ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി
(യുഎഇ വിദേശ വ്യാപാര സഹമന്ത്രി)
പിയൂഷ് ഗോയല്‍
(കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി)
ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുമ്പ്, 2022 ഫെബ്രുവരി 18 ന്, യുണൈറ്റഡ് അറബ് എമിറേറ്റ്സും ഇന്ത്യയും തമ്മിലുള്ള സുദീര്‍ഘവും ഫലപ്രദവുമായ ബന്ധത്തിന്റെ ആവേശകരമായ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു. ആ വെള്ളിയാഴ്ച, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുഎഇ പ്രസിഡന്റും അബുദാബിയുടെ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദും ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പിടുന്നതിന് ന്യൂദല്‍ഹി സാക്ഷ്യം വഹിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും മേഖലയുടെ പുരോഗതിയെ മുന്നോട്ട് നയിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത സുപ്രധാന ഉടമ്പടിയായിരുന്നു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍.
യുഎഇയുടെ ആദ്യ ഉഭയകക്ഷി വ്യാപാര കരാര്‍ എന്ന നിലയിലും മേഖലയിലെ ഒരു രാജ്യവുമായുള്ള ഇന്ത്യയുടെ ആദ്യ വ്യാപാര കരാര്‍ എന്ന നിലയിലും യഥാര്‍ത്ഥത്തില്‍ ഇതൊരു നാഴികക്കല്ലായിരുന്നു. അതിലുപരി, തുറന്ന സമ്പദ്വ്യവസ്ഥകളുടെ സഹകരണത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമുള്ള വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു കരാര്‍. 80 ശതമാനത്തിലധികം ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ നീക്കം ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യുക, സേവനമേഖലയിലെ കയറ്റുമതിക്കുള്ള വിപണി പ്രവേശനം വര്‍ധിപ്പിക്കുക, മുന്‍ഗണനാ മേഖലകളിലേക്കുള്ള നിക്ഷേപ പ്രവാഹം സുഗമമാക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് സഹകരിക്കാനും വളരാനും ഒരു പ്ലാറ്റ്ഫോം എന്നീ നടപടികളിലൂടെ അനിശ്ചിതമായ ലോകത്ത് അവസരങ്ങളുടെ ഒരു പുതിയ യുഗം വിഭാവനം ചെയ്യുകയായിരുന്നു ഈ വ്യാപാര കരാര്‍.
യുഎഇയെ സംബന്ധിച്ചിടത്തോളം, അതിവേഗം വളരുന്ന മധ്യവര്‍ഗവും പുരോഗതിയിലേക്ക് കുതിക്കുന്ന സാങ്കേതിക ആവാസവ്യവസ്ഥയുമുള്ള ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്ക് കയറ്റുമതിമേഖലയിലെ തങ്ങളുടെ വ്യാപാരികള്‍ക്ക് തടസ്സമില്ലാത്ത പ്രവേശനം വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളിലേക്കുള്ള കവാടവും, വ്യവസായങ്ങള്‍ക്കും പുതുസംരംഭകര്‍ക്കും അഭിവൃദ്ധി പ്രാപിക്കാന്‍ ചലനാത്മകവും ബിസിനസ് സൗഹൃദവുമായ വേദിയും കരാര്‍ വാഗ്ദാനം ചെയ്യുന്നു. ഇത് ഇരുരാജ്യങ്ങളുടെയും വിതരണ ശൃംഖല സുരക്ഷിതമാക്കുകയും ഈ ദശകത്തിന്റെ അവസാനത്തോടെ വാര്‍ഷിക എണ്ണ ഇതര വ്യാപാരം 100 ബില്യണ്‍ യുഎസ് ഡോളര്‍ കൈവരിക്കുന്നതിനുള്ള പാത സുഗമമാക്കുകയും ചെയ്യും.
തിരിഞ്ഞുനോക്കുമ്പോള്‍, ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കാവുന്ന മികച്ച ഒരു കരാര്‍, മൂന്ന് മാസത്തിനുള്ളില്‍ ചര്‍ച്ചയിലൂടെ യാഥാര്‍ത്ഥ്യമായി എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, ഈ കരാര്‍ കേവലം മാസങ്ങള്‍ക്കുള്ളില്‍ രൂപപ്പെട്ടതല്ല, മറിച്ച് അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും വിനിമയത്തിന്റെയും നാള് വഴി കൂടിയാണ്. യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഇഴപിരിക്കാനാകാത്ത വിധം കെട്ടുപിണഞ്ഞുകിടക്കുന്ന ചരിത്രമുള്ള രണ്ട് രാജ്യങ്ങളുടെ യുക്തിസഹമായ പരിണാമത്തില്‍ക്കവിഞ്ഞ മറ്റൊന്നുമല്ല.
ഒപ്പിട്ട വര്‍ഷത്തിലും, കരാര്‍ പൂര്‍ണ്ണതോതില്‍ നടപ്പിലാക്കിയതിന് ശേഷമുള്ള ഒമ്പത് മാസങ്ങളിലും, സര്‍വ്വ അളവുകോലുകളും സൂചിപ്പിക്കുന്നത് ഇത് സ്വാഗതം ചെയ്യപ്പെട്ടുവെന്ന് മാത്രമല്ല, വെല്ലുവിളി നിറഞ്ഞ സാമ്പത്തിക അന്തരീക്ഷത്തില്‍ വളരെ അത്യാവശ്യമായിരുന്നുവെന്ന് കൂടിയാണ്. 2022-ല്‍ എണ്ണ ഇതര ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം 49 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. 2021 മായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനം വര്‍ധനയും 2030-ലെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന മുന്നേറ്റവും ആണിത്. യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 26 ശതമാനവും പുനര്‍ കയറ്റുമതി 10 ശതമാനവും ഉയര്‍ന്നു. 2022-ല്‍ 11,000 പുതിയ ഇന്ത്യന്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതായി ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കമ്പനികളുടെ എണ്ണം 83,000-ലധികമായി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും സാംസ്കാരികവുമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും.
സ്ഥിതിവിവരക്കണക്കുകളില്‍ ദൃശ്യമാകുന്നതിനേക്കാള്‍ കൂടുതല്‍ നേട്ടം ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ മൂലമുണ്ടായിട്ടുണ്ട്. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളെ കൂടുതല്‍ ആഴത്തിലാക്കാന്‍ ഇരുവിഭാഗവും സ്വന്തം പ്രതിനിധികളെ ഇരുരാജ്യങ്ങളിലേക്കും അയക്കുകയുണ്ടായി. 2022 മാര്‍ച്ചില്‍, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സൃഷ്ടിച്ച അനുകൂലമായ ആവാസവ്യവസ്ഥയുടെ കീഴില്‍ വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിന്, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കയറ്റുമതി സ്ഥാപനങ്ങള്‍, വ്യവസായ പ്രമുഖര്‍ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘത്തെ നയിച്ചു കൊണ്ട് മന്ത്രി പിയൂഷ് ഗോയല്‍ യുഎഇയിലെത്തി. ഒരാഴ്ച മുമ്പ്, ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍, സംരംഭകര്‍ എന്നിവരടങ്ങിയ ഒരു പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് അല്‍ സെയൂദി ഇന്ത്യയിലുമെത്തി. ഇത് ശക്തിപ്പെടുന്ന സഹകരണത്തിന്റെ തെളിവാണ്.
ബെംഗളൂരുവില്‍, ഡുകാബ് ഗ്രൂപ്പിന്റെ പുതിയ മേഖല ഓഫീസ് തുറന്നത് മറ്റൊരുദാഹരണമാണ്. ഇന്ത്യന്‍ ഊര്‍ജ്ജ, നിര്‍മ്മാണ മേഖലകളില്‍ മുന്‍നിര കേബിളുകളും ലോഹ ഉത്പന്നങ്ങളുമെത്തിച്ച് മികച്ച സേവനം നല്കാന് ഡുകാബ് ഗ്രൂപ്പിന്റെ സാന്നിധ്യം സഹായകമാകും. ഉത്തര്‍പ്രദേശില്‍ നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയില്‍ യുഎഇ പ്രതിനിധി സംഘം പങ്കെടുത്തു. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തിലെ പുനരുപയോഗ ഊര്‍ജ്ജ, ലോജിസ്റ്റിക്സ്, ചില്ലറവ്യാപാര, ഭക്ഷ്യ സംസ്കരണ പദ്ധതികളില്‍ യുഎഇ സ്വകാര്യ മേഖലയുടെ 2.5 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപത്തിന്റെ പുരോഗതി വിലയിരുത്തി. ഇതിലൂടെ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.
2022 മെയ് മാസത്തിനു ശേഷം ആരംഭിച്ച, ഗുജറാത്തിലെ 300 മെഗാവാട്ട് ഹൈബ്രിഡ് പുനരുപയോഗ ഊര്‍ജ്ജപദ്ധതി, ജല സംരക്ഷണത്തിനും പാഴ് വസ്തുക്കള്‍ ഒഴിവാക്കാനും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ഇന്ത്യയിലുടനീളമുള്ള സുസ്ഥിര ഭക്ഷ്യ പാര്‍ക്കുകള്‍ തുടങ്ങി നിരവധി സുപ്രധാന പങ്കാളിത്ത പദ്ധതികള്‍ യാഥാര്‍ത്ഥ്യത്തോടടുക്കുന്നു. ഇന്ത്യയുടെ ലോജിസ്റ്റിക്സ് മേഖലയില്‍ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍വെസ്റ്റ് ഇന്ത്യയുടെയും സ്റ്റാര്‍ട്ട്-അപ്പ് കേരള മിഷന്റെയും പങ്കാളിത്തത്തോടെ സജ്ജീകരിച്ച ടെക്നോളജി ആക്സിലറേറ്റര്‍ പ്ലാറ്റ്ഫോമായ ദുബായ് ഇന്‍കുബേറ്റര്‍ സെന്ററിന് ഡിപി വേള്‍ഡ് കഴിഞ്ഞ വര്‍ഷം തുടക്കിമിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പരസ്പരപൂരകത്വം അതിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിയിട്ടില്ല. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് ശേഷമുള്ള സമീപകാല നിക്ഷേപങ്ങള്‍ വ്യക്തമാക്കുന്നത് ആകാശമാണ് സഹകരണത്തിന്റെ പരിധിയെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: