തൊടുപുഴ: മാധ്യമ പ്രവര്‍ത്തനം സാമൂഹിക സൃഷ്ടിക്കായുള്ള ഉദ്യമമാണെന്ന് ചരിത്രപണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊഫ സി.ഐ. ഐസക് പറഞ്ഞു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വസ്തുതകള്‍ മാറ്റാതെ കാര്യങ്ങള്‍ സൂക്ഷ്മമായി കാണുകയും മികച്ച രീതിയില്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കണണമെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങളില്‍ വായനാശീലം വളര്‍ത്തുവാനും ജനങ്ങളും ഗവണ്മെന്റുമായുള്ള ആശയവിനിമയത്തിനും മാധ്യമങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃത്യത,സംക്ഷിപ്തത,വൃക്തത എന്നിവ മാധ്യമപ്രവര്‍ത്തകര്‍ എപ്പോഴും കൈക്കൊള്ളണമെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ പി.ഐ.ബി. അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ (റീജിയണ്‍) വി. പളനിച്ചാമി പറഞ്ഞു. മാറുന്ന സാങ്കേതികവിദ്യകള്‍ കൈക്കൊണ്ട് വികസനോന്മുഖ വാര്‍ത്തകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യകള്‍ കൊണ്ട് എപ്പോഴും മാറികൊണ്ടിരിക്കുന്ന മേഖലയാണ് മാധ്യമ തൊഴില്‍ മേഖലയെന്ന് മുഖ്യപ്രഭാഷണത്തില്‍ ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് സോജന് സ്വരാജ് പറഞ്ഞു. പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും പ്രാദേശിക മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ക്രിയാത്മക സഹകരണം കൂടുതല്‍ അര്‍ത്ഥസമ്പുഷ്ടവും, കരുത്തുറ്റതും, ഊഷ്മളവുമാക്കുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം.
‘കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍: ബാങ്കുകളുടെ പങ്കും സേവനങ്ങളും’ എന്ന വിഷയത്തില്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സലര്‍മാരായ സുരേഷും അസീസും സംസാരിച്ചു. ‘കേന്ദ്ര ബജറ്റ് 202324’ എന്ന വിഷയത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ അനു നാരായണനും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മീഡിയ യൂണിറ്റുകളെ കുറിച്ച് പിഐബി ജോയിന്റ് ഡയറക്ടര്‍ വി.പാര്‍വതിയും സെഷനുകള്‍ നടത്തി.
പിഐബി അസിസ്റ്റന്റ് ഡയറക്ടര്‍ നവീന്‍ ശ്രീജിത്ത് യു.ആര്. സ്വാഗതവും ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളില്‍ നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ ബ്യുറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുധാ നമ്പൂതിരിയും പങ്കെടുത്തു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ യൂണിറ്റുകളുടെ പ്രതിനിധികളും കേന്ദ്ര ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: