ കുടിയേറ്റം അനുവദിക്കുകയുണ്ടായി-സാമൂഹിക കെട്ടുറപ്പിന് ഊനം വരുത്തുകയും ദേശീയ സ്വത്വങ്ങള്‍ക്കു തുരങ്കം വയ്ക്കുകയും പൊതുവിശ്വാസത്തെ തരംതാഴ്ത്തുകും ചെയ്ത ഒരു പൊരുത്തക്കേടായിരുന്നു ഇത്. ഭീകരതയായിരുന്നു ഇതിന്റെ ഫലം. ഭീകരത സംബന്ധിച്ചുള്ള യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക സ്ഥിതിവിവര കണക്കുകള്‍ (2017) നോക്കാം: ”2016 ല്‍ എട്ട് യൂറോപ്യന്‍ യൂണിയന് അംഗരാഷ്ട്രങ്ങള്‍, പരാജയപ്പെട്ടതും പരാജയപ്പെടുത്തിയതും പൂര്‍ത്തീകരിക്കപ്പെട്ടതുമായ മൊത്തം 142 ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ പകുതിയില്‍ കൂടുതലും (76) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് യുകെയില്‍ നിന്നാണ്. ഫ്രാന്‍സ് 23, ഇറ്റലി 17, സ്പെയിന് 10, ഗ്രീസ് 6, ജര്‍മനി 5, ബെല്‍ജിയം 4, നെതര്‍ലന്‍ഡ്സ് 1 എന്നിങ്ങനെയാണ് കണക്കുകള്‍. ഭീകരാക്രമണങ്ങളില്‍ 142 ഇരകള്‍ മരണമടയുകയും യൂറോപ്യന്‍ യൂണിയനില്‍ 379 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. 2016 ല്‍ 1002 പേരെ ഭീകരാക്രമണക്കുറ്റങ്ങള് ചുമത്തി അറസ്റ്റു ചെയ്തു.” 2015 നെ അപേക്ഷിച്ച് 2016 ല്‍ ഇടതുപക്ഷ ഭീകരവാദികള്‍ നടത്തിയ ആക്രമണങ്ങളുടെ എണ്ണം വര്‍ധിച്ചു. 27 ആക്രമണങ്ങള്‍ നടക്കുകയും യൂറോപ്യന്‍ യൂണിയന് അംഗരാഷ്ട്ര ഭരണാധികാരികള്‍ 31 പേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. ഇറ്റലിയും ഗ്രീസും സ്പെയിനും മാത്രമായിരുന്നു ഇടതുപക്ഷ-അരാജക-ഭീകരാക്രമണങ്ങള്‍ നേരിട്ടനുഭവിച്ച യൂറോപ്യന്‍ യൂണിയന് അംഗരാഷ്ട്രങ്ങള്‍.
യൂറോപ്യന്‍ യൂണിയന് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഭീകര പ്രവര്‍ത്തനങ്ങളുടെ ഏറ്റവും ദുരന്ത പൂര്‍ണമായ രൂപം ജിഹാദിസമാണ്; കാരണം, റിപ്പോര്‍ട്ടു ചെയ്യപ്പെട്ട മിക്കവാറും എല്ലാ മരണങ്ങളും, ആക്രമണത്തില്‍ ഹോമിക്കപ്പെട്ട ഭൂരിഭാഗം ഇരകളും ജിഹാദിസ്റ്റ് ഭീകരാക്രമണങ്ങളുടെ ദുരന്തഫലങ്ങളാണ്. കൂടുതല്‍ അറസ്റ്റുകളും ജിഹാദിസ്റ്റു ഭീകരതയുമായി ബന്ധപ്പെട്ടാണു നടന്നിട്ടുള്ളത്. ഇതിന്റെ എണ്ണം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കൂടുകയുണ്ടായി. യൂറോപ്പോളിലെ (Europol)യൂറോപ്യന്‍ ഭീകരവിരുദ്ധ കേന്ദ്രം, 2016 ല്‍ 127 ഭീകരവിരുദ്ധ അന്വേഷണങ്ങള്‍ക്ക് പിന്തുണ നല്കുകയുണ്ടായി: ഇത് അനുദിനം വളര്‍ന്നുവരുന്ന ജിഹാദിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ സൂചനയാണ്. ഗേറ്റ് സ്റ്റോണ്‍ ഇന്‍സ്റ്റിറ്റിയൂട്ട്, (ഇന്റര്‍നാഷണല്‍ പോളിസി കൗണ്‍സില്‍) 2017 ഒക്ടോബറിലെ റിപ്പോര്‍ട്ട് പ്രകാരം, ഒരു യാഥാസ്ഥിതിക കണക്കനുസരിച്ച്, ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആഴ്ചതോറും ഏകദേശം 100 പുതിയ ഇന്റര്‍നെറ്റ് വീഡിയോകള്‍ പുറത്തിറക്കുന്നുണ്ട്. ഇവ ഏറ്റവും കുറഞ്ഞത് പതിനായിരക്കണക്കിന് ഇന്റര്‍നെറ്റ് പ്രേക്ഷകരില്‍ എത്തുന്നുണ്ട്. ഇവയില്‍ ആളുകളെ വധിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങളും ബോംബുനിര്‍മാണ നിര്‍ദേശങ്ങളും ഉണ്ട്. ഇവരില്‍ കൂടുതല്‍ പേരും യുകെയില്‍ നിന്നുള്ളവരാണ്. ലണ്ടന്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ജ്യൂവിഷ് പോളിസി റിസര്‍ച്ച് നടത്തിയ ഒരു സര്‍വ്വേ പ്രകാരം, ബ്രിട്ടീഷ് മുസ്ലിങ്ങള്‍, സെമിറ്റിക് വിരുദ്ധ കാഴ്ചപ്പാടുകള്‍ ഏറ്റെടുക്കുന്നതില്‍ ഇരട്ടി സാധ്യതയുള്ളവരാണ്. ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ കഴിഞ്ഞ അക്കാഡമിക് വര്‍ഷം (2016/17), തീവ്രവാദ നിലപാടുകളുള്ള പ്രഭാഷകര്‍ പങ്കെടുത്ത 110 സമ്മേളനങ്ങള്‍ക്ക് ആതിഥ്യമരുളുകയുണ്ടായി-ഇവയില്‍ ഭൂരിഭാഗവും നടന്നത് ലണ്ടന്‍ സ്ഥാപനങ്ങളിലായിരുന്നു.
2014 ഏപ്രിലില്‍ റഷ്യന്‍ സാംസ്കാരിക മന്ത്രാലയം, ‘രാഷ്ട്രത്തിന്റെ സാംസ്കാരിക നയത്തിന്റെ അടിസ്ഥാന തത്വങ്ങള്‍’ എന്നു പേരിട്ട ഒരു പ്രബന്ധം പുറത്തിറക്കുകയുണ്ടായി. സാംസ്കാരിക നയത്തിന്റെ അടിസ്ഥാനം ‘റഷ്യ, യൂറോപ്പല്ല’ എന്ന ആശയം ആയിരിക്കണമെന്ന് ഇതിലെ ലേഖനകര്‍ത്താക്കള്‍ പ്രഖ്യാപിക്കുന്നു. പാശ്ചാത്യ ലിബറലിസത്തോടുള്ള കമ്പം ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത അവര്‍, സാംസ്കാരിക ബഹുസ്വരത, റഷ്യന്‍ സമൂഹത്തിന് അപകടകരമാണെന്ന് പ്രത്യേകമായി നിരീക്ഷിക്കുകയും, പരമ്പരാഗതമായ റഷ്യന്‍ മൂല്യങ്ങളോട് യോജിച്ചുപോകാത്ത പദ്ധതികള്‍ക്ക് രാഷ്ട്രത്തിന്റെ എല്ലാ പിന്തുണയും നിഷേധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ പ്രബന്ധം റഷ്യന്‍ ഫെഡറേഷന് സാംസ്കാരിക ഡെപ്യൂട്ടി മന്ത്രി വഌഡിമിര്‍ അരിസ്റ്റാര് ഹോവ ഒപ്പിട്ട് റഷ്യന്‍ ഫെഡറേഷന് പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്ട്രഷനു സമര്‍പ്പിച്ചു. 2016 മാര്‍ച്ചില്‍ റഷ്യയുടെ ഫെഡറല്‍ മൈഗ്രേഷന്‍ സര്‍വ്വീസ് തലവന്‍ കോണ്സ്റ്റാന്റിന് റോമോദനോവ്സ്കി, സാംസ്കാരിക ബഹുസ്വരത പരാജയമടഞ്ഞു എന്നു പ്രസ്താവിച്ചു. സാംസ്കാരിക ബഹുസ്വരതയ്ക്ക് യൂറോപ്പില്‍ യാതൊരു ഭാവിയുമില്ല, കാരണം, അത് തങ്ങളുടെ രൂഢമൂലമായ പാരമ്പര്യങ്ങളില്‍നിന്ന് വേര്‍പെട്ടുപോയ, ഭിന്നരുചിക്കാരായ ഒരു കൂട്ടം ആളുകളുടെ അപകടകരമായ ഒരു കൂട്ടായ്മ സൃഷ്ടിക്കുന്നു എന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് തലവന്‍ പാട്രിയാര്‍ക്ക് കിറില്‍ 2016 ല്‍ മുന്നറിയിപ്പ് നല്കി. ജനങ്ങള്‍ക്ക് തങ്ങളുടെ മൂല്യങ്ങളോടും പാരമ്പര്യങ്ങളോടുമുള്ള ബന്ധം ദുര്‍ബ്ബലമാക്കുകയാണ് സാംസ്കാരിക ബഹുസ്വരതകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍, അതു സ്വാഭാവികമായും അവരെ വിവേചനത്തിന്റെ ഇരകളാക്കുകയും പ്രതിരോധത്തിലാകാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. ഈ സമീപനം, അതില്‍തന്നെ, ഒരു വിച്ഛേദത്തിന്റെ, അതായത് കുടുംബത്തിന്റെ മൗലിക വിഭജനത്തിന്റെ വിപത്കരമായ സ്രോതസ് ഉള്‍ക്കൊള്ളുന്നു എന്നും പാട്രിയാര്‍ക്ക് പറയുകയുണ്ടായി.
പിഇഡബ്ല്യു ഗവേഷണ ഡേറ്റ അനുസരിച്ച്, സാംസ്കാരിക ബഹുസ്വരത, തങ്ങളുടെ നാടിനെ ഒന്നുകില്‍ ജീവിക്കാന്‍ കൂടുതല്‍ മോശപ്പെട്ട ഒരു സ്ഥലമാക്കി, അല്ലെങ്കില്‍ ഒരു മാറ്റവും വരുത്തിയില്ല എന്ന് അവരുടെ സര്‍വ്വേയ്ക്കു വിധേയരായ 10 ഇ.യു. രാജ്യങ്ങളിലെ 70% ജനങ്ങള്‍ അഭിപ്രായപ്പെട്ടു. ഗ്രീസില്‍ വര്ധനമാനമാകുന്ന വൈവിധ്യം, തങ്ങളുടെ രാജ്യത്തെ ജീവിക്കാന്‍ യോഗ്യമല്ലാതാക്കിയിരിക്കുന്നു എന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 63% പേര് പറഞ്ഞു. ഇറ്റലിയില്‍ 53% പേര് ഇതേ അഭിപ്രായക്കാരായിരുന്നു.
2011 ഫെബ്രുവരിയില്‍ മ്യൂണിച്ചില്‍ ഒരു സുരക്ഷാ സമ്മേളനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ക്യാമറൂണ്‍ സാംസ്കാരിക ബഹുസ്വരതയെ കടന്നാക്രമിച്ചുകൊണ്ട് അതിന്റെ തീവ്രവാദ പ്രത്യയശാസ്ത്രത്തെക്കുറിച്ചും ഇസ്ലാമിക ഭീകരതയെക്കുറിച്ചും മുന്നറിയിപ്പ് നല്കി. ഏതാനും വര്‍ഷം മുന്‍പ് 2006 ഡിസംബറില്‍ മുന്‍ പ്രധാനമന്ത്രി ബ്ലെയര്‍, ബ്രിട്ടീഷ് സ്വത്വത്തെ മുന്‍നിര്‍ത്തി വലിയൊരു പ്രസ്താന നടത്തുകയുണ്ടായി. ”നമ്മുടേതായ വ്യത്യസ്ത വിശ്വാസങ്ങളും വംശീയതകളും ധര്‍മ്മതത്വങ്ങളും നിലനിര്‍ത്താന്‍ നമുക്കവകാശമുണ്ട്. എന്നാല്‍ നമ്മളെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന പൊതുമൂല്യങ്ങളുമായി പൂര്‍ണമായി ഒത്തുപോകുന്ന തരത്തില്‍ ഏതു വ്യത്യാസം പ്രകടിപ്പിക്കാനും നമുക്ക് കടമയുമുണ്ട്. ” വിവിധ സാംസ്കാരിക പശ്ചാത്തലമുള്ള ജനങ്ങള്‍ സസന്തോഷം ഒരുമിച്ച് പാര്‍ക്കുന്നു എന്ന സാംസ്കാരിക ബഹുസ്വരതയുടേതായ ആശയം പ്രാവര്‍ത്തികമായില്ലെന്ന് 2010 ഒക്ടോബറില്‍ ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ പ്രസ്താവിച്ചു. സാംസ്കാരിക ബഹുസ്വരത, ഉദ്ഗ്രഥനത്തിലേക്കു നയിച്ചില്ലെന്നും അതു ഫ്രാന്‍സില്‍ പരാജയപ്പെട്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി 2011 ഫെബ്രുവരിയില്‍ സമ്മതിച്ചു. അദ്ദേഹം പറഞ്ഞു: ”നമ്മുടെ മുസ്ലിം സഹദേശീയര്ക്ക് മറ്റാരേയും പോലെ, തങ്ങളുടെ മതത്തില്‍ ജീവിക്കാനും മതാനുഷ്ഠാനങ്ങള്‍ നടത്താനും കഴിയണം. എന്നാല്‍ അതൊരു ‘ഫ്രഞ്ച് ഇസ്ലാം’ ആയിരിക്കുകയേ ഉള്ളൂ, വെറുമൊരു ‘ഫ്രാന്‍സിലെ ഇസ്ലാം’ ആയിരിക്കില്ല. സാംസ്കാരിക ബഹുസ്വരതയുടേതായ നയങ്ങള്‍, തങ്ങളുടെ രാജ്യങ്ങളില്‍ കുടിയേറ്റക്കാരുടെ വിജയകരമായ ഉദ്ഗ്രഥനത്തിനു സഹായകമായിട്ടില്ലെന്ന് ആസ്ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി ജോണ്‍ ഹോവാര്‍ഡും മുന്‍ സ്പാനിഷ് പ്രധാനമന്ത്രി ജോസ് മാരിയ അസ്നറും മനസ്സിലാക്കിയിരുന്നു.
സാംസ്കാരിക ബഹുസ്വരതയുടെ വിപത്തുകളെ എതിരിടുന്നതിന് ഒരു ദശാബ്ദം മുന്‍പുതന്നെ യൂറോപ്പില്‍ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതാന്‍ ആരംഭിക്കുകയുണ്ടായി. ബ്രിട്ടീഷ് ദേശീയ നേതൃത്വം വിദ്യാഭ്യാസത്തില്‍ സ്ഥാനം പിടിച്ചിട്ടില്ലായിരുന്നതിനാല്, അടിസ്ഥാനമൂല്യങ്ങള്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാനുള്ള പദ്ധതികള്‍ 2006 ല്‍ ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ബ്രിട്ടനോടെന്നതിനേക്കാള് തങ്ങളുടെ വംശീയവും മതപരവുമായ സ്വത്വങ്ങളോട് കൂറു പുലര്‍ത്തിയിരുന്ന ബ്രിട്ടീഷ് പൗരന്മാരാണ് കുപ്രസിദ്ധമായ ‘ലണ്ടന്‍ ബോംബുവര്‍ഷിക്കല്‍’ നടത്തിയത് എന്ന വസ്തുത ആവര്‍ത്തിച്ച് ശ്രദ്ധിക്കപ്പെട്ടു. വിജയകരമായ രീതിയില്‍ ചലനാത്മകവും എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ബ്രിട്ടീഷ് പൗരസ്വത്വത്തിന്റെ അഭാവം, മേല്‍പ്പറഞ്ഞ ദേശവിരുദ്ധ പ്രവണതകളുടെ കാരണമായി തിരിച്ചറിയപ്പെടുകയും ചെയ്തു. സാംസ്കാരിക ബഹുസ്വരതയ്ക്കുള്ള രാഷ്ട്രീയ പിന്തുണ, പാശ്ചാത്യ സമൂഹങ്ങളിലെ ഭീകരതാ അനുഭാവികളുടെ ഒരു ‘അഞ്ചാംപത്തി’ സൃഷ്ടിച്ചിരുന്നു എന്ന് മുന്‍ ‘യുകിപ്’ നേതാവ് നിഗില്‍ ഫരാജ് 2017 ല്‍ അവകാശപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: