കൊച്ചി : ലൈഫ് മിഷന് ഇടപാടില്‍ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കുന്നതിനായി ശിവശങ്കര്‍ നടത്തിയത് ആസൂത്രിത നീക്കം. ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതല്‍ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇതില്‍ റെഡ്ക്രസന്റിനെ ലൈഫ് മിഷന് പദ്ധതിയിലേക്ക് എങ്ങിനെയാണ് കൊണ്ടുവരേണ്ടതെന്നും ഉപദേശിക്കുന്നുണ്ട്.
റെഡ്ക്രസന്റ് സര്‍ക്കാരിന് നല്‍കേണ്ട കത്തിന്റെ രൂപരേഖ തയ്യാറാക്കി നല്കിയതും ശിവശങ്കര്‍ തന്നെയാണെന്നും വാട്സ്ആപ്പ് ചാറ്റില്‍ നിന്നും വ്യക്തമാണ്. തുടര്‍ന്ന് കോണ്‍സുലേറ്റിന്റെ കത്തുകൂടി ചേര്‍ത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറണം. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി.എം. രവീന്ദ്രനെ വിളിക്കാനും സ്വപനയ്ക്ക് ശിവശങ്കര്‍ നിര്‍ദ്ദേശം നല്കി. ലൈഫ് മിഷന് ഇടപാടില്‍ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കാന്‍ ശിവശങ്കര്‍ ആസൂത്രിത നീക്കം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
റെഡ് ക്രസന്റിനെ ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമാക്കിയതിനു പിന്നില്‍ ഗൂഢാലോചന നടന്നതായാണ് സംശയം. അതേസമയം ലൈഫ് മിഷന് ചെയര്‍മാനായ മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിക്കുന്നതിനടക്കം ശിവശങ്കര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: