മുസ്ലീങ്ങള്‍ക്കു വേണ്ടി മുസ്ലീങ്ങളാല്‍ ഉണ്ടാക്കപ്പെടുന്ന ഉല്‍പ്പന്നം അഥവാ നല്‍കപ്പെടുന്ന സേവനം എന്നതാണ് ഹലാലിന്റെ ശരിയായ നിര്‍വ്വചനം. ഹലാലിനു വേണ്ടി വാദിയ്‌ക്കുന്നവര്‍ ആരും തന്നെ ഇത് അംഗീകരിച്ചു തരില്ല. അത് വേറെ കാര്യം. കാരണം ഇതില്‍ കച്ചവടം ഉള്‍പ്പെട്ടിട്ടുണ്ട്. കച്ചവടത്തില്‍ ഒരു ഉല്‍പ്പന്നം പരമാവധി ചെലവാക്കപ്പെടണം എന്നേയുള്ളൂ. സാധനം വാങ്ങുന്ന ഉപഭോക്താവ് നല്‍കുന്ന പണത്തിന്റെ കാര്യത്തില്‍ ഏതായാലും ഹലാലും ഹറാമും ഇല്ല. ആരില്‍ നിന്ന് കിട്ടിയാലും കച്ചവടക്കാരന്‍ പണം സ്വീകരിയ്‌ക്കും. അപ്പോള്‍ കച്ചവടം നടക്കാന്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് തോന്നുന്ന കാര്യങ്ങള്‍ മറച്ചു വയ്‌ക്കേണ്ടി വരും. അല്ലെങ്കില്‍ അപ്രിയ സത്യത്തെ പുട്ടിയടിച്ച് കാണിയ്‌ക്കേണ്ടി വരും. അതിനു വേണ്ടിയാണ് മുകളില്‍ പറഞ്ഞ യഥാര്‍ത്ഥ്യം മൂടി വച്ച് ‘അനുവദനീയമായത് എന്നേ അര്‍ത്ഥമുള്ളൂ’ എന്നൊക്കെ വ്യഖ്യാനിയ്‌ക്കുന്നത്. എന്നാല്‍ ഹലാലിന്റെ അതേ ന്യായം ഉപയോഗിച്ച് ക്ഷേത്ര വിശ്വാസികള്‍ക്ക് വേണ്ടി ക്ഷേത്ര വിശ്വാസികള്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയാല്‍ അതിനു വേണ്ടി വാദിയ്‌ക്കാനും അംഗീകരിയ്‌ക്കാനും ഇവരൊക്കെ തയ്യാറാകുമോ ?
ചില പ്രത്യേക വിലക്കപ്പെട്ട കര്‍മ്മങ്ങളില്‍ കൂടി പണം സമ്പാദിയ്‌ക്കുന്നത് ഹറാമാണ് അഥവാ മുസ്ലീങ്ങള്‍ക്ക് നിഷിദ്ധമാണ് എന്ന് മത നിയമമുണ്ടത്രേ. അത്തരം നിഷിദ്ധ കര്‍മ്മങ്ങളില്‍ ഏതൊക്കെ പെടും എന്ന കാര്യത്തില്‍ പൊതുസമൂഹത്തിന് ഇപ്പോള്‍ കാര്യമായ സംശയമുണ്ട്. കാരണം സാധാരണക്കാരന്റെ പൊതു ബോധത്തില്‍ വളരെ മോശപ്പെട്ടതായി കണക്കാക്കപ്പെടുന്ന പലതും ഇപ്പോള്‍ നിത്യവും വാര്‍ത്തയാണ്. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരില്‍ എല്ലാ വിഭാഗക്കാരേയും കാണുന്നു. നമ്മുടെ നാടിന്റെ യഥാര്‍ത്ഥ്യം വച്ചു നോക്കുമ്പോള്‍ അവരില്‍ ഭൂരിപക്ഷവും മതവിശ്വാസികളാണ് എന്ന് കരുതുന്നതാണ് യുക്തി. കള്ളക്കടത്ത്, മയക്കു മരുന്ന് വ്യാപാരം, മലദ്വാര സ്വര്‍ണ്ണക്കടത്ത്, ചീഞ്ഞതും അഴുകിയതും മായം ചേര്‍ത്തവയുമായ ഭക്ഷണങ്ങളും മായം ചേര്‍ത്ത മറ്റു സാധനങ്ങളും വില്‍ക്കല്‍ തുടങ്ങി ഏറ്റവും സാമൂഹ്യ വിരുദ്ധമായ മിയ്‌ക്ക പ്രവൃത്തികള്‍ ചെയ്യാനും വിശ്വാസത്തെ ചൊല്ലി ആണയിടുന്നവര്‍ക്ക് യാതൊരു മടിയുമില്ല. അതാണ് അനുഭവം കാണിയ്‌ക്കുന്നത്. എന്നാല്‍ അതേസമയം ക്ഷേത്രങ്ങള്‍ക്ക് സംഭാവന കൊടുക്കുന്നത് വേശ്യാലയത്തിന് കൊടുക്കുന്നതിനു തുല്യമാണ് എന്ന് പഠിപ്പിച്ചു കൊടുക്കുന്ന മതപണ്ഡിതന്മാരെയും നമ്മള്‍ കണ്ടു. തന്റെ കലാ വാസന ഉപയോഗിച്ച് ഉണ്ണിക്കണ്ണന്റെ ചിത്രം വരച്ച് വരുമാനം ഉണ്ടാക്കുന്ന മുസ്ലീം യുവതിയെ, ‘ഒരു വേശ്യയുടേതിലും മോശമായതാണ് നിന്റെ ഈ പ്രവൃത്തി’ എന്ന് പച്ചയ്‌ക്ക് പറഞ്ഞ സഹോദരനില്‍ കണ്ടതും ഈ മനോഭാവത്തിന്റെ ബഹിസ്ഫുരണമാണ്. ആ സഹോദരനെ ഗുണദോഷിച്ച ഒരു പണ്ഡിതന്മാരെയും നാളിതു വരെ കണ്ടിട്ടില്ല.
ഹലാലിന്റെ കാര്യത്തില്‍ മുസ്ലീങ്ങള്‍ പുലര്‍ത്തുന്ന നിഷ്ഠ അവരുടെ മതവിശ്വാസത്തിന്റെ ഭാഗമാണത്രേ. അവരുടെ ആരാധനയിലും മതത്തിലും മാത്രം ഒതുങ്ങി നില്ക്കുന്ന കാര്യങ്ങളില്‍ മറ്റുള്ളവര്‍ അത് അംഗീകരിച്ചു കൊടുക്കും. എന്നാല്‍ പൊതു വിപണിയില്‍ വില്‍ക്കുന്നതും വാങ്ങുന്നതുമെല്ലാം മറ്റുള്ളവരേയും ബാധിയ്‌ക്കുന്ന കാര്യമാണ്. മറ്റു വിശ്വാസങ്ങളുടെ നേരെ പുലര്‍ത്തുന്ന മനോഭാവവും ഒരു സാമൂഹ്യ വിഷയമാണ്. വിശ്വാസത്തിന്റെ കാര്യമെടുത്താല്‍ അതേപോലുള്ള നിഷ്ഠ സ്വന്തം മതത്തിന്റെ കാര്യത്തില്‍ മറ്റുള്ളവരും പാലിയ്‌ക്കേണ്ടതല്ലേ എന്ന ചോദ്യം വരും. ഹലാലിന് തുല്യമായ ഒരു പദം ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഉപയോഗിച്ച് കണ്ടിട്ടില്ല. എന്തുകൊണ്ട് ? മറ്റു മതങ്ങളില്‍ ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ ? അങ്ങനെയല്ല. പൂജകള്‍, ക്ഷേത്ര വഴിപാടുകള്‍ തുടങ്ങിയവയില്‍ തീര്‍ച്ചയായും ശുദ്ധാശുദ്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം തന്നെ ഉണ്ടല്ലോ ? പൂജകള്‍ക്കും വഴിപാടുകള്‍ക്കും ഉപയോഗിയ്‌ക്കുന്ന ദ്രവ്യങ്ങള്‍ ഏറ്റവും പരിശുദ്ധമായിരിയ്‌ക്കണം എന്ന് ഹൈന്ദവ മതഗ്രന്ഥങ്ങളില്‍ നിഷ്ക്കര്‍ഷയുണ്ടല്ലോ ? മതബോധത്തിന്റെ കുറവു കൊണ്ട് അല്ലെങ്കില്‍ തങ്ങളുടെ മതവിശ്വാസത്തില്‍ മതേതരത്വം ദുസ്വാധീനം ചെലുത്തുന്നതു കൊണ്ട് ക്ഷേത്ര വിശ്വാസത്തില്‍ പോലും ഹിന്ദുക്കള്‍ ഇപ്പോള്‍ വെള്ളം ചേര്‍ക്കുന്നു.
ശുദ്ധമായ എള്ളെണ്ണ, അല്ലെങ്കില്‍ നെയ്യ്, ശുദ്ധമായ സുഗന്ധ ദ്രവ്യങ്ങള്‍, ശുദ്ധമായ കുങ്കുമം, രാസവസ്തുക്കള്‍ ചേര്‍ക്കാത്ത മഞ്ഞള്‍പ്പൊടി, പശുവിന്‍ ചാണകം നീറ്റിയുണ്ടാക്കുന്ന ഭസ്മം, ശുദ്ധമായ പരുത്തി ഉപയോഗിച്ചുള്ള വിളക്കു തിരികള്‍, മാലിന്യങ്ങളില്‍ വീഴാത്തതും വാടാത്തതുമായ പുഷ്പങ്ങള്‍, പാറ്റയും പല്ലിയും എലിയുമൊന്നും കയറിയിട്ടില്ലാത്ത അവലും മലരും, രാസ മാലിന്യമില്ലാത്ത കര്‍പ്പൂരം ഇങ്ങനെ പൂജാദ്രവ്യങ്ങളായി ഉപയോഗിയ്‌ക്കുന്ന എല്ലാമെല്ലാം ശുദ്ധവും സ്വച്ഛവും ആയിരിയ്‌ക്കണം എന്നത് നമ്മുടെ ശാസ്ത്രങ്ങള്‍ നിഷ്ക്കര്‍ഷിയ്‌ക്കുന്നു. നമ്മുടെ പ്രാര്‍ത്ഥനകളും വിശ്വാസങ്ങളും സാക്ഷാത്ക്കരിച്ചു കിട്ടാന്‍ വേണ്ടി നടത്തുന്ന കൃതജ്ഞതാ ഭാവത്തോടെയുള്ള ഇത്തരം സമര്‍പ്പണങ്ങളില്‍ ദ്രവ്യശുദ്ധിയ്‌ക്ക് എത്രമാത്രം നിഷ്ക്കര്‍ഷ നമുക്കുണ്ടായിരിയ്‌ക്കണം ? എന്നാല്‍ എന്താണ് ഇന്നത്തെ ക്ഷേത്രങ്ങളിലും പൂജകളിലും കാണുന്നത് ? പൂജകള്‍ക്ക് നിര്‍ദ്ദേശിയ്‌ക്കപ്പെട്ടിട്ടുള്ള വസ്തുക്കളില്‍ നിന്നും പൊതുവേ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ലളിതമായ തത്വം, നമ്മുടെ ഉള്ളില്‍ ചെന്നാല്‍ നമുക്ക് ദോഷം ചെയ്യാത്തവ മാത്രമേ പൂജകളിലും ഉപയോഗിയ്‌ക്കാറുള്ളൂ, അഥവാ ഉപയോഗിച്ചിരുന്നുള്ളൂ എന്നതാണ്. ദേവചൈതന്യം ആവാഹിയ്‌ക്കപ്പെട്ടിരിയ്‌ക്കുന്നവയാണ് വിഗ്രഹങ്ങള്‍. അത് ദേവശരീരം തന്നെയാണ്. അത്തരം ദേവശരീരത്തിലേയ്‌ക്ക് ഒരു യഥാര്‍ത്ഥ ഭക്തന് രാസവസ്തുക്കളും അശുദ്ധ വസ്തുക്കളും എങ്ങനെ പുരട്ടാന്‍ കഴിയും ? അത്തരം പ്രവൃത്തി കൊണ്ട് ദേവന് തൃപ്തിയും പ്രീതിയുമായിരിയ്‌ക്കുമോ അതോ അപ്രീതിയായിരിയ്‌ക്കുമോ ഉണ്ടാവുക ? ഇത് ചിന്തിക്കേണ്ട വിഷയമല്ലേ ?
ക്ഷേത്രങ്ങളിലും പൂജകളിലും ചടങ്ങുകളിലും വിളക്കില്‍ ജ്വലിപ്പിയ്‌ക്കുന്നത് വെറും തീയല്ല, അഗ്നിയാണ്. യജ്ഞകുണ്ഡത്തില്‍ ജ്വലിപ്പിയ്‌ക്കുന്ന യാഗാഗ്നിയെ പ്രതിനിധീകരിച്ചാണ് പൂജകളില്‍ അഗ്നി ജ്വലിപ്പിയ്‌ക്കുന്നത്. യാഗാഗ്നിയില്‍ മലിന വസ്തുക്കള്‍ ഇടാന്‍ നമ്മള്‍ തയ്യാറാവുമോ ? ഹോട്ടലുകളിലെ വേസ്റ്റ് എണ്ണയും മൃഗക്കൊഴുപ്പും ഫില്‍ട്ടര്‍ ചെയ്ത് വിളക്കെണ്ണയും നെയ്യും ഒക്കെയായി പല ബ്രാന്റുകളില്‍ മാര്‍ക്കറ്റില്‍ വരുന്നു എന്ന് വ്യാപകമായി ആരോപണമുണ്ട്. ഹിന്ദുക്കള്‍ മാത്രമാണ് ആരാധനയുടെ ഭാഗമായി വിളക്കുകളില്‍ അഗ്നി ജ്വലിപ്പിയ്‌ക്കുന്നത്. അപ്പോള്‍ ഈ കൃത്രിമ എണ്ണകളും മലിന വസ്തുക്കളും ഹിന്ദുക്കളെ ലക്ഷ്യം വച്ചാണ് മാര്‍ക്കറ്റില്‍ ഇറക്കുന്നത് എന്ന് വ്യക്തം. ഇന്ന് ഹൈന്ദവ ആചാരങ്ങള്‍ക്ക് അപചയം വന്നാല്‍ നമ്മെ സംരക്ഷിയ്‌ക്കാനല്ല, മറിച്ച് അതിന് പ്രോത്സാഹനം കൊടുക്കുന്ന സമീപനമാണ് ദൗര്‍ഭാഗ്യവശാല്‍ അധികാരികള്‍ പിന്തുടരുന്നത്. ഇതിനൊരു മാറ്റം വരുത്താന്‍ വിശ്വാസികള്‍ തന്നെ മനസ്സു വച്ചേ മതിയാവൂ. കുറെപ്പേരെങ്കിലും ഇന്ന് ഇക്കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാണ് എന്നത് പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നു. ഇന്നത്തെ രീതിയില്‍ അശുദ്ധവും അനാശാസ്യവുമായ വസ്തുക്കള്‍ ഉപയോഗിയ്‌ക്കുമ്പോള്‍ പോലും നമുക്ക് ദേവ ചൈതന്യത്തെ അറിയാന്‍ കഴിയുന്ന നിരവധി അനുഭവങ്ങള്‍ ഉണ്ട്. അപ്പോള്‍ നല്ല ദ്രവ്യങ്ങള്‍ സമര്‍പ്പിച്ചാല്‍ എന്താവും ഫലം ? അത് ഭക്തര്‍ സ്വയം പരീക്ഷിച്ചു തന്നെ അറിയേണ്ടതാണ്.
ഇക്കഴിഞ്ഞ മണ്ഡലക്കാലത്ത് അയ്യപ്പ ബ്രാന്‍ഡ് എന്നപേരില്‍ ഒരു ‘നെയ്യ്’ വില്‍പ്പനയ്‌ക്ക് വന്നത് സോഷ്യല്‍ മീഡിയയുടെ ഇടപെടലില്‍ കൂടി ജനങ്ങള്‍ അറിഞ്ഞു. ഭാഗ്യത്തിന് ‘ഇത് കഴിയ്‌ക്കാനുള്ളതല്ല’ എന്ന് ബോട്ടിലിന് പുറത്ത് രേഖപ്പെടുത്തിയിരുന്നു. അപ്പോളത് നമ്മള്‍ കരുതുന്നതു പോലുള്ള നെയ്യ് ആയിരുന്നില്ല എന്ന് വ്യക്തം. എന്നാല്‍ എത്രയോ കച്ചവടക്കാര്‍, പ്രത്യേകിച്ചും അയ്യപ്പനിലും ക്ഷേത്ര ആരാധനയിലും ഒന്നും യാതൊരു മഹത്വവും കാണാത്തവര്‍ മണ്ഡലക്കാലത്തെ വര്‍ദ്ധിച്ച ഡിമാന്റ് ചൂഷണം ചെയ്ത് വിറ്റ് പണമാക്കിയിട്ടുണ്ടാവും ? എത്രയോ അയ്യപ്പ ഭക്തര്‍ ഇതൊന്നും ശ്രദ്ധിയ്‌ക്കാതെ അത് വാങ്ങി ഭഗവാന് അഭിഷേകത്തിന് മലയിലേയ്‌ക്കും പിന്നീട് പ്രസാദമായി വീടുകളിലേയ്‌ക്കും കൊണ്ടു പോയിട്ടുണ്ടാവും ? ശുദ്ധമായ ദ്രവ്യങ്ങള്‍ സമര്‍പ്പിച്ച എത്രയോ പേരുടെ പ്രസാദങ്ങളില്‍ അത് കലര്‍ന്നിട്ടുണ്ടാവും ? ഇതിന് മറ്റാരേയും കുറ്റപ്പെടുത്താന്‍ കഴിയില്ല. ഭഗവത് കാര്യത്തില്‍ പോലും കപടത കാണിയ്‌ക്കുന്ന വിശ്വാസ സമൂഹത്തിന്റെത് തന്നെയാണ് കുറ്റം. ശരീരത്തിനുള്ളില്‍ കടന്നാല്‍ അപകടം ഉണ്ടാക്കാത്ത ശുദ്ധ വസ്തുക്കള്‍ മാത്രമേ പൂജകള്‍ക്കും ക്ഷേത്രങ്ങളിലും പാടുള്ളൂ. അവ മാത്രമേ സമര്‍പ്പിയ്‌ക്കൂ എന്ന് വിശ്വാസികള്‍ പ്രതിജ്ഞയെടുക്കേണ്ട കാലം കഴിഞ്ഞു. എവിടെ നിന്ന് ആര് ഉണ്ടാക്കുന്ന, എന്ത് പദാര്‍ത്ഥമാണ് എന്നറിയാത്ത വസ്തുക്കള്‍ വാങ്ങുന്നതിനു പകരം ശുദ്ധമായ പൂജാ ദ്രവ്യങ്ങള്‍ മാത്രം കഴിയുന്നത്ര അറിയാവുന്ന ഉല്‍പ്പാദകരില്‍ നിന്ന് വാങ്ങി ഉപയോഗിയ്‌ക്കാന്‍ തയ്യാറാവേണ്ടതല്ലേ ? അല്ലെങ്കില്‍ വിശ്വാസികളുടെ കൂട്ടായ്മകള്‍, സ്വകാര്യ ക്ഷേത്രങ്ങള്‍, സമുദായ സംഘടനകള്‍ എന്നിവ അത്തരം ശുദ്ധ വസ്തുക്കള്‍ കുറഞ്ഞ അളവിലെങ്കിലും ഉല്‍പ്പാദിപ്പിച്ച് വിശ്വാസികള്‍ക്ക് ലഭ്യമാക്കേണ്ടതല്ലേ ?
ഹിന്ദു സാമൂഹ്യ സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തവും അവസരവും ഇല്ലേ ? ക്ഷേത്രം, പൂജ, സനാതന ധര്‍മ്മം തുടങ്ങിയവയെ എല്ലാം അവിശ്വസിയ്‌ക്കുകയും പലപ്പോഴും പുച്ഛിയ്‌ക്കുകയും ചെയ്യുന്ന പലരും, കുറേ മണ്ടന്മാരെ ചൂഷണം ചെയ്ത് കാശുണ്ടാക്കാന്‍ കിട്ടിയ അവസരം പോലെ ഉപയോഗപ്പെടുത്തി കൊണ്ടിരിയ്‌ക്കുന്ന പൂജാ ദ്രവ്യങ്ങളുടെ മേഖലയിലേക്ക് ക്ഷേത്ര വിശ്വാസികള്‍ തന്നെ വലിയ തോതില്‍ കടന്നു വരേണ്ടതല്ലേ ? കുളിച്ച് ശുദ്ധമായി മത്സ്യ മാംസാദികള്‍ പോലും വര്‍ജ്ജിച്ച് ക്ഷേത്രത്തില്‍ പോകാന്‍ ശ്രദ്ധിയ്‌ക്കുന്ന നമ്മള്‍, അവിടെ ഭഗവാന്റെ മുന്നില്‍ കത്തിയ്‌ക്കുന്നതിനോ, അഭിഷേകം ചെയ്യുന്നതിനോ സമര്‍പ്പിയ്‌ക്കുന്ന എണ്ണയും നെയ്യുമെല്ലാം അങ്ങേയറ്റം മോശപ്പെട്ട ഹോട്ടല്‍ വേസ്റ്റ് എണ്ണയോ, മൃഗക്കൊഴുപ്പുകളോ ആവുന്ന ദു:സ്ഥിതി എന്തുകൊണ്ട് ഗൗരവത്തിലെടുക്കുന്നില്ല ? കുറച്ചു പണം ലാഭിയ്‌ക്കാന്‍ വേണ്ടി മോശം സാധനങ്ങള്‍ വാങ്ങി ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും സമര്‍പ്പിയ്‌ക്കാമോ ? മറിച്ച് അളവ് ഒരല്‍പ്പം കുറഞ്ഞാലും ഭക്ഷ്യ നിലവാരമുള്ളതോ, ശരീരത്തിന് ഹാനിയുണ്ടാക്കില്ല എന്ന് നമുക്ക് ഉറപ്പുള്ളതോ ആയ വസ്തുക്കള്‍ മാത്രമല്ലേ നമ്മുടെ ഇഷ്ടദേവന് സമര്‍പ്പിയ്‌ക്കപ്പെടാവൂ ? മാര്‍ക്കറ്റില്‍ കിട്ടുന്ന ഒരു വസ്തു പൂജാ ശുദ്ധിയുള്ളതാണ് എന്ന് എങ്ങനെയറിയാം ? പ്രശസ്തമായ ബ്രാന്‍ഡുകള്‍ നോക്കി വാങ്ങിയതു കൊണ്ടു മാത്രം അത് ഉറപ്പു വരുത്താന്‍ കഴിയില്ല. ക്ഷേത്രം, പൂജ, ധര്‍മ്മം എന്നിവയിലൊക്കെ വിശ്വാസമുള്ള വ്യക്തികളുടെ സംരംഭങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ കുറച്ച് ധാര്‍മ്മികത പുലര്‍ത്തിയേക്കും എന്ന് പ്രതീക്ഷിയ്‌ക്കാനേ തല്‍ക്കാലം നിര്‍വ്വാഹമുള്ളൂ. ശാശ്വത പരിഹാരം ഈ വിഷയത്തിന്റെ ഗൗരവം തിരിച്ചറിയുന്ന ഹിന്ദു സാമൂഹ്യ സംഘടനകള്‍ രംഗത്തിറങ്ങി അവ ലഭ്യമാക്കുക എന്നത് മാത്രമാണ്. ക്ഷേത്ര സമിതികളും പൂജകരും തന്ത്രിമാരും സുപ്രധാനമായ ഈ വിഷയത്തില്‍ ശ്രദ്ധ പതിപ്പിയ്‌ക്കുകയും, ഭക്തരെ ബോധവല്‍ക്കരിയ്‌ക്കുകയും വേണം. ക്ഷേത്ര പരിസരങ്ങളില്‍ ശുദ്ധമായ പൂജാ ദ്രവ്യങ്ങള്‍ ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: