ന്യൂദല്‍ഹി: വയനാട് സ്വദേശിയായ വനവാസി യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്രം ഇടപെടുന്നു. സംഭവത്തില്‍ ദേശീയ പട്ടികവര്‍ഗ കമ്മിഷന് കേസെടുത്തു. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് അധികൃതരോട് കമ്മിഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിജിപി, ജില്ലാ കളക്ടര്‍, കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ എന്നിവരില്‍ നിന്നാ്ണ് ദേശീയ പട്ടികവര്‍ഗ കമ്മിഷന് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. വനവാസി യുവാവിന്റെ ആത്മഹത്യയില്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന് ചെയര്മാന് ഹര്‍ഷ് ചൗഹാന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, എസ്സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് തുടങ്ങിയവര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചെയര്മാന് പരാതി നല്‍കിയിരുന്നു.
വയനാട് കല്‍പ്പറ്റ സ്വദേശി വിശ്വനാഥനെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് മരത്തില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു വിശ്വനാഥന്. മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് യുവാവ് വിധേയനായെന്നും ഇതാണ് മരണത്തിന് കാരണ മായതെന്നും വിശ്വനാഥന്റെ കുടുംബം ആരോപിക്കുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്തെതുടര്‍ന്ന് ഓടിപ്പോയ വിശ്വനാഥനെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. കാണാനില്ലെന്ന് പരാതി നല്‍കാനെത്തിയ കുടുംബത്തെ പോലീസ് അധിക്ഷേപിച്ചതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: