ന്യൂദല്‍ഹി: മുംബൈയിലേയും ദല്‍ഹിയിലേയും ബിബിസി ഓഫീസുകളില്‍ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. അക്കൗണ്ട്‌സുമായി ബന്ധമുള്ള ജീവനക്കാരോട് ഓഫീസില്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുള്ളതായി ബിബിസി അറിയിച്ചു . പരിശോധനയോട് സഹകരിക്കുമെന്നും പ്രവര്‍ത്തനം പതിവുപോലെ തുടരുമെന്നും ബിബിസി വ്യക്തമാക്കി . രാത്രി വൈകിയും പരിശോധന നടന്നിട്ടുണ്ട്.
2012 മുതലുള്ള രേഖകളാണ് പരിശോധിക്കുന്നത്. അന്താരാഷ്‌ട്ര നികുതി അടക്കമുള്ളവയിലെ ക്രമക്കേടുകളും ബിബിസിയുടെ ഉപ കമ്പനികളിലെ ട്രാന്‍ഫര്‍ വിലനിര്‍ണ്ണയത്തിലെ ക്രമക്കേടുകളും ഉള്‍പ്പെടെയുള്ളവയാണ് പരിശോധിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. പരിശോധനയ്‌ക്കെതിരെ സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെടുന്ന കാര്യം ബിബിസി ആലോചിക്കുന്നുണ്ടെന്നാണ് സൂചന.
ഇന്നലെ 11.30 ഓടെയാണ് ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന ആരംഭിച്ചിച്ചത്. ബിബിസി ജീവനക്കാരുടെ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തതായാണ് വിവരം. ബിബിസിയിലെ പരിശോധനയെ അപലപിച്ച് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് രംഗത്തെത്തി. പരിശോധന ഭീഷണിപ്പെടുത്തലാണെന്നായിരുന്നു ഐഎഫ്‌ജെയുടെ പ്രതികരണം. ബിബിസി ഓഫീസുകളിലെ പരിശോധനയില്‍ ആശങ്ക രേഖപ്പെടുത്തി എന്‍ബിഡിഎയും രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും സ്വതന്ത്ര പ്രവര്‍ത്തനം തടയരുത് എന്ന് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: