കൊച്ചി: 5ജി മുതല്‍ നിര്‍മ്മിതബുദ്ധിവരെയുള്ള മേഖലകളില്‍ ഇന്ന് ലോകത്തിനു വഴികാട്ടിയാവുന്നത് ഇന്ത്യയാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി, നൈപുണ്യശേഷി വികസന, സംരംഭക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘ടെക് എക്സ്പെക്റ്റേഷന്‍സ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ മനോരമ ഇന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച അഞ്ചാമത് ഡിജിറ്റല്‍ ഉച്ചകോടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ സാങ്കേതികയില്‍ ഇന്ത്യ ഇന്ന് മുന്‍പൊന്നുമില്ലാത്ത തരത്തില്‍ മുന്നേറിക്കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. ഇടനിലക്കാരില്ലാതെ തന്നെ ഇന്ന് സാധാരണക്കാരുടെ അക്കൗണ്ടുകളിലേക്ക് ക്ഷേമപദ്ധതികളുടെ വിഹിതം നേരിട്ട് എത്തുന്ന രീതിയാണ് നിലവിലുള്ളത്. രാജ്യത്തെ ഡിജിറ്റല്‍ സങ്കേതങ്ങളാണ് ഇതിന് സഹായകമാകുന്നതെന്നും ഒരു ദിവസത്തെ കൊച്ചി സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് എറണാകുളം സെന്റ് തെരേസാസ് കോളേജിലെത്തിയ മന്ത്രി വിദ്യാര്‍ഥി സമൂഹവുമായും അധ്യാപകരുമായും ആശയവിനിമയം നടത്തി. അണ്ണാ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് മുന്‍ അംഗവുമായ ഇ. ബാലഗുരുസാമിയുടെ ജീവിതത്തെ അധികരിച്ച് രചിക്കപ്പെട്ട ‘സത്യത്തിന്റെ പാതയില്‍ തുടരുന്ന യാത്ര: പ്രൊഫ. ഇ. ബാലഗുരുസാമിയുടെ ജീവിതത്തിലൂടെ’ എന്ന മലയാളം ജീവചരിത്രം രാജീവ് ചന്ദ്രശേഖര്‍ പ്രകാശനം ചെയ്തു. കോയമ്പത്തൂരിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് ഉയരങ്ങള്‍ കീഴടക്കിയ ഇ. ബാലഗുരുസാമിയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സാങ്കേതിക വൈദഗ്ധ്യം രൂപപ്പെടുത്തുന്നതില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു.
തുടര്‍ന്ന് കേരള ഹൈകോടതിയിലെത്തിയ മന്ത്രി ചീഫ് ജസ്റ്റിസ് എസ് മണി കുമാര്‍, ജസ്റ്റിസ്സുമാരായ ഷാജി പി ചാലി, എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എ മുഹമ്മദ് മുസ്താഖ്, പി ബി സുരേഷ് കുമാര്‍, വി രാജ വിജയരാഘവന് എന്നിവരുമായി ചര്‍ച്ച നടത്തി. ‘ആധുനിക സാങ്കേതികതയും നീതി നിര്‍വഹണവും’ എന്ന വിഷയത്തില്‍ ഹൈ കോര്‍ട്ട് അസോസിയേഷന് സംഘടിപ്പിച്ച ചര്‍ച്ചയിലും അദ്ദേഹം പങ്കെടുത്തു. തുടര്‍ന്ന് അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിച്ചു.
തന്റെ സ്കൂള്‍ വിദ്യാഭ്യാസം, ആദര്‍ശങ്ങള്‍, പ്രചോദനങ്ങള്‍ എന്നിവയെപ്പറ്റിയും; ഒരു സംരംഭകന്, രാഷ്ട്രീയ പ്രവര്ത്തകന്, എം പി, ഇപ്പോള്‍ ഒരു മന്ത്രി എന്നീ നിലകളില്‍ ഉണ്ടായിട്ടുള്ള അനുഭവങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. കഠിനാധ്വാനത്തെ ഒരിക്കലും ഭയപ്പെടരുതെന്നും ഒരിക്കലും കുറുക്കുവഴികള്‍ സ്വീകരിക്കരുത്. ധീരഹൃദയരായ സായുധ സേനയുടെ ധൈര്യവും രാജ്യത്തോടുള്ള സമീപനവും ഉള്‍ക്കൊള്ളണം എന്നും രാജീവ് ചന്ദ്രശേഖര്‍ അവരെ ഉപദേശിച്ചു. പ്രതിഭകള്‍ക്ക് ലോകമെമ്പാടും ആവശ്യക്കാരേറെയാണെന്നും, ‘ഫ്യൂച്ചര്‍ റെഡി ടാലന്റ്’ ആകണമെങ്കില്‍ ഡിജിറ്റല്‍ കഴിവുകള്‍ പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: