കൊച്ചി : ലൈഫ് മിഷന്‍ കോഴയിടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ശിവശങ്കറിന്റെ സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
വെള്ളിയാഴ്ച കൊച്ചിയില്‍ ഇഡി ഓഫീസില്‍ ഹാജരാകാനാണ് വേണുഗോപാലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശിവശങ്കറിനൊപ്പം ഇരുത്തിയും ചോദ്യം ചെയ്‌തേക്കും. ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വേണുഗോപാല്‍ സ്വപ്‌നയ്‌ക്കായി ലോക്കര്‍ തുറന്നു നല്‍കിയത്. സംയുക്ത അക്കൗണ്ട് തുടങ്ങിയ ശേഷം ഇക്കാര്യം ശിവശങ്കറിനെ അറിയിച്ചിരുന്നെന്നുമാണ് സ്വപ്‌ന അന്വേഷണ സംഘത്തിന് മുമ്പാകെ നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനും കൂടിയാണ് ഇഡിയുടെ ഈ നീക്കം.
ലൈഫ് മിഷന്‍ കരാര്‍ യൂണിടാക്കിന് ടെന്‍ഡര്‍ നടപടികളില്ലാതെ നല്‍കിയതിന് ശിവശങ്കറിന് ഒരു കോടി രൂപ കോഴയായി ലഭിച്ചെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ശിവശങ്കര്‍ ആവര്‍ത്തിക്കുന്നത്. അതേസമയം വരും ദിവസം കേസില്‍ കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: