കൊല്ലം: പത്തു മാസം കൊണ്ട് സംസ്ഥാനത്ത് ഒരു ലക്ഷം വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയെന്നും അതിലൂടെ രണ്ടു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നല്കിയെന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ വാദം പൊളിയുന്നു. പുതിയ സംരംഭങ്ങളല്ല, ഭൂരിഭാഗവും റീ രജിസ്ട്രേഷന് നടത്തിയതാണെന്നാണ് വിവരം. പുതിയ സംരംഭങ്ങളുടെ പട്ടികയില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്ഥാപനങ്ങള്‍ വരെയുണ്ട്. പുതിയ സംരംഭങ്ങളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ പുറത്തുവിടണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തത് ഇതിനാലാണ്. ബാങ്കുകളില്‍ നിന്ന് നേരിട്ടു വായ്പയെടുത്ത് വ്യക്തികള്‍ സ്വന്തം നിലയില്‍ തുടങ്ങിയ സംരംഭങ്ങളും സര്‍ക്കാരിന്റെ കണക്കില്‍പ്പെടുത്തി.
60 വര്‍ഷമായ ഹോമിയോ ക്ലിനിക്കും വര്‍ഷങ്ങളായുള്ള ഫാസ്റ്റ്ഫുഡ് കടകളും പെട്ടിക്കടകളും ബാര്‍ബര്‍ ഷോപ്പുകളും പുതിയ സംരംഭക പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. തുറക്കാത്ത കടകളും പിന്‍വലിച്ച അപേക്ഷകളും പുതിയ പട്ടികയിലുണ്ട്. ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ എന്നത് തെറ്റായ അവകാശ വാദമാണെന്നും വ്യവസായ വകുപ്പില്‍ നടന്ന പുനര്‍ രജിസ്ട്രേഷനാണ് സര്‍ക്കാര്‍ നേട്ടമാക്കിയിരിക്കുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചെറുകിട വ്യവസായങ്ങള്‍ നേരത്തേ ഉദ്യോഗാധാറിലായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.
വ്യവസായ സംരംഭകര്‍ ഉദ്യോഗാധാറിനു പകരം ഉദ്യം രജിസ്ട്രേഷന് എടുക്കണമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ പഴയ രജിസ്ട്രേഷനുള്ള പലരും 2022ല്‍ ഉദ്യം രജിസ്ട്രേഷന് എടുത്തു. നാലു ശതമാനം പലിശയ്ക്കു വായ്പ ലഭിക്കുമെന്ന വാഗ്ദാനമായിരുന്നു ഇതിനു കാരണം. ഇങ്ങനെയാണ് ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് വര്‍ധിച്ചത്. വ്യവസായ വകുപ്പിന്റെ പോര്ട്ടലിലെത്തിയ രജിസ്ട്രേഷന് കണക്കാണ് പുതിയ സംരംഭകര്‍ എന്ന പേരില്‍ സര്‍ക്കാര്‍ അവകാശപ്പെട്ടത്.
വളരെ പിന്നില്‍ കേരളം റിസര്‍വ് ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ പ്രധാന 16 സംസ്ഥാനങ്ങളില്‍ വ്യവസായ റാങ്കിങ്ങില്‍ കേരളം 12-ാമതാണ്. ചെറുകിട വ്യവസായ യൂണിറ്റുകളുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും പിന്നിലും കേരളമാണ്. ഒന്‍പതു വര്‍ഷത്തെ കണക്കില്‍ രാജ്യത്ത് വളരെ വേഗം വളരുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ ഗുജറാത്താണ്. കര്‍ണാടകയാണ് രണ്ടാമത്. ഹരിയാന മൂന്നാമത്. ഇന്ത്യയില്‍ പതുക്കെ വളരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം.
ഗുജറാത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി) വാര്‍ഷിക വളര്‍ച്ച നിരക്ക് (സിഎജിആര്‍) 8.2 ശതമാനമായി വര്‍ധിച്ചു. കര്‍ണാടകയിലെ ജിഎസ്ഡിപി 7.3 ശതമാനവും ഹരിയാനയിലേത് 6.7 ശതമാനവുമാണ്. ആദ്യ പട്ടികയിലുള്ള മറ്റു സംസ്ഥാനങ്ങള്‍, സിഎജിആര്‍ (ശതമാനത്തില്‍) യഥാക്രമം: ആന്ധ്രപ്രദേശ്-6.5, തെലുങ്കാന-6.1, തമിഴ്നാട്-5.8, ഒഡീഷ-5.73, ന്യൂദല്‍ഹി-5.67, ആസാം-5.3, ഝാര്‍ഖണ്ഡ്-4.2, ജമ്മു കാശ്മീര്‍-4.1, കേരളം-3.9. ചെറിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ വളര്‍ച്ച നിരക്ക് മിസോറാമിലാണ്-7.9. മോശം വളര്‍ച്ച മേഘാലയ-2 ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: