സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവുമധികം അവഗണനയും വികസന പിന്നാക്കാവസ്ഥയും നേരിട്ട ജനതയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അഞ്ചു കോടി മനുഷ്യര്‍. ഇവര്‍ക്കായി വികസനത്തിന്റെയും സേവനത്തിന്റെയും ഗുണഫലങ്ങളെത്തിച്ചുനല്കി എന്നതാണ് അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിനെയും നരേന്ദ്രമോദി സര്‍ക്കാരിനെയും ശ്രദ്ധേയമാക്കുന്നത്. സാമൂഹ്യവും രാഷ്ട്രീയവും മതപരവും ഭാഷാപരവും വിദ്യാഭ്യാസപരമായുമെല്ലാം നൂറുകണക്കിന് ഭേദഭാവങ്ങള്‍ നിറഞ്ഞുനില്ക്കുന്ന വടക്കുകിഴക്കന്‍ മണ്ണിലേക്ക് ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി നല്കിയ രണ്ട് പ്രധാനമന്ത്രിമാരാണ് വാജ്പേയിയും മോദിയും.
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക മന്ത്രാലയം തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി മോദിസര്‍ക്കാര്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നു. ശതകോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന ദേശീയപാതകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഖഛായ മാറ്റുന്നു. അതിനാല്‍തന്നെ രാഷ്ട്രീയമായ വത്യാസങ്ങള്ക്കപ്പുറം ബിജെപിക്കും എന്‍ഡിഎയ്ക്കുമൊപ്പം അണിനിരക്കാന്‍ വടക്കുകിഴക്കന്‍ ജനത യാതൊരു മടിയും കാണിച്ചിട്ടുമില്ല. 2019ല്‍ വലിയ വിജയം മോദിയുടെ നേതൃത്വത്തിന് സമ്മാനിച്ചത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മികച്ച വിജയങ്ങള്‍ കൂടിയാണ്. വടക്കുകിഴക്കന്‍ ഭാരതത്തിന്റെ വികസനത്തിനുള്ള എല്ലാ തടസ്സങ്ങളും തന്റെ സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞതായി പ്രധാനമന്ത്രി മോദി എല്ലാ വേദികളിലും പ്രസംഗിക്കാറുണ്ട്. സപ്ത സഹോദരികള്‍ എന്നറിയപ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങള്‍ ഈ മാസം വിധിയെഴുതുകയാണ്. മൂന്നു സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരുകളാണ് ഭരിക്കുന്നത്. ഇന്നാണ് ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 27ന് നാഗാലാന്റിലും മേഘാലയയിലും വോട്ടെടുപ്പ് നടക്കും. മാര്‍ച്ച് 2ന് വോട്ടെണ്ണല്‍.
ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി
അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് വലിയ രാഷ്ട്രീയ മാറ്റത്തിന് തുടക്കമിട്ടവരാണ് ത്രിപുരയിലെ ജനങ്ങള്‍. പതിറ്റാണ്ടുകള്‍ പിന്നിട്ട ഇടതുഭരണത്തെ ജനങ്ങള്‍ തൂത്തെറിഞ്ഞു. അറുപതംഗ നിയമസഭയില്‍ 36 സീറ്റുകളിലെ വമ്പന്‍ വിജയത്തോടെയാണ് ബിജെപി സംസ്ഥാന ഭരണം പിടിച്ചത്. ബിപ്ലവ് കുമാര്‍ ദേവ് മുഖ്യമന്ത്രിയായി ബിജെപി ത്രിപുരയില്‍ ഭരണം തുടങ്ങുമ്പോള്‍ മണിക് സര്‍ക്കാരിന്റെ ഇടതുപക്ഷം വെറും 16 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു. 43.59 ശതമാനം വോട്ടുകളോടെയായിരുന്നു ത്രിപുരയില്‍ ബിജെപിയുടെ വിജയം. എന്‍ഡിഎ സഖ്യകക്ഷിയായ ഐപിഎഫ്ടി 8 സീറ്റുകളിലും വിജയിച്ചിരുന്നു. സംസ്ഥാനത്തെ എന്‍ഡിഎയുടെ വോട്ട് വിഹിതം 51 ശതമാനമായി ഉയര്‍ന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം മുഖ്യമന്ത്രിയായി മണിക് സാഹയും ഉപമുഖ്യമന്ത്രിയായി ജിഷ്ണുദേവ് വര്‍മ്മനും മുന്നില്‍ നിന്ന് നയിക്കുന്ന ത്രിപുരയിലെ ബിജെപി മൂന്നില്‍ രണ്ട് സീറ്റിലെ വിജയത്തില്‍ കുറഞ്ഞതൊന്നും ഇത്തവണ പ്രതീക്ഷിക്കുന്നില്ല.
ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്യ സഖ്യത്തിലേര്‍പ്പെടുന്ന ത്രിപുരയില്‍ ഇവരുടെ രാഷ്ട്രീയ സഖ്യം തന്നെയാണ് ബിജെപിയുടെ ആയുധങ്ങളിലൊന്ന്. മോദി സര്‍ക്കാരും ത്രിപുരയിലെ ബിജെപി സര്‍ക്കാരും കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് അവതരിപ്പിച്ചുകൊണ്ടുള്ള ബിജെപിയുടെ പ്രചാരണം ഗ്രാമഗ്രാമന്തരങ്ങളില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ജനവിശ്വാസ് പദയാത്രകളുമായി ബിജെപി നേതാക്കള്‍ ഓരോ ഗ്രാമത്തിലും മാസങ്ങളായി കടന്നുചെന്നുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളും ത്രിപുരയില്‍ നടക്കുന്നു. വിജയം സുനിശ്ചിതമാണെന്നും 36 സീറ്റിലധികം നേടാനാവുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കവേ വ്യക്തമാക്കിയിരുന്നു.
ബിജെപി 45 സീറ്റിലേക്ക് ഉയരുമെന്നാണ് മുന്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറയുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്നിലും ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചതും ബിപ്ലവ് ദേവ് ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനും അടക്കം പ്രമുഖ നേതാക്കളെ അണിനിരത്തിയുള്ള പ്രവര്‍ത്തനമാണ് ബിജെപി സംസ്ഥാനത്ത് കാഴ്ച വെയ്ക്കുന്നത്. കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിലെ പ്രശ്നങ്ങളും മറ്റൊരു പ്രതിപക്ഷമായ തിപ്ര മോത ചെയര്മാന് പ്രദ്യോത് വര്‍മ്മ രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചതും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയെങ്കിലും രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ ത്രിപുരയിലേക്ക് എത്തിനോക്കാത്തതില് സിപിഎമ്മില്‍ അതൃപ്തിയുണ്ട്. ത്രിപുര മോഡല്‍ ദേശീയ തലത്തിലേക്കില്ലെന്ന സീതാറാം യെച്ചൂരിയുടെ പുതിയ പ്രസ്താവനയും രാഷ്ട്രീയ തിരിച്ചടി ഉറപ്പായ സാഹചര്യത്തിലാണെന്ന് വ്യക്തം.
മേഘാലയയിലും നാഗാലാന്റിലും മുന്നില്‍ എന്‍ഡിഎ
ഇരുസംസ്ഥാനങ്ങളിലും എന്‍ഡിഎ സഖ്യകക്ഷികളാണ് ഭരണത്തിലുള്ളത്. മേഘാലയയില്‍ 2018ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷിയായ, 20 സീറ്റുകള്‍ നേടിയ കൊണ്‍റാദ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് സര്‍ക്കാരുണ്ടാക്കിയത്. രണ്ട് സീറ്റുകള്‍ വിജയിച്ച ബിജെപിയും പ്രാദേശിക പാര്‍ട്ടികളും സ്വതന്ത്രരും അടക്കം പിന്തുണച്ചതോടെയാണ് സാങ്മ മുഖ്യമന്ത്രിയായത്. അറുപതംഗ നിയമസഭയില്‍ എന്‍പിപിയും ബിജെപിയും രണ്ട് സീറ്റു നേടിയ എച്ച്എസ്പിഡിപിയും ആറു സീറ്റുകളുള്ള യുഡിപിയും നാല് സീറ്റുള്ള പിഡിഎഫും എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാണ്. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ലോക്സഭാ സ്പീക്കറായിരുന്ന പി.എ സാങ്മയുടെ മകനായ കൊണ്‍റാദ് സാങ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് തന്നെയാണ് ഇവിടെ ഇത്തവണയും സാധ്യത. ബിജെപി മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെച്ച് പതിനഞ്ചിലധികം സീറ്റുകളിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍. എന്‍പിപിയും ബിജെപിയും രണ്ടായാണ് മത്സരിക്കുന്നതെങ്കിലും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം തന്നെയാണ് നടക്കുന്നത്. സഖ്യകക്ഷികള്‍ പിന്നീട് പിന്തുണ നല്‍കിക്കൊള്ളുമെന്നും തെരഞ്ഞെടുപ്പിലെ മുഖ്യ എതിരാളി തൃണമൂല്‍ കോണ്‍ഗ്രസ്സാണെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എം ചുബ ഓ പറഞ്ഞു.
നാഗാലാന്റില്‍ 2018ല്‍ പന്ത്രണ്ട് സീറ്റുകള്‍ നേടിയ ബിജെപിയുടെ പ്രകടനം ഏവരേയും ഞെട്ടിച്ചതാണ്. ഇത്തവണയും വലിയ വിജയം തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയും ബിജെപിയും ചേര്‍ന്നുള്ള സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച തന്നെയാണ് ലക്ഷ്യം. 2018ല്‍ എന്‍ഡിപിപിക്ക് 18 സീറ്റുകളാണ് ലഭിച്ചത്. പ്രതിപക്ഷമായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിന് 26 സീറ്റുകള്‍ ലഭിച്ചെങ്കിലും ബിജെപി പിന്തുണയോടെ എന്‍ഡിപിപി നേതാവ് നെയ്ഫു റിയോ മുഖ്യമന്ത്രിയായി. ഇത്തവണ ബിജെപിയുടെ സീറ്റുകള്‍ 14 ആയി ഉയരുമെന്നാണ് ഉപമുഖ്യമന്ത്രി കൂടിയായ ബിജെപി നേതാവ് വൈ പാറ്റണ് പ്രതികരിക്കുന്നത്. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായി 26 സീറ്റുകള്‍ നേടിയ എന്‍പിഎഫിന്റെ 21 എംഎല്‍എമാര്‍ കഴിഞ്ഞ വര്‍ഷം എന്‍ഡിപിപിയില്‍ ലയിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ടി.ആര്.സെലിങ് അടക്കമുള്ളവരാണ് എന്‍ഡിപിപിയിലെത്തിയത്. പിന്നീട് എന്‍പിഎഫ് തന്നെ എന്‍ഡിഎയുടെ ഭാഗമായി. നിലവില്‍ എന്‍ഡിപിപിക്ക് 42 എംഎല്‍എമാരുണ്ട്. 2018ലെ അതേ സീറ്റ് വിഭജന ഫോര്‍മുലയാണ് ഇത്തവണയും നാഗാലാന്റില്‍. ബിജെപി 20 സീറ്റിലും എന്‍ഡിപിപി 40 സീറ്റിലും മത്സരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: