ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയുന്നു. വായ്പ ലഭിക്കാവുന്നിടങ്ങളില് നിന്നെല്ലാം ധനം സമാഹരിച്ചിട്ടും രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍ അന്താരാഷ്ട്ര നാണയ നിധിയെ (ഐഎംഎഫ്) തൃപ്തിപ്പെടുത്തുന്നതിനായി വീണ്ടും ഇന്ധന വില സര്‍ക്കാര്‍ വര്‍ധിപ്പിപ്പിച്ചു. ബുധനാഴ്ച രാത്രി പെട്രോളിന്റെയും ഗ്യാസിന്റെയും വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് ഉയര്‍ത്തിയത്. 22.20 രൂപ വര്‍ധിച്ചതിന് ശേഷമാണ് പെട്രോള്‍ വില ലിറ്ററിന് 272 രൂപയായി വര്‍ധിപ്പിച്ചതായി ധനകാര്യ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് ഇതിനു കാരണമെന്നാണ് വിശദീകരണം.
അതിവേഗ ഡീസലിന്റെ വില 17.20 രൂപ വര്‍ധിപ്പിച്ചതിന് ശേഷം ലിറ്ററിന് 280 രൂപയായി. 12.90 രൂപ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മണ്ണെണ്ണ ലിറ്ററിന് 202.73 രൂപയ്ക്ക് ലഭിക്കും. അതേസമയം, ലൈറ്റ് ഡീസല്‍ ഓയില്‍ 9.68 രൂപ വര്‍ധിപ്പിച്ച് 196.68 രൂപയായി. പുതിയ വില വ്യാഴാഴ്ച പുലര്‍ച്ചെ 12 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പെട്രോള്‍ വര്‍ദ്ധനയ്ക്ക് ശേഷം പാക്കിസ്ഥാനില്‍ പണപ്പെരുപ്പം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കമ്മി കുറയ്ക്കാനും നികുതി പിരിവ് ഊര്‍ജിതമാക്കാനും മിനി ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് പാക് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: