രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെമുൻ പ്രാന്തസംഘചാലകും പ്രശസ്ത ചാർട്ടേർഡ് അക്കൗണ്ടന്റുമായ ( മാനേജിംഗ് പാർട്ട്ണർ, ബാലൻ & കമ്പനി) ആദരണീയനായ ശ്രീ.പി. ഈ ബി മേനോൻ സാർ ഇന്ന് ശതാഭിഷിക്തനാവുകയാണ്. കഴിഞ്ഞ 25 വർഷമായി മേനോൻ സാറിനെ പരിചയമുള്ള എനിക്ക് ഒന്നരപതിറ്റാണ്ടോളം ഒരുമിച്ച് പ്രവർത്തിക്കാനും ഭാഗ്യമുണ്ടായി. സ്വർഗീയ മാധവ്ജിയിലൂടെ സംഘപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട മേനോൻ സാറിന്റെ ജീവിതം ഓരോ സ്വയംസേവകനും മാതൃകയാണ്. സംഘസമർപ്പിതമാണ് അദ്ദേഹത്തിന്റെ ജീവിതം. എന്റെ അധ്യാത്മിക ഗുരു മാധവ്ജിയും സാമൂഹ്യ ഗുരു ഭഗവധ്വജവുമാണ് ( സംഘം) എന്ന്ശ്രീവിദ്യാ ഉപാസകൻ കൂടിയായ മേനോൻ സാർ പറയാറുണ്ട്.
തന്റെ കുടുംബ ജീവിതവും തിരക്കിട്ട ഔദ്യോഗിക ജീവിതവും സംഘത്തിന്റെ പ്രവർത്തനത്തിന് പ്രാമുഖ്യം നൽകുന്ന തരത്തിൽ അദ്ദേഹം ചിട്ടപ്പെടുത്തി. ക്ഷേത്രസംരക്ഷണ സമിതിയിലൂടെ സംഘത്തിലെത്തിയ മേനോൻ സാർ തുടർന്ന് സംഘത്തിന്റെ താലൂക്ക് ജില്ല വിഭാഗ് സംഘചാലകായി പ്രവത്തിച്ചതിനുശേഷമാണ് രണ്ട് പതിറ്റാണ്ടോളം കേരള പ്രാന്ത സംഘചാലകായി പ്രസ്ഥാനത്തിന് മാർഗനിർദേശം നൽകിയത്. ജില്ല സംഘചാലകനായിരിക്കെ തന്റെ തിരക്കിട്ട ഔദ്യോഗിക ജോലികൾക്കൊപ്പം പ്രഥമ വർഷ സംഘശിക്ഷാ വർഗ് പൂർത്തിയാക്കിയ അദ്ദേഹം തുടർന്ന് തുടർച്ചയായി ദ്വിതീയ തൃതീയ പരിശീലനവും പൂർത്തിയാക്കി സംഘചാലകന്മാർക്കും മുതിർന്ന കാര്യകർത്താക്കൾക്കും മാതൃകയായി. ഇതിൽ നിന്ന് പ്രേരണയുൾക്കൊണ്ട് നിരവധി മുതിർന്ന കാര്യകർത്താക്കൾ പരിശീലന വർഗുകൾക്ക് പോകാൻ തയ്യാറായി.
പ്രാന്ത സംഘചാലകനെന്ന നിലയിൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും പൂർണ്ണ സമയ പ്രവർത്തകനെ പോലെ യാത്ര ചെയ്തു.കേരളത്തിലെ മുഴുവൻ പ്രാന്തകാര്യകർത്താക്കളും ഹ്രസ്വകാല വിസ്താരകന്മാരായി ഇറങ്ങാൻ സംഘം ആവശ്യപ്പെട്ടപ്പോൾ സാധരണ സ്വയംസേവകനെപ്പോലെ അദ്ദേഹവും ആലപ്പുഴയിൽ വിസ്‌താരകനായി പ്രവർത്തിച്ചു. സംഘടനാ ബൈഠക്കുകളുടെ സമാരോപിൽ കാര്യകർത്താക്കളെ ചുരുങ്ങിയ വാക്കുകളിൽ തുടർച്ചയായി ഓർമിപ്പിച്ച ആശയങ്ങൾ സംഘം ഒരു കുടുംബമാണെന്നും പരസ്പരസ്നേഹം, വിശ്വാസം, കൂട്ടായ ചിന്തയും കൂട്ടായ പ്രവർത്തനവും ആണ് നമ്മുടെ വിജയത്തിന്റെ ആധാരം എന്നുമാണ്. ഈ ഗുണങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ തുടിച്ചു നിന്നു.
സംഘപ്രവർത്തനത്തിൽ നിഷ്ഠയോടെ പ്രവർത്തിക്കുന്നതോടൊപ്പം സ്വയംസേവകർ ഏറ്റെടുക്കേണ്ട സമൂഹത്തിന്റെ വിവിധ മേഖലയിലെ നിരവധി പ്രവർത്തനങ്ങൾക്ക് മാതൃകാപരമായി നേതൃത്വം നൽകാൻ മേനോൻ സാറിന് സാധിച്ചു. കേരളത്തിലെ ആദ്യത്തെ സേവാ സംരഭമായ മാതൃച്ഛായ ഉൾപ്പെടെ നിരവധി സേവാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആലുവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ ഇന്നത്തെ വികാസത്തിന്റെ പ്രേരണാ സ്രോതസ് മേനോൻ സാറാണ്. തന്ത്ര വിദ്യാപീഠം, ബാലസംസ്ക്കാര കേന്ദ്രം, ഡോ. ഹെഡ്ഗേവാർ സ്മാരക സേവാസമിതി, വിദ്യാധിരാജ സ്കൂൾ, അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം, രാഷ്‌ട്രധർമ്മ പരിഷത്ത് തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗദർശനവും സഹായ സഹകരണവും ആത്മവിശ്വാസവും പ്രേരണയും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.
സമ്പൂർണ്ണ സംഘശരണത്വമാണ് മേനോൻ സാറിന്റെ വിജയ രഹസ്യം. നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് മാർഗ നിർദ്ദേശം നൽകുന്നതോടൊപ്പം താൻ ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനത്തിനും തന്റെ സമർപ്പണം മാതൃകാപരമായി അദ്ദേഹം നടത്തി. പ്രാന്തസംഘചാലകന്നെന്ന നിലയിൽ സേവാ പ്രവർത്തനങ്ങൾക്ക് ജന്മഭൂമി, കേസരി പോലുള്ള മാധ്യമങ്ങളിലൂടെ സഹായം അഭ്യർതത്ഥിക്കുമ്പോൾ മേനോൻ സാറിന്റെ വിഹിതം പിറ്റേ ദിവസം തന്നെ പ്രാന്തകാര്യാലയത്തിൽ എത്തിക്കുകയെന്ന സാറിന്റെ
മാതൃക സ്വയംസേവകർക്ക് എന്നും പ്രേരണയാണ്.(ഇത്തരത്തിലുള്ള അനുഭവങ്ങൾ നിരവധിയാണ്). പ്രാന്തസംഘചാലകെന്ന നിലയിലും പ്രശസ്തനായ ചാർട്ടേർഡ് അക്കൗണ്ടന്റ് എന്ന നിലയിലും കേരളത്തിനകത്തും പുറത്തും വിപുലമായ സമ്പർക്കം അദ്ദേഹത്തിനുണ്ടായിരുന്നു.. നിരവധി പ്രമുഖ വ്യക്തികളെ മേനോൻ സാറിനോടൊപ്പം സമ്പർക്കം ചെയ്യാൻ അവസരം ലഭിച്ചു. കേരളത്തിലെ പ്രമുഖനായ ചാർട്ടേഡ് അക്കൗണ്ടിനെ സമ്പർക്കം ചെയ്തപ്പോഴുള്ള സാറിന്റെ വാക്കുകൾ ഇന്നും മുഴങ്ങി കേൾക്കുന്നുണ്ട്. സംഘത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസവും സമർപ്പണവും ഓർമ്മപ്പെടുത്തുന്നവയാണവ. താങ്കളെ പോലുള്ള ഉന്നതനായ ഒരു പ്രഫഷണലിന് കാക്കി നിക്കറും ധരിച്ച് ഏങ്ങിനെ ഈ പ്രവർത്തനം ചെയ്യാൻ കഴിയും എന്ന ചോദ്യത്തിന് ഉത്തരം ഗൗരവത്തോടെ സ്പഷ്ടമാക്കുകയായിരുന്നു മേനോൻസാർ. നമ്മുടെ സമൂഹത്തിനും സംസ്ക്കാരത്തിനും രാഷ്‌ട്രത്തിനും വേണ്ടി ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ നിസ്വാർഥമായി പ്രവർത്തിക്കാൻ മനസ്സുള്ളവർക്കേ സംഘത്തിൽ പ്രവർത്തിക്കാൻ സാധിക്കൂ. അവസരവാദികൾക്കു സംഘത്തിൽ സ്ഥാനമില്ലെന്ന് കൂടി സരളമായി സ്നേഹപൂർവം മേനോൻ സാർ ഓർമ്മപ്പെടുത്തിയപ്പോൾ ആദരവോടെ എഴുന്നേറ്റ് നിന്ന് മേനോൻ സാറിനോട് അദ്ദേഹം പറഞ്ഞു, Balan, as a Professional CA l am Proud of you . ഇനി ഞാനെന്താണ് ചെയ്യേണ്ടത് എന്നദ്ദേഹം ചോദിച്ചപ്പോൾ ലക്ഷമീ ഭായ് ടവേഴ്സിന്റെ ഉൽഘാടനത്തിന് അദ്ദേഹത്തെ ക്ഷണിച്ചു. സന്തോഷപൂർവം പരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. ഇത്തരത്തിൽ സമൂഹത്തിന്റെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന അനേകായിരം പേരെ സംഘപ്രസ്ഥാനങ്ങളോടടുപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഇന്ന് കേരളത്തിൽ സേവന രംഗത്ത് പ്രവർത്തിക്കുന്ന സേവാഭാരതിയുടേയുംഡോ ഹെഡ്ഗേവാർ സ്മാരക സമിതിയുടെയും നൂറ് കണക്കിന് സംഘ ട്രസ്റ്റുകളുടേയും പ്രവർത്തനം ഏകോപിപ്പിക്കുന്നതിലും കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിലും പ്രവർത്തനങ്ങൾ നിയമാനുസൃതമാക്കുന്നതിലും മേനോൻ സാറിന്റെ പങ്ക് അവിസ്മരണീയമാണ്. കേരളത്തിലെ നിരവധി ആധ്യാത്മിക സാമൂഹ്യ പ്രസ്ഥാനങ്ങളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. നിർണ്ണായക ഘട്ടങ്ങളിൽ അവയ്‌ക്ക് ആവശ്യമായ മാർഗദർശനവും സഹായസഹകരണങ്ങളും നൽകിയതിന്റെ അനുഭവങ്ങൾ ഒരു കുറിപ്പിൽ ഒതുക്കാനാവില്ല. ആത്മ നിർഭർ ഭാരത് ആശയം ചർച്ച ചെയ്യപ്പെടുന്നതിന് പതിറ്റാണ്ട്കൾക്ക് മുൻമ്പ് സാമ്പത്തിക തളർച്ച നേരിട്ട KPBF (ഇന്ന് KPB നിധി ലിമിറ്റഡ്) ഏറ്റെടുക്കാനും സാമ്പത്തിക സ്വാവലംബനത്തിന്റെ കേന്ദ്രമാക്കി മാറ്റാനും സാധിച്ചത് മോനോൻ സാറിന്റെ സാമ്പത്തിക മാനേജ്മെന്റ് വൈഭവവും ഉൾകാഴ്‌ചയും കാരണമാണ്.
മേനോൻ സാറിന്റെ ജീവിതം ഓരോസംഘപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനും ഗൃഹപാഠമാക്കേണ്ട പുസ്തകമാണ്. ശതാഭിഷിക്തനായ മേനോൻ സാറിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ഭഗവാനോടു പ്രാർത്ഥിക്കുന്നു.
എം. ഗണേശൻ
ജനറല്‍ സെക്രട്ടറി,ബിജെപി
പ്രതികരിക്കാൻ ഇവിടെ എഴുതുക: