അടിമാലി : സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അടിമാലി ഗവെര്‍ന്മെന്റ് സ്കൂളിലെ അര്‍ഹരായ കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം നല്കുന്ന പദ്ധതി ആരംഭിച്ചു. ഈ കുട്ടികളില്‍ ഭൂരിഭാഗം പേരും വനവാസി വിഭാഗത്തില്‍ പെട്ടവരാണ്. സമീപ കാലത്ത് കുട്ടികള്‍ പ്രഭാത ഭക്ഷണം കഴിയ്ക്കാതെ വിശന്നിരുന്നു പഠിയ്ക്കുന്ന വാര്‍ത്തകള്‍ ജില്ലയിലെ ഒരു ട്രൈബല്‍ സ്കൂളില്‍ നിന്നും വന്നിരുന്നു. അത് പ്രകാരം മെഡിക്കല്‍ മിഷന് ഭാരവാഹികള്‍ അടിമാലി സ്കൂളില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിയ്ക്കുകയും , 137 ഓളം കുട്ടികള്‍ പ്രഭാത ഭക്ഷണം കഴിയ്ക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ നിന്ന് വരുന്നുണ്ടെന്ന് മനസ്സിലാക്കിയ അധ്യാപകരും പി ടി എ യും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയും സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനെ അറിയിയ്ക്കുകയുമായിരുന്നു .
അടിമാലി പഞ്ചായത്തില്‍ 27 ല്‍ പരം ആദിവാസി കുടികള്‍ ഉണ്ട്. ഇവരുടെ ഏക ആശ്രയമാണ് അടിമാലി ഗവണ്മെന്റ് സ്കൂള്‍. ഏകദേശം എണ്ണൂറോളം കുട്ടികള്‍ ആണ് ഇവിടെ പഠിയ്ക്കുന്നത്. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ട്രസ്റ്റ് കഴിഞ്ഞ 19 വര്‍ഷങ്ങളായി അട്ടപ്പാടിയില്‍ ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാരിക, നൈപുണ്യ വികസന മേഖലകളില്‍ ഊന്നല്‍ നല്‍കികൊണ്ട് വിവിധങ്ങളായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. 2021 മുതല്‍ അട്ടപ്പാടിക്ക് പുറത്തേയ്ക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ വട്ടവട കേന്ദ്രമാക്കി ഒരു ആശുപത്രിയും, സമീപ ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പുകളും ആരംഭിച്ചിരിക്കുന്നു.
മലയോര മേഖലയുടെ പിന്നോക്കാവസ്ഥയും വനവാസി വിഭാഗങ്ങളുടെ അരക്ഷിതാവസ്ഥയും സാമൂഹിക പിന്തുണയോടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് വിവേകാനന്ദ മെഡിക്കല്‍ മിഷന് നടത്തുന്നത്. ഈ പദ്ധതിയുമായി സഹകരിയ്ക്കാന്‍ താല്പര്യമുള്ളവര് കോണ്ടാക്ട് ചെയ്യുക – 9901510321
പ്രതികരിക്കാൻ ഇവിടെ എഴുതുക: