ന്യൂഡൽഹി: ബിബിസി ഓഫീസുകളിൽ നടത്തിയ 58 മണിക്കൂര്‍ സർവേയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നികുതിവെട്ടിപ്പ് കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ്. ബിബിസി എന്ന് പറയാതെ ഒരു വിദേശ മാധ്യമ സ്ഥാപനം എന്നാണ് ആദായ നികുതി വകുപ്പിന്റെ പത്രക്കുറിപ്പില്‍ പറയുന്നത്.
ഇംഗ്ലീഷ് ഒഴികെയുള്ള ഇന്ത്യൻ ഭാഷകളിൽ കാഴ്ചക്കാരുണ്ടെങ്കിലും അതിന് ആനുപാതികമായല്ല ബിബിസിയുടെ വരുമാന കണക്കുകളെന്ന് സർവേയിൽ കണ്ടെത്തി. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായുള്ള വരുമാനവും ലാഭവും അല്ല കമ്പനിയുടെ വിവിധ വകുപ്പുകളുടെ കണക്കുകളില്‍ കാണിക്കുന്നത്.
1961ലെ ആദായനികുതി ആക്ടിലെ സെക്ഷൻ 133 എ പ്രകാരമാണ് ബിബിസിയുടെ മുംബൈ, ന്യൂഡൽഹി ഓഫീസുകളിൽ സർവേ നടത്തിയതെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.ബി ബി സിക്ക് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വേണ്ടത്ര സമയം നല്‍കിയിരുന്നു. ജീവനക്കാരെ പുറത്ത് പോകാന്‍ അനുവദിച്ചിരുന്നു. – ആദായനികുതി വകുപ്പ് കമ്മീഷണര്‍ സുരഭി അഹ്ലുവാലിയ പുറത്തിറക്കയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
“സർവേയിൽ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ലഭിച്ചു. ബിബിസിയുടെ വിദേശത്തുള്ള ഓഫീസുകൾ മറച്ചുപിടിച്ചിട്ടുള്ള ഇന്ത്യയിൽ നിന്നുള്ള ചില വരുമാനങ്ങള്‍ക്ക് നികുതി നല്‍കിയിട്ടില്ലെന്ന് സർവേയിൽ വ്യക്തമായിട്ടുണ്ട്.” -ആദായനികുതി വകുപ്പ് പത്രകുറിപ്പിൽ വ്യക്തമാക്കുന്നു. വിദേശത്ത് നിന്നും ഇന്ത്യയില്‍ വന്ന് ജോലി ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം ഇന്ത്യയിലെ ഓഫീസില്‍ നിന്നാണ് വിദേശത്തെ ഓഫീസിലേക്ക് പോകുന്നത്. ഇതും നികുതി പിടിക്കേണ്ട വരുമാനമാണെങ്കിലും അങ്ങിനെ ചെയ്തിട്ടില്ല. – പ്രസ്താവനയില്‍ പറയുന്നു.
കമ്പനിയിലെ ഉദ്യോഗസ്ഥര്‍ റെയ്‍ഡുമായി പൂര്‍ണ്ണമായും സഹകരിച്ചുവെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. റെയ്ഡ് ജീവനക്കാര്‍ക്ക് തലവേദനയുണ്ടാക്കിയിരിക്കാം. പക്ഷെ നിയും ഭയമോ ചായ് വോ കൂടാതെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരാനും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആശംസിക്കുന്നു.
കൈമാറ്റ വില (ട്രാന്‍സ്ഫര്‍ പ്രൈസിങ്ങ്- Transfer Pricing) സംബന്ധിച്ച രേഖകളില്‍ വീഴ്ചകളും അസ്ഥിരതകളും കണ്ടെത്തിയെന്നും പറയുന്നു. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ മൊഴികള്‍, ഡിജിറ്റല്‍ തെളിവുകള്‍, മറ്റ് രേഖകള്‍ എന്നിവ കണ്ടെത്തിയതായും പറയുന്നു. പ്രധാനപ്പെട്ട ജീവനക്കാരുടെ പ്രസ്താവനകള്‍ മാത്രമേ റെക്കോഡ് ചെയ്യാവൂ എന്നതില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ഇവരെല്ലാം കമ്പനിയുടെ ധനകാര്യം, ഉള്ളടക്കം വികസിപ്പിക്കല്‍, മറ്റ് ഉല്‍പാദനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവരാണ്.
ആരുടെയ കയ്യില്‍ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ലന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഡേറ്റ പകര്‍ത്തിയത് (ക്‌ളോണിംഗ് ) പ്രധാനപ്പെട്ട ഉപകരണങ്ങള്‍ മാത്രമാണെന്നും പിന്നീട് ഇത് തിരിച്ച് നല്‍കിയെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: