കഴിഞ്ഞയാഴ്ചയില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് പോകാന്‍ അവസരമുണ്ടായി. മുമ്പ് തിരുനെല്ലിയിലും വൈക്കത്തും ദര്‍ശനത്തിന് പോയിരുന്നു. ഗുരുവായൂരില്‍ ആദ്യം പോയതും അവിടെ പ്രചാരകനായി ഒന്നര വര്‍ഷത്തിലേറെക്കാലം കഴിഞ്ഞതുമായ സ്മരണകള്‍ ഉണര്ന്നുവന്നതും ഇപ്പോള്‍ എഴുതുകയാണ്. ഗുരുവായൂര്കാലത്തെപ്പറ്റി ഈ പംക്തികളില്‍ പലതവണ വിവരിച്ചിട്ടുണ്ട്. എന്നാലും ഒരിക്കല്‍ക്കൂടി വിവരിക്കണമെന്നുതോന്നി.
1957 ലാണ് ആദ്യമവിടെയെത്തിയത്. പരമേശ്വര്‍ജിയാണ് വിഭാഗ് പ്രചാരകന്. ഞാന്‍ എറണാകുളം പത്മ ജംഗ്ഷനിലെ മാധവനിവാസ് എന്ന കാര്യാലയത്തിലെത്തി. പരമേശ്വര്‍ജി അവിടെ കാത്തിരുന്നു. രണ്ടുമൂന്നു ദിവസം അവിടെ താമസിച്ച് ഏതാനും ശാഖകളില്‍ പങ്കെടുത്ത് മുതിര്‍ന്നവരും അല്ലാത്തവരുമായ സ്വയംസേവകരെ പരിചയപ്പെട്ടു. അതിലൊരാള്‍ അനന്തപ്രഭുവാണ്. തൊണ്ണൂറു കഴിഞ്ഞ അദ്ദേഹം ഇപ്പോള്‍ അവശനായി കിടക്കുന്നു. ഐ.ഡി. മേനോന്, ഗുണഭട്ട് തുടങ്ങി പില്ക്കാലത്ത് അടുത്ത് ഇടപഴകാന്‍ കഴിഞ്ഞ പലരുമുണ്ട്. ഇന്നത്തെ എളമക്കര കാര്യാലയമിരിക്കുന്ന വളപ്പിന്റെ ഉടമ ജ്ഞാനസ്വാര് മറ്റൊരാളായിരുന്നു. രണ്ടു ദിവസം താമസിച്ചശേഷം പരമേശ്വര്‍ജി ഗുരുവായൂര്‍ക്കു പോയി. അവിടെയെത്തേണ്ട രീതി പറഞ്ഞുതന്ന് തൃശ്ശിവപേരൂര്‍ വണ്ടിയിറങ്ങിയാല് സ്റ്റേഷനില്‍തന്നെ ഗുരുവായൂര്‍ ബസ്സുണ്ടാവും. അതില്‍ കയറി ഇറങ്ങേണ്ടത് കൂട്ടുങ്ങല്‍ അങ്ങാടിയിലാണ്. കേരള സംസ്ഥാനം രൂപീകൃതമായി രണ്ടാഴ്ച തികഞ്ഞതേയുള്ളൂ. അതിന്റെ സംവിധാനങ്ങളുമായി പൊരുത്തപ്പെട്ടുവരുന്നതേയുള്ളൂ. ബസ്സില്‍ കയറി. 15 അണയാണ് (1/4 പൈസ) ടിക്കറ്റ് നിരക്ക്. അതു സാധാരണ നിരക്കിനേക്കാള്‍ കൂടുതലായിരുന്നു. യാത്രയില്‍ പൊന്നാനി താലൂക്ക് ഇടയ്ക്കു കയറി വരുന്ന രണ്ടുമൂന്നിടങ്ങളുണ്ട്. മലബാര്‍ മദ്യനിരോധന മേഖലയായതിനാല്‍ പരിശോധനയുമുണ്ടായിരുന്നു. കുന്നംകുളം കൊച്ചി രാജ്യമായിരുന്നു. ചാവക്കാട് മലബാറിന്റെ ഭാഗവും. തിരുകൊച്ചിയുടെ ഭാഗമായിരുന്നിടങ്ങളില് വൈദ്യുതിയുണ്ടായിരുന്നു. ചാവക്കാട്ട് പെട്രോമാക്സ്തന്നെ. ചാവക്കാട്, നാട്ടിക എന്നീ ഫര്‍ക്കകള്‍ ചേര്‍ത്ത് പുതിയ താലൂക്കാക്കി തൃശ്ശിവപേരൂര്‍ ജില്ലയോടു ചേര്‍ത്തു. ഗുരുവായൂരിലും വൈദ്യുതിയുണ്ടായിരുന്നില്ല. എന്നാല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളില്‍ ദേവസ്വം ജനറേറ്റര്‍ പ്രവര്‍ത്തിച്ചു. പക്ഷേ നാലമ്പലത്തില്‍ എണ്ണവിളക്കുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ചുറ്റുവിളക്ക് കത്തിച്ചുകഴിഞ്ഞാല് ദീപ്തമായിരുന്നു അകം.
കൂട്ടുങ്ങല്‍ ആണ് ചാവക്കാട് താലൂക്കിന്റെ ആസ്ഥാനം. അവിടെ അതിന്റെ ഏര്‍പ്പാടുകള്‍ ഒരുങ്ങിവരുന്നതേയുണ്ടായിരുന്നുള്ളൂ. ക്ഷേത്രത്തിനും ചിറകള്‍ക്കും ചുറ്റും ക്ഷേത്രവുമായി ബന്ധപ്പെട്ടവരുടെ വസതികളായിരുന്നു. ചാവക്കാടിനടുത്ത് ഒരുമനയൂരിലെ മണ്ടേഴത്ത് ഗോപാലകൃഷ്ണന്റെ വീട്ടിലാണ് പരമേശ്വര്‍ജി കൊണ്ടുപോയത്. അവിടെ നല്ല ഊര്‍ജസ്വലമായ ശാഖ നടന്നുവന്നു. പിറ്റേന്ന് ബ്ലാങ്ങാട്ട് കടപ്പുറം ശാഖയില്‍ പോയി. ശിവാജി ശാഖ എന്നായിരുന്നു പേര്. അതിനടുത്ത് കടപ്പുറത്തുതന്നെ രണ്ടു ശാഖകള്കൂടിയുണ്ടായിരുന്നു. മഴയായതിനാല്‍ അന്ന് അവിടത്തെ മണ്ഡപത്തിലായിരുന്നു ശാഖ.
ഗുരുവായൂരിലേക്കു ചാവക്കാട്ടുനിന്നും നടന്നാണ് പോയത്. നടന്നുപോകുമ്പോഴാണല്ലോ സ്ഥലവും ആളുകളുമൊക്കെ സുപരിചിതമാവുക. ചാവക്കാട്ടെ ബോര്‍ഡ് ഹൈസ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമായ സ്വയംസേവകരെ കാണുകയായിരുന്നു ആ നടപ്പിലെ ഗുണം. ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍, സ്വയംസേവകരായ വ്യാപാരികളും ഭക്ഷണശാലക്കാരും ധാരാളമുണ്ടായിരുന്നു. വാഞ്ചീശ്വരയ്യരും രാമസ്വാമിയും ചേര്‍ന്നു നടത്തിയിരുന്ന പലചരക്കുകട, കേശു എന്ന വി. കേശവന്‍നായരുടെ ജയകൃഷ്ണ കേഫ്, കൃഷ്ണന്‍നായരുടെ ചിത്രവ്യാപാരം എന്നിവ മുഖ്യമായിരുന്നു. എം.എ. കൃഷ്ണന്‍കുട്ടിയുടെ അനാതിക്കടയുമുണ്ട്. വാഞ്ചീശ്വരയ്യര്ക്കും കേശവന്‍നായര്‍ക്കും ഗുരുവായൂരിന്റെ മാത്രമല്ല ഗുരുവായൂരപ്പന്റെ ഭക്തരായ സകലരുടെയും ശ്രദ്ധയ്ക്കും കൃതജ്ഞതയ്ക്കും അര്‍ഹതയുണ്ട്. 1958-59 കാലത്ത് കേരളത്തിലെ മുഴുവന്‍ ഹിന്ദുക്കളെയും മുള്‍മുനയില്‍ നിര്‍ത്തിയ മണത്തല വിശ്വനാഥക്ഷേത്രോത്സവം എഴുന്നള്ളിപ്പ് കൊണ്ടുപോകുന്നതിനെ മതഭ്രാന്തര്‍ തടഞ്ഞ സംഭവമുണ്ടായല്ലോ. കൂട്ടുങ്ങല്‍ അങ്ങാടിക്കടുത്ത് പള്ളിക്കു മുമ്പിലൂടെ അതു കൊണ്ടുപോകുന്നതിനെ മുസ്ലിങ്ങള്‍ തടഞ്ഞതായിരുന്നു പ്രശ്നം. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മുസ്ലിം അനുകൂല നിലപാ
ടെടുത്തു. അവിടത്തെ റോഡ് പൊതുനിരത്തല്ല എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ നൂറ്റാണ്ടുകളായി പൊതുനിരത്താണെന്ന് ഹിന്ദുക്കള്‍ അവകാശപ്പെട്ടു. കേരള ഹൈക്കോടതിയില്‍ പ്രസ്തുത റോഡ് പൊതുനിരത്താണെന്നും, ഉത്സവാഘോഷം പോകാന്‍ പോലീസ് സംരക്ഷണം വേണമെന്നും ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയതു വാഞ്ചീശ്വരയ്യരായിരുന്നു. മമ്മിയൂര്‍ ശിവക്ഷേത്രത്തില്‍നിന്നും വിശ്വനാഥ ക്ഷേത്രത്തിലേക്കു ചന്ദ്രക്കല സമര്‍പ്പിക്കാന്‍ വ്രതമെടുത്തത് കേശവന്‍നായരും. കമ്യൂണിസ്റ്റ്-മുസ്ലിം കൂട്ടുകെട്ടിന് ആദ്യപ്രഹരം നല്‍കിയവരെ പരിചയപ്പെട്ടു.
ഗുരുവായൂരപ്പഭക്തരെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ അഗ്നിബാധ ഒരു പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു. ചുറ്റുവിളക്കില്‍നിന്ന് പടര്‍ന്ന് വിളക്കുമാടം മുഴുവന്‍ ആളിനില്‍ക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ മേല്‍ശാന്തിയും മറ്റു ചുമതലപ്പെട്ടവരും അന്തിച്ചുനിന്നപ്പോള്‍ അവരുടെ അനുമതി നേടി ശ്രീകോവിലിലേക്കു പാഞ്ഞുകയറി വിഗ്രഹം ഇളക്കിയെടുത്തു പുറത്തുകൊണ്ടുവന്ന് മേല്‍ശാന്തിയെ ഏല്‍പ്പിച്ചത് കേശു എന്ന കേശവന്‍നായരായിരുന്നു.
അന്ന് ഗുരുവായൂര്‍ വന്നാല്‍ സംഘത്തില്‍പ്പെട്ട എല്ലാവരും ഹാജര്‍ നല്കി വിവരമറിയിക്കുക കേശുവിന്റെയും വാഞ്ചീശ്വരയ്യരുടെയും അടുത്തായിരുന്നു. അന്നു പടിഞ്ഞാറെ നടയ്ക്കല്‍ നാരായണന്, കേശവന് എന്ന രണ്ടു വിദ്യാര്‍ഥികള്‍ നാരായണാലയം എന്ന മഠത്തില്‍ താമസിച്ചിരുന്നു. ഞാനും അവരോടൊപ്പംകൂടി. എറനാട്ടു താലൂക്കിലെ എടവണ്ണപ്പാറയില്‍ ചെറുവായൂര്‍ ചെറുവക്കാട്ടില്ലത്തെയാണവര്. അവരുടെ അച്ഛനു ക്ഷേത്രത്തില്‍ ചുമതലയുള്ളതിനാല്‍ അവിടെ താമസിച്ചു പഠിക്കുകയായിരുന്നു. ഏതാനും വര്‍ഷം മുമ്പുവരെ നാരായണനുമായി ബന്ധപ്പെടാറുണ്ടായിരുന്നു.
ബാരിസ്റ്റര്‍ നാരായണമേനോന് ഗുരുവായൂരിലെ ഏറെ ആദരണീയനായിരുന്നു. ബര്‍മ്മയുടെ (മ്യാന്മാര്) തലസ്ഥാനമായിരുന്ന റംഗൂണില്‍ അഭിഭാഷകനായിരുന്നു. 1942 ല്‍ ജപ്പാന്‍കാര്‍ (യാംഗോസ്) അവിടം ആക്രമിച്ചപ്പോള്‍ ജീവനുംെകാണ്ട് രക്ഷപ്പെട്ടവരില്‍ അദ്ദേഹവും പെട്ടു. അദ്ദേഹത്തിന്റെ അനുജന് എന്‍. രാഘവന് നേതാജി ബോസിന്റെ വലംകയ്യായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം അദ്ദേഹം പല രാജ്യങ്ങളിലും അംബാസഡറായി. നാരായണമേനോന് കേരളത്തിലെ ജനസംഘത്തിന്റെ ആദ്യകാലത്ത് സംസ്ഥാനാധ്യക്ഷനുമായിരുന്നു.
ഗുരുവായൂരിലെ ശാഖയില്‍ സജീവരായിരുന്ന ഒ.പി. ഗോപാലന്, ഒ.പി. കൃഷ്ണന്‍കുട്ടി എന്നിവരെയും സ്മരിക്കുന്നു. കൃഷ്ണന്‍കുട്ടിക്ക് ഐഎസ്ആര്‍ഒയില്‍ ഡ്രൈവര്‍ ജോലി കിട്ടി. തിരുവനന്തപുരത്ത് വളരെക്കാലം സംഘപ്രവര്ത്തനത്തിലുണ്ടായിരുന്നു. ഗോപാലന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു, ആര്ഡിഒവരെയെത്തി. ചാവക്കാട് താലൂക്കിന്റെ സംഘചാലകനുമായി.
ഗുരുവായൂര്‍ ശാഖയിലെ വേണു എന്ന സ്വയംസേവകന് 58 ല്‍ എറണാകുളത്ത് ഗുരുജിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നു. അയാളുടെ സഹോദരി കൊച്ചിയിലുണ്ടെന്നും പരിപാടി കഴിഞ്ഞ് അവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും പറഞ്ഞിരുന്നു. കൊച്ചിയിലെ ഒരു സ്വയംസേവകന് വഴി അതു സാധിച്ചു. 2019 ല്‍ അയാള്‍ എന്റെ നമ്പര്‍ സമ്പാദിച്ചു ബന്ധം പുതുക്കി. പ്രാന്തകാര്യാലയത്തില്‍ ബൈഠക്കിനു പോയപ്പോള്‍ അയാളെ അറിയിച്ചതനുസരിച്ച് വരികയും മട്ടാഞ്ചേരിയിലെ വീട്ടില്‍ കൊണ്ടുപോകുകയും ചെയ്തു. സമര്‍ഥനായ അരിക്കച്ചവടക്കാരനാണദ്ദേഹം. അറുപതുവര്‍ഷത്തെ വര്‍ത്തമാനങ്ങള്‍ പറയാനുണ്ടായിരുന്നു. കുടുംബവും നല്ല വായനയും പ്രബുദ്ധതയുമുള്ളവര്തന്നെ.
ഗുരുവായൂരിലെ എണ്ണമറ്റ സ്വയംസേവകരെയും സംഘബന്ധുക്കളെയും കാണാതെയും ബന്ധം പുതുക്കാതെയുമായിരുന്നു ഇക്കുറിയത്തെ യാത്ര. ഫോട്ടോ ബാലേട്ടന്റെ മകള്‍ നിവേദിത ബിജെപി സംസ്ഥാനതല നേതൃത്വത്തിലുണ്ട്. അതുകൊണ്ടുതന്നെ അവര്‍ അന്നു തലസ്ഥാനത്തായിരുന്നു. എന്നാലും ക്ഷേത്രദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ അവര്‍ ഏര്‍പ്പെടുത്തിയിരുന്നു. പഴയ സൗഹൃദങ്ങളില്‍ ഒന്നുപോലും പുതുക്കാനാവാതെ തികച്ചും സ്വകാര്യമായ ആ യാത്രയില്‍ ‘സംഘപഥം’ കഷ്ടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: