ഇസ്ലാമാബാദ്: പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് തലവന്‍ ഇമ്രാന്‍ ഖാന്റെ അറസ്റ്റ് തടയാന്‍ ലാഹോറില്‍ നാടകീയ നീക്കങ്ങള്‍. നൂറുകണക്കിന് അണികളും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ക്യാമ്പ് ചെയ്തിരിക്കുന്നത്. ജാമ്യം റദ്ദാക്കിയതോടെ ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാന്‍ പൊലീസ് പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പരന്നിരുന്നു. ഇതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒത്തുകൂടി മുദ്രാവാക്യം വിളിച്ച് ബാനറുകളുമായി പ്രകടനം ആരംഭിച്ചത്. പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ തുടരുകയാണ്.
പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു പുറത്തു പ്രതിഷേധിച്ചതിന് ഇമ്രാന്‍ ഖാനെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യാപേക്ഷ രണ്ട് ദിവസം മുമ്പ് തീവ്രവാദ വിരുദ്ധ കോടതി തള്ളിയിരുന്നു. സംരക്ഷണ ജാമ്യത്തിനായുള്ള അദ്ദേഹത്തിന്റെ അപേക്ഷ വ്യാഴാഴ്ച ലാഹോര്‍ ഹൈക്കോടതി തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിനൊരുങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്ത പരന്നത്. ഇമ്രാന്‍ ഖാന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ രാജ്യം മുഴുവന്‍ തെരുവിലിറങ്ങുമെന്ന് പി.ടി.ഐ നേതാവ് മുസറത്ത് ജംഷെയ്ദ് ചീമ പറഞ്ഞു. പാര്‍ട്ടി മേധാവിയെ അറസ്റ്റുചെയ്യാനുള്ള ഏത് ശ്രമവും പരാജയപ്പെടുത്തുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും വ്യതമാക്കി.
ഇമ്രാന്‍ ഖാനെ അയോഗ്യനാക്കിയതായി പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്ഥാനില്‍ നിരവധി പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഇമ്രാന്‍ ഖാനെതിരെ കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വസീറാബാദില്‍ ഒരു റാലിക്കിടെ വധശ്രമമുണ്ടായതിനെ തുടര്‍ന്ന് പരിക്കേറ്റതിനാല്‍ ഇമ്രാന്‍ ഖാന് ജാമ്യം അനുവദിക്കുകയായിരുന്നു. ബുധനാഴ്ച ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതിയി ജഡ്ജി രാജാ ജവാദ് അബ്ബാസ്, ഇമ്രാന് കോടതിയില്‍ ഹാജരാകാന്‍ മതിയായ സമയം നല്‍കിയതാണെന്നും അദ്ദേഹം അതില്‍ പരാജയപ്പെട്ടു എന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: