ജീവിതാനുഭവങ്ങളുടെ വിശാല വിഹായസ്സില്‍ കണ്‍ചിമ്മിത്തുറക്കുന്ന അനേകകോടി സ്മൃതി നക്ഷത്രങ്ങള്‍ക്കിടയില്‍ തെളിഞ്ഞ ആയിരം പൂര്‍ണ ചന്ദ്രന്മാരെ ദര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ച പുണ്യ ജാതകം. ദീനാനുകമ്പയ്‌ക്ക് ഒരു മുഖം കല്‍പ്പിച്ചുകൊടുക്കാന്‍ പറ്റുമെങ്കില്‍ എന്റെ മനസ്സില്‍ അത് എന്റെ ജ്യേഷ്ഠ സഹോദര തുല്യനായ മേനോന്‍ സാറിന്റെ മുഖമാണ്. വ്യാപാര ലോകത്തെ ഗണിത ഭാഷകളോടും ക്രിയകളോടും തന്റെ കര്‍മ മണ്ഡലത്തില്‍ സ്ഥിരം സംവദിക്കുന്ന ഒരു ജീവിതക്രമത്തിനിടയില്‍ മാനുഷിക മൂല്യങ്ങളോടും നിഷ്‌കാമ കര്‍മങ്ങളോടുമൊപ്പം സേവനനിരതമായി നിലകൊള്ളാനും മാനവസേവയുടെ സ്പന്ദനങ്ങള്‍ ഹൃദയത്തില്‍ ആവാഹിക്കാനും എന്നും ശ്രദ്ധ ചെലുത്തിയ ഒരു കര്‍മ്മയോഗിയാണ് മേനോന്‍ സാര്‍.
കേരളത്തിലെ അറിയപ്പെടുന്ന, തിരക്കേറിയ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റായിട്ടു കൂടി തന്റെ ഔദ്യോഗികജീവിതം ‘ആറ്റിക്കുറുക്കിയ സാംഖ്യ ഭാഷയോട്’ മാത്രം സംവദിച്ച് തന്റേതായ തൊഴില്‍ മേഖലയുടെ പരിമിതിയില്‍ ഒതുങ്ങിക്കൂടാന്‍ കര്‍മനിരതമായ ആ വ്യക്തിത്വത്തിന് ഒരിക്കലും സാധിക്കുമായിരുന്നില്ല. ആലുവ പട്ടണത്തിലെ സാധാരണക്കാരനായ തൊഴിലാളി മുതല്‍ മലയാളത്തിന്റെ പ്രമുഖ സിനിമാ സൂപ്പര്‍സ്റ്റാര്‍ വരെയുള്ള സൗഹൃദവലയം ഉണ്ടെന്നതിലുപരി അവയെ സമഭാവത്തോടെ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ചാതുരി എടുത്തു പറയാതെ വയ്യ. വ്യക്തി ജീവിതത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും എന്നെ ഏറെ സ്വാധീനിച്ച പ്രതിഭയാണ് മേനോന്‍ സാര്‍ എന്ന ബാലന്‍ മേനോന്‍.
റോബിന്‍ ശര്‍മ്മയുടേയോ നോര്‍മാന്‍ വിന്‍സന്റ് പീലിന്റെയോ ജേംസ് ക്ലീയറിന്റെയോ ജെഫ് കെല്ലറിന്റെയോ ജേ ഷെട്ടിയുടെയോ ഒക്കെ പുസ്തകങ്ങള്‍ പലവുരു വായിക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ഉള്‍ക്കാഴ്ച നല്‍കുന്നതാണ് മേനോന്‍ സാറിനൊപ്പം ചെലവഴിക്കുന്ന സമയം. 2004 ല്‍ ഞാന്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സഹപ്രാന്ത സംഘ ചാലക് ആകുന്നതില്‍പ്പിന്നെയാണ് മേനോന്‍ സാറുമായി കൂടുതല്‍ അടുത്തിടപഴകുന്നത്. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അദ്ദേഹത്തോടൊപ്പം പല ദൂരയാത്രകളും ചെയ്യാനുള്ള അസുലഭാവസരം എനിക്ക് ലഭിച്ചിരുന്നു.
എവിടെയായാലും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് പൂജകളടക്കമുള്ള പ്രഭാത കര്‍മങ്ങളില്‍ അദ്ദേഹം വ്യാപൃതനാകും. മിത ഭാഷിയായ അദ്ദേഹം കേരള പ്രാന്ത സംഘചാലക് ആയി പ്രവര്‍ത്തിക്കുന്ന അവസരത്തില്‍ തനിക്കു മുന്നില്‍ പല പ്രശ്‌നങ്ങളുമായി എത്തുന്ന സ്വയംസേവകരടക്കമുള്ള എല്ലാവര്‍ക്കും പറയാനുള്ളതെന്തും സശ്രദ്ധം കേള്‍ക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് സാധ്യമായതില്‍വച്ച് ഏറ്റവും മെച്ചപ്പെട്ടതും തികച്ചും പ്രായോഗികമായതുമായ ഒരു പരിഹാരം ഉടന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതില്‍ അസാമാന്യമായ പാടവം പ്രദര്‍ശിപ്പിച്ചിരുന്നു. തന്റെ ദൈനംദിന ജീവിതത്തില്‍ സംഘശൈലിക്കനുസരിച്ചുള്ള ജീവിതം നയിച്ചുകൊണ്ടും, സംഘം ഒരു ജീവിത പദ്ധതികൂടിയാണെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുന്ന രീതിയുമാണ് അദ്ദേഹത്തിന്റേത്. മികച്ച സംഘാടകനായിരുന്ന അദ്ദേഹം തകര്‍ച്ചയിലേക്ക് നീങ്ങിയിരുന്ന ഒരു നിധി കമ്പനി ഏറ്റെടുക്കുയും അത് ഇന്ന് നാം കാണുന്ന ‘കെപിബി നിധി ലിമിറ്റഡ്’ എന്ന വടവൃക്ഷമാക്കി വളര്‍ത്തിയെടുക്കുകയും ചെയ്തതില്‍ വഹിച്ച പങ്ക് നിസ്തുലമാണ്.
അദ്ദേഹത്തിന്റെ മസ്തിഷ്‌ക സന്താനമായ പ്രസ്തുത സ്ഥാപനത്തില്‍ ഏറെക്കാലം ഡയറക്ടറായി ചുമതല വഹിക്കാന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ജീവിതത്തില്‍ അടിമുടി സ്വയംസേവകനായി നിലകൊള്ളുന്ന അദ്ദേഹത്തെ, ഈ അടുത്ത ഒരു സായാഹ്നത്തില്‍ ഞാനും മാന്യ സേതുവേട്ടനും സന്ദര്‍ശിക്കുകയുണ്ടായി. പല കാര്യങ്ങളും സംസാരിച്ചിരിക്കവേ ആറുമണിയുടെ സൈറണ്‍ അടിച്ചപ്പോള്‍ അദ്ദേഹം ബദ്ധപ്പെട്ട് ചാടിയെഴുന്നേറ്റു. ഞാനു സേതുവേട്ടനും ഒന്നു പരിഭ്രമിച്ചു. അപ്പോഴേക്കും മേനോന്‍ സാര്‍ പ്രാര്‍ത്ഥനാസ്ഥിതിയില്‍ നില്‍ക്കുന്നു, ”നമസ്‌തേ സദാ വത്സലേ മാതൃഭൂമേ…” അത് അദ്ദേഹത്തിന്റെ ഒരു ദിനചര്യയാണ്. എന്റെ സംഘ ജീവിതത്തില്‍ വലംകൈ നെഞ്ചോട് ചേര്‍ത്ത് ഉറച്ച ശബ്ദത്തില്‍ സംഘപ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തതും ഏറ്റു ചൊല്ലിയതുമായ എത്രയോ സായാഹ്നങ്ങളുണ്ടായിരുന്നെങ്കിലും ആ സായന്തനത്തില്‍ മേനോന്‍ സാര്‍ ചൊല്ലിത്തന്ന സംഘ പ്രാര്‍ത്ഥന അദ്ദേഹത്തിന്റെ വീടിനകത്ത് സേതുവേട്ടനോടൊപ്പം ഏറ്റുചൊല്ലുമ്പോള്‍ ഉള്‍പ്പുളകത്തോടെ ഒരു കാര്യം ഞാന്‍ തിരിച്ചറിഞ്ഞു. മേനോന്‍ സാറിനെപ്പോലുള്ള സ്വയംസേവകര്‍ ജീവിക്കുന്ന എന്റെ രാഷ്‌ട്രത്തിന്റെ പരം വൈഭവം എന്നത് കേവലം സംഘ ആശയമല്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. എളിയ ചുവടുവയ്‌പ്പുകളുമായി ഞാനടക്കമുള്ള സ്വയംസേവകര്‍ യാഥാര്‍ത്ഥ്യബോധത്തോടെ അതിലേക്കുള്ള പ്രയാണത്തിലാണ്.
അഡ്വ. കെ.കെ. ബാലറാം (പ്രാന്തസംഘചാലക്, രാഷ്‌ട്രീയ സ്വയംസേവക സംഘം. ഫോ.9847010036)
പ്രതികരിക്കാൻ ഇവിടെ എഴുതുക: