ഷാജന് സി. മാത്യു
നാളുകള്‍ മുന്‍പ് കോഴിക്കോട് നടന്ന ഒരു അവാര്‍ഡ് നൈറ്റിനുശേഷമുള്ള പാര്‍ട്ടിക്കിടെ മലയാളത്തിലെ പ്രശസ്തനായ ഒരു സംഗീതസംവിധായകന് പറഞ്ഞു. ‘മരിക്കുന്നതിനു മുന്‍പ് ഒരാഗ്രഹമുണ്ട്. സര്‍പ്പത്തിലെ ‘സ്വര്‍ണ മീനിന്റെ ചേലൊത്ത…’ പോലൊരു ഗാനം ചെയ്യണം.’ ഒപ്പമുണ്ടായിരുന്ന മറ്റു സംഗീതസംവിധായകരൊക്കെ ആ ആഗ്രഹത്തിന്റെ പര്യായമായി. പിന്നീട് ആ പാര്‍ട്ടി സ്വര്‍ണ മീനിന്റെ… എന്ന പാട്ടിന്റെ വിശേഷങ്ങളാല്‍ നിറയുന്നതിന് ഈ ലേഖകന്‍ സാക്ഷിയായിരുന്നു.
അവരെ മാത്രമല്ല, സംഗീതം സൂക്ഷ്മമായി നിരീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവരെയെല്ലാം അതിശയിപ്പിക്കുന്ന ഗാനമാണിത്. മലയാളത്തിലെ രണ്ടാമത്തെ ഖവ്വാലി. (ബാബുരാജ് ഈണമിട്ട ‘പഞ്ചവര്‍ണത്തത്ത പോലെ…’ ആദ്യത്തേത്) പ്രഗല്ഭരായ നാല് ഗായകര്‍ ഒരുമിച്ച ഗാനം- യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, പി.സുശീല, വാണി ജയറാം. നിറഞ്ഞ ഓര്‍ക്കസ്്ട്ര. ഒരു സാങ്കേതികവിദ്യയുടെയും സഹായമില്ലാത്ത 44 വര്‍ഷം മുന്‍പത്തെ റിക്കോര്‍ഡിങ്. സംഘത്തില്‍ ഒരാള്‍ക്കു തെറ്റിയാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങണം. നൂറു കണക്കിനു ട്രാക്കുകളായി റിക്കോര്‍ഡിങ് നടക്കുന്ന ഇന്നത്തെ കാലത്തുപോലും സംഗീതസംവിധായകരുടെ വെല്ലിവിളിയാണ് ഇങ്ങനൊരു ഗാനം. നാലര പതിറ്റാണ്ട് മുന്‍പ് ഒരു അസിസ്റ്റന്റിന്റെ പോലും സഹായമില്ലാതെ ഇത് ഈണം നല്കി റിക്കോര്‍ഡ് ചെയ്ത ഒറ്റയാനാണ് കെ.ജെ. ജോയി!
ദേവരാജന്‍, കെ. രാഘവന്, ബാബുരാജ്, എം.എസ്. വിശ്വനാഥന് ക്ലാസിക് കാലത്തില്‍നിന്നു മലയാള ചലച്ചിത്രസംഗീതത്തെ ആധൂനീകരിച്ച സംഗീത സംവിധായകന്. ജോയി നല്കിയ ഇമ്പമാര്‍ന്ന സൗണ്ടിങ് സംസ്കാരത്തിലാണ് പിന്നീട് ശ്യാമും ഒസേപ്പച്ചനും എന്തിന് വിദ്യാസാഗര്പോലും പാട്ടു മെനഞ്ഞത്. സംഗീതോപകരണങ്ങളുടെ കാര്യത്തില്‍ ദരിദ്രമായിരുന്ന മലയാള സംഗീതത്തിലേക്ക് ഹിന്ദി പാട്ടുകളില്‍ കാണുന്ന മട്ടിലുള്ള ഓര്ക്കസ്ട്രേഷന് സമൃദ്ധി ജോയി എത്തിച്ചു.
ഒന്നും കുറച്ചു ചെയ്യാന്‍ അറിയില്ല
എന്‍ സ്വരം പൂവിടും ഗാനമേ…, ആയിരം മാതളപ്പൂക്കള്‍…, ഒരേ രാഗ പല്ലവി നമ്മള്…(അനുപല്ലവി), കസ്തൂരി മാന്മിഴി…(മനുഷ്യമൃഗം), സ്വര്‍ണമീനിന്റെ ചേലൊത്ത…, കുങ്കുമസന്ധ്യകളോ… (സര്‍പ്പം), മറഞ്ഞിരുന്നാലും…, കാലിത്തൊഴുത്തില്‍ പിറന്നവനേ… (സായൂജ്യം), മഴ പെയ്തു പെയ്ത്…(ലജ്ജാവതി), ആഴിത്തിരമാലകള്‍…, അറബിക്കടലും അഷ്ടമുടിക്കായലും…(മുക്കുവനെ സ്നേഹിച്ച ഭൂതം), അക്കരെയിക്കരെ നിന്നാലെങ്ങനെ… (ഇതാ ഒരു തീരം), ആരാരോ ആരിരാരോ…(ആരാധന), എവിടെയോ കളഞ്ഞുപോയ കൗമാരം…(ശക്തി), അങ്ങനെ ഹിറ്റുകള്‍ക്കു പിന്നാലെ ഹിറ്റുകള്‍. മലയാള സിനിമ അന്നുവരെ കാണാത്ത ഊര്‍ജപ്രവാഹമായിരുന്നു ജോയിയുടെ ഗാനങ്ങള്‍, ഒരാള്‍ പോലും ഇനിയും റീമേക്ക് ചെയ്യാന്‍ ധൈര്യപ്പെടാത്ത പൂര്‍ണത. ജോയി എന്ന പേരിന്റെ അര്‍ഥം പോലെ സന്തോഷത്തിന്റെയും പ്രസരിപ്പിന്റെയും ഈണങ്ങള്‍. ഒന്നും ഒരിക്കലും കുറച്ചു ചെയ്യാന്‍ ജോയിക്ക് അറിയില്ലായിരുന്നു. ഒന്നാംകിട പാട്ടുകാരും ഫ്ളോര്‍ നിറയെ ആധുനിക സംഗീതോപകരണങ്ങളും കോറസുമൊക്കെയായി ആഘോഷമായിരുന്നു ആ സംഗീതം. ഏറ്റവും മുന്തിയ സ്റ്റുഡിയോകളും മികച്ച ടെക്നീഷ്യന്മാരും നിര്‍ബന്ധം.
കല്പനാ ഹൗസിലേക്ക്
സംസ്ഥാനത്തെ ഒരു ആകാശവാണി നിലയം ജോയിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു പ്രോഗ്രാം തയാറാക്കിയതിന്റെ വേദന വിട്ടുമാറാത്ത കാലത്താണ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോയത്. തലേന്നു ചെന്നൈയിലെ പാംഗ്രോവ് ഹോട്ടലിലാണു താമസിച്ചത്. പ്രശസ്ത വയലിനിസ്റ്റ് റെക്സ് ഐസക്സിനോടു പറഞ്ഞു. ”നാളെ രാവിലെ കെ.ജെ. ജോയിയെ കാണാന്‍ പോകുന്നു. ഫോണ്‍ ചെയ്ത് അനുവാദം വാങ്ങിയിട്ടുണ്ട്. ഒപ്പം വരുന്നോ?” അദ്ദേഹം പറഞ്ഞു. ”വരാന്‍ സന്തോഷമേയുള്ളൂ. പക്ഷേ, ഞാന്‍ കൂടെയുണ്ട് എന്നു ജോയിയോട് പറയൂ. എതിര്‍പ്പൊന്നും പറഞ്ഞില്ലെങ്കില്‍ വരാം. പണ്ട് യൂണിയനില്‍ ഞങ്ങള്‍ തമ്മില്‍ ഒരു പിണക്കം ഉണ്ടായിരുന്നു.” ജോയിയെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ അസ്പഷ്ടമായ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു. ”നിര്‍ബന്ധമായും റെക്സിനെ കൂട്ടിക്കൊണ്ടു വരണം. എത്ര വര്‍ഷമായി ഞങ്ങള്‍ കണ്ടിട്ട്.”
ചെന്നൈ സാന്തോം ചര്‍ച്ചിനു സമീപമുള്ള വലിയ മാളിക, പല സിനിമകളിലും കഥാപാത്രമായ ബംഗഌവ്- കല്പനാ ഹൗസ്. മുറ്റത്ത് നാം അമ്പരന്നു പോകുന്ന കാഴ്ച. രണ്ട് ബെന്‍സ് ഇ ക്ലാസ് കാറ് നിറയെ ചെടികള്‍ വളര്‍ന്നു നശിച്ചു കിടക്കുന്നു. വീടിനു പുറം കണ്ടാല്‍ത്തന്നെ അകത്തെ കാഴ്ച ഊഹിക്കാം. ജോയിയുടെ ഭാര്യയുടെ പ്രിയപ്പെട്ട നായ്ക്കുട്ടികളെ കടന്ന് വലിയ അകത്തളത്തിലേക്ക് കടക്കുമ്പോള്‍, ഒത്ത നടുക്ക്് കട്ടിലില്‍, ഒരു കാലത്തെ മലയാളി യുവതയെ മുഴുവന്‍ ത്രസിപ്പിച്ച കെ.ജെ. ജോയ് കിടക്കുന്നു. ഞങ്ങളെ കണ്ടതും റെക്സ്… എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞു. ഭാര്യ രഞ്ജിനി രണ്ട്് കസേര കട്ടിലിനരികില്‍ ഇട്ടു തന്നു. ഞങ്ങള്‍ അടുത്തിരുന്നു. പാട്ടും കഥകളുമായി ഒരു പകല്‍. ഇടയ്ക്ക് ഭക്ഷണവും മരുന്നുമായി ഭാര്യയും ഇളയ മകള്‍ ആലീസും പരിചരിക്കാനെത്തിക്കൊണ്ടിരുന്നു. ജോയ് സംഗീതം നല്കിയ ഓരോ പാട്ടും ഞങ്ങള്‍ പാ
ടുമ്പോള്‍ അദ്ദേഹം കൂടെപ്പാടാന്‍ ശ്രമിച്ചു. ഓരോന്നു കഴിയുമ്പോഴും അടുത്തതിന്റെ പല്ലവി മൂളിത്തന്ന് പാട്ടിന്റെ തുടര്‍ച്ച നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. ആ പകല്‍ മുഴുവന്‍ തന്നെ അദ്ദേഹം കരയുകയായിരുന്നു. ”അറിയുമോ, ഞാന്‍ കട്ടിലില്‍ ആയതിനുശേഷം ആരുംതന്നെ എന്നെ കാണാന്‍ വരാറില്ല. പി. സുശീലയും വാണി ജയറാമും മാത്രം രണ്ടു തവണ വന്നു.” ഈ ലേഖകന്‍ ഇടയ്ക്കിടെ ഫോണ്‍ ചെയ്യാറുള്ളതു സ്നേഹപൂര്‍വം സ്മരിച്ചു.
ഈ മനുഷ്യനെ ഇത്ര ദുര്‍ബലനായി കാണാന്‍ ആരും ഇഷ്ടപ്പെടില്ല. കാരണം, അത്ര പ്രതാപശാലിയായിരുന്നു ജോയി ഒരുകാലത്ത്. ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, എ.ടി. ഉമ്മര്‍, സലില്‍ ചൗധരി, എം.കെ. അര്ജുനന് എന്നീ മഹാരഥന്മാര് നിറഞ്ഞുനിന്ന കാലത്തായിരുന്നു ജോയിയുടെ തേരോട്ടം.
ഏറ്റവും മികച്ച അക്കോഡിയന്‍ വാദകന്‍
അക്കോഡിയന്‍ എന്ന പാശ്ചാത്യ സംഗീതോപകരണം മദിരാശിയില്‍ വിരളമായിരുന്ന കാലത്ത് (പ്രഫഷണല്‍ വായനക്കാരനായി മംഗളമൂര്‍ത്തി മാത്രം) അതുമായി റിക്കോര്‍ഡിങ് സ്റ്റുഡിയോകളുടെയും സംഗീതസംവിധായകരുടെയും മനംകവര്‍ന്നാണ് ജോയി ഇന്ത്യന്‍ സിനിമയുടെ ഭാഗമായത്. മെല്ലിശൈ മന്നന് എം.എസ്. വിശ്വനാഥന് ജോയി ഒരു ദൗര്‍ബല്യമായിരുന്നു. എംഎസ്വിയുടെ നൂറു കണക്കിനു ഗാനങ്ങളില്‍ ജോയി അസിസ്റ്റന്റും ഓര്‍ക്കസ്ട്ര അറേഞ്ചറുമായി. അങ്ങനെ ചലച്ചിത്രഗാന റിക്കോര്‍ഡിങ്ങിന്റെ സകലമേഖലയിലും പ്രാവീണ്യം നേടി. മദിരാശിയില്‍ റിക്കോര്‍ഡിങ്ങിനു വന്നിരുന്ന സാക്ഷാല്‍ നൗഷാദ് അടക്കമുള്ള സംഗീത സംവിധായകര്‍ക്ക് ജോയി അനുപേക്ഷണീയനായി. ജോയി ഫ്രീ ആണെങ്കില്‍ മാത്രമേ ആര്.ഡി. ബര്മന് ചെന്നൈയില്‍ വരുമായിരുന്നുള്ളൂ. അദ്ദേഹം ജോയിയെ ‘രാജ്യം കണ്ട ഏറ്റവും മികച്ച അക്കോഡിയന്‍ വാദകന്‍’ എന്ന് ഫിലിം ഫെയര്‍ മാസികയിലെ ഇന്റര്‍വ്യൂവില്‍ വിശേഷിപ്പിച്ചു. ജോയിക്ക് പക്ഷേ, അക്കോഡിയന്‍ മാത്രമല്ല, കോംബോ ഓര്‍ഗണ്‍, കീ ബോര്‍ഡുകള്‍, വയലിന് എന്നിവയെല്ലാം മനോഹരമായി വായിക്കാന്‍ അറിയുമായിരുന്നു. സാധിക്കാവുന്ന എല്ലാ റിക്കോര്‍ഡിങ്ങിനും അദ്ദേഹം സഹകരിക്കുമായിരുന്നു. അവിശ്വസനീയമെന്നു തോന്നാം, എല്ലാ ഭാഷകളിലുമായി 13,600 പാട്ടുകള്‍ക്ക് ജോയി പിന്നണി വായിച്ചു!
”അന്ന് ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റിന് ദിവസം 250 രൂപ കിട്ടിയിരുന്നപ്പോള്‍ ജോയിക്ക് 1250 രൂപവരെ കൊടുക്കാന്‍ ആളുണ്ടായിരുന്നു.” ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് അനുഭാവം പങ്കുവച്ചു. കാരണം, അക്കോഡിയനും കോമ്പോ ഓര്ഗണുമൊക്കെ നന്നായി വായിക്കാന്‍ അറിയാവുന്നവര്‍ അന്നു ദക്ഷിണേന്ത്യയില്‍ കുറവായിരുന്നു. സംഗീതോപകരണങ്ങളുടെ ആരാധകന് കൂടിയായിരുന്ന അദ്ദേഹം മോഡേണ്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുകയും അത് വാടകയ്ക്കു കൊടുക്കുകയും ചെയ്തിരുന്നു. അംഗീകാരത്തിനും പ്രശസ്തിക്കുമൊപ്പം ധാരാളം പണവും ജോയി സമ്പാദിച്ചു. ലക്ഷ്മിയുടെയും സരസ്വതിയുടെയും കടാക്ഷം ഒരേ സമയം. അക്കാലത്ത്് ചെന്നൈയിലെ റിക്കോര്‍ഡിങ് സ്റ്റുഡിയോകളില്‍ ബെന്‍സ് കാറില്‍ വന്നിറങ്ങിയിരുന്ന ഏകയാള്‍ ജോയിയായിരുന്നു.
‘ചന്ദനച്ചോല’ സിനിമയിലൂടെയാണ് സംഗീതസംവിധായകനായത്. 300 ഗാനത്തിനു സംഗീതം നല്കി. വളരെ വിപുലമായ ഓര്‍ക്കസ്ട്ര ഒരു സഹായിപോലുമില്ലാതെ കണ്ടക്ട് ചെയ്ത് ഒറ്റ ടേക്കില്‍ ജോയി റിക്കോര്‍ഡിങ് പൂര്‍ത്തിയാക്കി പോകുന്നതു കണ്ട് സഹപ്രവര്‍ത്തകര്‍ കണ്ണുതള്ളിയിട്ടുണ്ട്. സ്വതന്ത്രസംഗീത സംവിധായകനായതിന് ശേഷവും മറ്റുള്ളവര്‍ക്കുവേണ്ടി ഉപകരണങ്ങള്‍ വായിക്കാന്‍ പോകാന്‍ മടികാണിക്കാത്ത എളിമയുള്ള മനസ്സും ജോയി പ്രകടിപ്പിച്ചു.
നിനച്ചിരിക്കാതെ ദുര്‍വിധി
തൃശൂര്‍ നെല്ലിക്കുന്നില്‍ ബസുടമയായ ജോസഫിന്റെ മകനായി 1946ല്‍ ജനിച്ച ജോയിക്കു സംഗീതം കിട്ടിയതു പള്ളിപ്പാട്ടുകാരിയായ അമ്മ മേരിയില്‍ നിന്നാണ്. വയലിനിലൂടെയാണ് സംഗീതപഠനം ആരംഭിച്ചതെങ്കിലും അക്കോഡിയന്‍ എന്ന പാശ്ചാത്യ സംഗീതോപകരണത്തില്‍ പെട്ടെന്ന്് അദ്ദേഹം ആകൃഷ്ടനായി. ജോയിയുടെ പ്രസരിപ്പാര്‍ന്ന ഈണം കാമ്പസുകളുടെ ഹരമായതു പെട്ടെന്നാണ്.
ലോകമാകെ സംഗീതപരിപാടികളുമായി പറന്നു നടക്കുന്നതിനിടെ മലേഷ്യയില്‍ വച്ചു പക്ഷാഘാതത്തിന്റെ രൂപത്തില്‍ വന്ന ദുര്‍വിധി ഇടതുകാലും ഒരു വശത്തെ ചലനശേഷിയും എടുത്തിട്ടു ജീവന് തിരികെ നല്കി. ചെന്നൈയിലെ വീട്ടില്‍ ഭാര്യയുടെ പരിചരണത്തില്‍ കഴിയുമ്പോഴും മനസ്സില്‍ മുഴുവന്‍ സംഗീതമാണ്. സംസാരിക്കാന്‍ ഏറെ ക്ലേശമുണ്ടെങ്കിലും പാട്ടിനെപ്പറ്റി പറഞ്ഞാല്‍ അവശതകള്‍ക്ക് അവധി നല്‍കും.
ബാബുരാജ് പറഞ്ഞത്
ഒരിക്കല്‍ റിക്കോര്‍ഡിങ് കഴിഞ്ഞു ജോയി എവിഎം സ്റ്റുഡിയോയില്‍നിന്ന് ഇറങ്ങുമ്പോള്‍ തൊട്ടുമുന്നില്‍ സാക്ഷാല്‍ ബാബുരാജ്. ചേര്‍ത്തണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ”ജോയി, മലയാളികള്‍ക്കു മുഴുവന്‍ ഇപ്പോള്‍ നിന്റെ പാട്ടു മതി. എന്റെ മക്കള്‍ കൂടി നിന്റെ പാട്ടു പാടിയാണു നടക്കുന്നത്.”
”ഞാന്‍ ചെന്നൈയില്‍ സ്ഥിരതാമസം ആയിരുന്നതുകൊണ്ട് എന്റെ പാട്ടുകള്‍ കേരളത്തില്‍ ആളുകള്‍ പാടിനടക്കുന്നതൊന്നും ആസ്വദിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ബാബുരാജിനെപ്പോലെ ഒരു മഹാന്റെ വാക്കുകള്‍ക്ക് അവാര്‍ഡിനെക്കാള്‍ വിലയുണ്ടായിരുന്നു”-ജോയി പറയുന്നു.
ആത്മവിശ്വാസത്തിന്റെ പര്യായം
ബാബുരാജ്, എ.ടി. ഉമ്മര്‍, കെ.ജെ. ജോയ് എന്നീ മൂന്നു സംഗീതസംവിധായകര്‍ക്കൊപ്പം ഗാനരചയിതാവായും നിര്‍മാതാവുമായി പ്രവര്‍ത്തിച്ച അന്‍വര്‍ സുബൈര്‍ ഇവരെ താരതമ്യം ചെയ്യുന്നത് ഇങ്ങനെ: ”ഉമ്മറിന് നമ്മള് ഒരു ഈണം മൂളിക്കൊടുക്കണം. അദ്ദേഹത്തിന് സഹായികളുടെ സഹകരണവും വേണം. ബാബുരാജ് വലിയ കഴിവുള്ളയാളാണ്. പക്ഷേ, അദ്ദേഹത്തിനും നമ്മള് ഒരു ആശയം കൊടുക്കണം. ഹാര്‍മോണിയത്തില്‍ മാത്രമാണു ചെയ്യുക. ജോയി തികച്ചും വ്യത്യസ്തനാണ്. ഒരുപാട് സംഗീതോപകരണങ്ങള്‍ വായിക്കാനറിയാം. പലതും സ്വന്തമായുണ്ടായിരുന്നു. ജോയിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. നമ്മള് അദ്ദേഹത്തിന് ഒരു ആശയവും കൊടുക്കേണ്ട. എത്ര വെറൈറ്റി ട്യൂണ്‍ വേണമെങ്കിലും നിമിഷനേരംകൊണ്ട് അദ്ദേഹം ഉണ്ടാക്കിത്തരും. മഴ പെയ്ത് പെയ്ത്…, ആഴിത്തിരമാലകള്‍…, അറബിക്കടലും അഷ്ടമുടിക്കാലയും… തുടങ്ങിയ ഞങ്ങളുടെ ഹിറ്റുകളുടെയെല്ലാം ഈണം ജോയിയായിരുന്നു.”
ബിച്ചുവിന്റെ കുസൃതി
ഗാനരചയിതാവ് ബിച്ചു തിരുമല ചെന്നൈയിലെ സംഗീത സംവിധായകരോട് ഒരു കുസൃതി ചോദിക്കുമായിരുന്നു. ഒന്ന്, രണ്ട്, മൂന്ന് ക്രമത്തില്‍ അക്ഷരങ്ങളുള്ള പദങ്ങള്‍ എഴുതിയാല്‍ ട്യൂണ്‍ ചെയ്യാമോയെന്ന്? താളം ശരിയാവില്ല എന്നു പറഞ്ഞ് എല്ലാവരും ഒഴിഞ്ഞുമാറും. ജോയിയോടും ബിച്ചു ഈ കുസൃതി ചോദിച്ചു. താങ്കള്‍ ധൈര്യമായി പാട്ടെഴുതിക്കോളൂ എന്നായിരുന്നു ജോയിയുടെ മറുപടി. അങ്ങനെ ബിച്ചുവിന്റെ വെല്ലുവിളി സ്വീകരിച്ചു ജോയി ചെയ്ത പാട്ടാണ് ‘എന്‍ സ്വരം പൂ
വിടും…’ എന്ന അനുപല്ലവിയിലെ സൂപ്പര്‍ ഹിറ്റ്. സംഗീതമിട്ടു പാട്ടെഴുതുന്ന രീതി ഇഷ്ടപ്പെട്ടിരുന്ന ജോയി ഒരിക്കല്‍ മറിച്ചും ചെയ്തിട്ടുണ്ട്. അതും ബിച്ചുവിന്റെ രചനയിലാണ്. ശക്തി എന്ന ചിത്രത്തിലെ അതിമനോഹര ഗാനം-എവിടെയോ കളഞ്ഞുപോയ കൗമാരം…
മറഞ്ഞിരുന്നാലും
യാത്ര പറഞ്ഞിറങ്ങാന്‍ നേരം ജോയി അടുത്തു വിളിച്ചു. ”എന്നെപ്പറ്റി എന്തെങ്കിലും പത്രത്തില്‍ എഴുതുന്നുണ്ടെങ്കില്‍ അതിന് ‘മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍’ എന്നു ടൈറ്റില്‍ കൊടുക്കണം.” ഇവിടെ വരുന്ന എല്ലാ പത്രപ്രവര്‍ത്തകരോടും ജോയി ഇതു പറയുമെന്നു ഭാര്യ രഞ്ജിനിയുടെ ചിരിച്ചുകൊണ്ടുള്ള കമന്റ്. തമിഴ്്നാട്ടുകാരിയായ അവര്‍ക്ക് ജോയിയുടെ പാട്ടുകളോടു മലയാളികള്‍ക്കുള്ള അഭിനിവേശത്തിന്റെ ആഴം കൃത്യമായി അറിയില്ല. ‘സായൂജ്യം’ എന്ന സിനിമയ്ക്കുവേണ്ടി യുസഫലി കേച്ചേരി രചിച്ച ഈ മനോഹര ഗാനം ജോയിയുടെ പ്രതിഭയുടെ അളവുകോലാണ്. ഒരു വാക്കുപോലും മാറാതെ അതൊരു പ്രണയഗാനമായും വിരഹഗാനമായും ജോയി കമ്പോസ് ചെയ്തു. പ്രണയഗാനം പാടിയതു വാണി ജയറാമും വിരഹഗാനം യേശുദാസും.
സന്ധ്യയ്ക്ക് ജോയിയുടെ ഭാര്യ രഞ്ജിനിയുടെ ഫോണ്‍ കോള്‍- ”ഒരു വിശേഷം പറയാന്‍ വിളിച്ചതാണ്. ഇന്നു നിങ്ങള്‍ പോയിക്കഴിഞ്ഞപ്പോള്‍ ജോയി എന്നെ അടുത്തു വിളിച്ചിരുത്തി എനിക്ക് ഏറ്റവും ഇഷ്ടമുള്ള ‘മഴ പെയ്തു പെയ്തു മണ്ണു കുളിര്‍ത്തു…’ എന്ന പാട്ട് പാടിത്തന്നു. ഞാന്‍ ഒപ്പം പാടി. എന്നെ സ്നേഹിക്കുന്നവര്‍ ഇന്നും കേരളത്തിലുണ്ട് എന്നു പറഞ്ഞു കുറെ ചിരിച്ചു. എറെക്കാലത്തിനു ശേഷമാണ് ജോയി ഇത്ര സന്തോഷിച്ചു കണ്ടത്. ഒരുപാട് നന്ദി.” അഞ്ച് മക്കളാണ് ഈ ദമ്പതികള്‍ക്ക്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
‘ഇനിയൊരു ശിശിരം തളിരിടുമോ
അതിലൊരു ഹൃദയം കതിരിടുമോ
കരളുകളുരുകും സംഗീതമേ
വരൂ വീണയില്‍… നീ അനുപല്ലവി’
പ്രതികരിക്കാൻ ഇവിടെ എഴുതുക: