പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ വിനോദയാത്ര പോയ ജീവനക്കാര്‍ ഔദ്യോഗീകമായി അവധിയെടുത്തവര്‍. ജീവനക്കാരുടെ അവധി പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോന്നി താലൂക്ക് ഓഫീസിലെ 42 ജീവനക്കാര്‍ കൂട്ട അവധിയെടുത്തത്. ഓഫീസില്‍ 63 പേര് ഉള്ളതില്‍ 24 പേര് മാത്രമാണ് അന്ന് ജോലിക്കെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മുന്നാറിലേക്ക് വിനോദയാത്ര പോയതാണെന്ന് അറിഞ്ഞത്. സ്ഥലത്ത് എത്തിയ എംഎല്‍എ കെ.യു. ജനീഷ് കുമാര്‍ സംഭവം വിവാദമാക്കുകയും ചെയ്തിരുന്നു.
വിഷയത്തില്‍ എംഎല്‍എ ഇടപെടല്‍ മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണെന്ന വിമര്‍ശനവുമായി ഡെപ്യുട്ടി തഹസില്‍ദാര്‍ എം.സി. രാജേഷ് പ്രതികരിച്ചതോടെയാണ് ഇത് കൂടുതല്‍ വിവാദമായത്. മന്ത്രി വിഷയത്തില്‍ ഇടപെടുകയും 5 ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്നു വകുപ്പ് മന്ത്രി കെ.രാജന് പ്രഖ്യാപിച്ചു. ജില്ലാ കളക്ടറോട് വിശദീകരണം ആവശ്യപ്പെടുകയുമായിരുന്നു.
കളക്ടറുടെ റിപ്പോര്‍ട്ടിന് മേല്‍ നടപടി എടുക്കേണ്ടത് ലാന്‍ഡ് റവന്യു കമ്മീഷണറാണ്. അതേസമയം കോന്നിയിലെ കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്കുന്നതില് മാര്‍ഗരേഖ തയ്യാറാക്കാന്‍ നീക്കമുണ്ട്. ഇന്ന് ചേരുന്ന റവന്യു സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ജനങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂ വകുപ്പായത് കൊണ്ട് ജീവനക്കാരില്‍ എത്രശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്കാമെന്നതില് പൊതുമാനദണ്ഡം ഉണ്ടാക്കാനാണ് നീക്കം.
താലൂക്ക് ഓഫീസിലെ ഹെഡ്ക്വാര്‍ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി. രാജേഷ് ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലാണ് എംഎല്‍എ ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയ തഹസില്‍ദാരുടെ കസേരയിലിരിക്കാനും രജിസ്റ്റര്‍ പരിശോധിക്കാനും എംഎല്‍എക്ക് എന്ത് അധികാരമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. എന്നാല്‍ ഡെപ്യൂട്ടി തഹസില്‍ദാരുടേത് പെരുമാറ്റചട്ട ലംഘനമാണെന്നായിരുന്നു ജനീഷ് കുമാറിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: