വേണു. വി. പിള്ള
പനിനീര്‍പ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന ആകാശത്താഴ്വരയില്‍ ചുവപ്പ് പട്ടുടുത്ത് സുന്ദരിയായി ചുണ്ടില്‍ ഒരു നേര്‍ത്ത മന്ദഹാസത്തോടെ ചക്രവാളം …!!!
നാണത്താല്‍ ചുവന്നുതുടുത്ത അവളുടെ കവിളുകളില്‍ നോക്കി ആ മടിയില്‍ തലചായ്ച്ചുകിടക്കുന്ന അസ്തമനസൂര്യന്‍…!!
നിറം മങ്ങിത്തുടങ്ങുന്ന പകലില്‍ ആകാശംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന കരിമ്പനകളെ താളത്തില്‍ ഉലച്ചുകൊണ്ട് മെല്ലെ ഒരു മടിയന്‍കാറ്റ് കടന്നുപോയി.
ഇളംനീല നിറമുള്ള ഒരു മിനിബസ് പുനര്‍ജനിയുടെ ഗേറ്റ് കടന്ന് അകത്തേയ്‌ക്ക് പ്രവേശിച്ചു.
മൂന്നുനാലുദിവസത്തെ ഉത്തരേന്ത്യന്‍ യാത്രകഴിഞ്ഞ് താരാപരമേശ്വരനും ബാക്കി പതിനെട്ടുപേരും പുനര്‍ജനിയില്‍ മടങ്ങിയെത്തിയിരിക്കുന്നു. വര്‍ഷത്തില്‍ രണ്ടുമൂന്നുതവണ ഇത്തരം യാത്രകള്‍ ഇന്ത്യയുടെ പല ഭാഗത്തേയ്‌ക്കും അന്തേവാസികള്‍ക്കായി പുനര്‍ജനി സംഘടിപ്പിക്കാറുണ്ട്. ആരോഗ്യവും താല്പര്യമുള്ളവര്‍ക്ക് പോകാം.
മുറിയിലെത്തി ഒന്ന് കുളിച്ച് ഫ്രഷ് ആയി വീണ്ടും പിറ്റേദിവസത്തെ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളിലാണ് താരാപരമേശ്വരന്‍.
കൈത്തറി വ്യാപാരരംഗത്തെ പ്രഗത്ഭരുടെ ഒരു ക്ലാസ് തിരുവനന്തപുരത്ത് നടക്കുന്നു. താരാസിനുവേണ്ടി അതില്‍ പങ്കെടുക്കണം കൂട്ടത്തില്‍ ശ്രീപത്മനാഭനെ കണ്ട് തൊഴണം. പുനര്‍ജനിയുടെ കീഴില്‍ കൈത്തറി വസ്ത്രങ്ങള്‍ക്കായി തുറന്ന ഷോറൂമാണ് താരാസ്. ഇങ്ങനെ ഒരു ആശയത്തിന് കാരണക്കാരിയായ കഴിഞ്ഞ പത്തുവര്‍ഷമായിട്ടുള്ള താരാപരമേശ്വരന്റെ സേവനങ്ങളെ മാനിച്ചുകൊണ്ട് താരാസ് കൈത്തറി ഷോറൂം എന്ന പേര് പുനര്‍ജനിയുടെ സംഘാടകര്‍തന്നെ നിര്‍ദേശിക്കുകയായിരുന്നു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി ഒരുകൂട്ടം പ്രവാസികളായ ചെറുപ്പക്കാര്‍ നടത്തുന്ന പ്രസ്ഥാനമാണ് പുനര്‍ജനി.
ജീവിതത്തില്‍ ഒറ്റപ്പെടുന്നവര്‍ക്ക് അഭയംകൊടുക്കുകമാത്രമല്ല അവരില്‍ ഏതെങ്കിലും തരത്തിലുള്ള കഴിവുകള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന പ്രവണതയും പുനര്‍ജനിയിലുണ്ട്.
‘താരാസിന്റെ ഉത്ഘാടനത്തിന് ഒരു തീപ്പൊരി പ്രസംഗം നടത്തിയിട്ട് അന്ന് ഉച്ചകഴിഞ്ഞ് നോര്‍ത്ത് ഇന്ത്യയിലേയ്‌ക്ക് വെച്ചുപിടിച്ച താരാപരമേശ്വരന്‍ ഈ വാര്‍ത്ത ശ്രദ്ധിച്ചിരുന്നോ ? ‘ ഏതോ ഒരു പത്രത്തിന്റെ ഉള്‍പ്പേജ് തുറന്നുപിടിച്ച് അല്‍പ്പം
കുസൃതിച്ചിരിയോടെ വാതില്‍ക്കല്‍ ഉണ്ണികൃഷ്ണന്‍. പുനര്‍ജനിയിലെ ഇരുന്നൂറോളം വരുന്ന അന്തേവാസികളില്‍ ഒരാളാണ് ഉണ്ണി. അയാള്‍ ഒരു നല്ല െ്രെഡവറുംകൂടിയാണ്. എഴുപത്തിരണ്ടിലും ഇരുപത്തിയേഴിന്റെ ചുറുചുറുക്കോടെ താരാപരമേശ്വരന്‍. ഉണ്ണിയുടെ കയ്യില്‍നിന്നും പത്രം വാങ്ങി വേദിയില്‍ പ്രസംഗിക്കുന്ന തന്റെ ചിത്രത്തോടുകൂടിയ ആ വാര്‍ത്തയുടെ തലക്കെട്ടിലൂടെ കണ്ണോടിക്കുമ്പോള്‍ വീണ്ടും ഉണ്ണിയുടെ ശബ്ദം. ‘അമ്മയുടെ ഈ സ്പീച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അത് കണ്ടിട്ടാകും ഇന്നലെ അമ്മയ്‌ക്ക് ഒരു ഗസ്റ്റ് ഉണ്ടായിരുന്നു. മകളാണെന്നാണ് പറഞ്ഞത് ഒരു ദര്‍ശനാപരമേശ്വരന്‍. അമ്മയില്ലെന്നറിഞ്ഞപ്പോള്‍ അല്പനേരമിരുന്നിട്ട് വേറൊരുദിവസം വരാമെന്നുപറഞ്ഞ് ഇറങ്ങിപ്പോയി.
പെട്ടെന്നുണ്ടായ ഞെട്ടല്‍ പുറത്തുകാണിക്കാതെ തുറന്നുകിടന്ന ജാലകത്തിലൂടെ രാത്രിയോട് യാത്രപറയുന്ന മഞ്ഞവെയിലില്‍ ദൂരെ നിശ്ചലമായിനില്‍ക്കുന്ന കറുത്ത കരിമ്പനക്കൂട്ടങ്ങളിലേയ്‌ക്ക് മിഴികളെറിഞ്ഞു. മനസ്സ് ഒരുപാടുദൂരം പിന്നിലേയ്‌ക്ക് ചീറിപ്പാഞ്ഞു. ആരോ തൊടുത്തുവിട്ട ശരംപോലെ അതുചെന്നുതറച്ചത് ആ അരണ്ടവെളിച്ചമുള്ള മുറിയിലെ നിശ്ശബ്ദതയില്‍ ഇടയ്‌ക്കിടെ ഉയരുന്ന തേങ്ങലുകളിലേയ്‌ക്കായിരുന്നു. അച്ഛനേയും അമ്മയേയും പരിപാലിക്കുന്നതിന്റെ കണക്കുപറഞ്ഞ് പരസ്പ്പരം കലഹിക്കുന്ന, അരുതേയെന്ന് കൈകൂപ്പി അപേക്ഷിക്കുമ്പോഴും അടങ്ങാത്ത കലിയോടെ സ്വന്തം അച്ഛനെ നിര്‍ദയം മര്‍ദിക്കുന്ന മക്കള്‍ എന്ന ചുവന്നമുഖമുള്ള ക്രൂരതകളിലേയ്‌ക്കായിരുന്നു. അടികൊണ്ട് അലറിക്കരഞ്ഞ് അവശനായി ഒടുവില്‍ നിസ്സഹായയായ തന്റെ മടിയിലേയ്‌ക്ക് തളര്‍ന്നുവീഴുന്ന വൃദ്ധനായ ഭര്‍ത്താവിന്റെ വിങ്ങലുകളിലേയ്‌ക്കായിരുന്നു. കത്തിയെരിയുന്ന ചിതയില്‍ ആത്മാവുപേക്ഷിച്ച് ഉരുകിയമര്‍ന്ന പരമേശ്വരക്കൈമള്‍ എന്ന അല്‍ഷിമേഴ്!സ് രോഗിയിലേയ്‌ക്കായിരുന്നു.
‘ഞാന്‍ പോയി എന്തെങ്കിലും കഴിച്ചിട്ട് ഉറങ്ങട്ടെ . നാളെ അതിരാവിലെ പോകേണ്ടതല്ലേ’ അതുംപറഞ്ഞ് ഉണ്ണി മുറിക്ക് പുറത്തേയ്‌ക്കിറങ്ങി. അപ്പോഴും വിദൂരതയിലേയ്‌ക്ക് നോക്കി അവര്‍ ആ നില്‍പ്പ് തുടര്‍ന്നു. ജാലകക്കാഴ്ചകളെ പൂര്‍ണ്ണമായും ഇരുള്‍മൂടിയിരിക്കുന്നു. അകലെ അകലെ ആകാശത്ത് ഒരു കുഞ്ഞു പ്രഭാവലയം തീര്‍ത്ത് തേങ്ങാപ്പൂളുപോലെ അമ്പിളിക്കല. ഇരുളിലൂടെ ആ പ്രഭാവലയത്തിലേയ്‌ക്ക് ഒഴുകിയിറങ്ങി വീണ്ടും ഇരുളിലേയ്‌ക്ക് മറഞ്ഞുപോകുന്ന മേഘശകലങ്ങള്‍.
ക്ലവുപിടിക്കാത്ത ഓര്‍മ്മകളുടെ ഓട്ടുപാത്രത്തില്‍ പിന്നെയുമുണ്ടായിരുന്നു പെറുക്കിയെടുക്കാന്‍ ഒരുപാട്. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ചിന്നംവിളിച്ച് ചീറിപ്പായുന്ന തീവണ്ടിക്കുള്ളില്‍ ഒരു പ്രതിമപോലെ അവര്‍ ഇരുന്നു. അകത്തേയ്‌ക്ക് അടിച്ചുകയറുന്ന ഇളംചൂടുകാറ്റില്‍ പാറിപ്പറക്കുന്ന മുടിയിഴകളെ ഒന്ന് ഒതുക്കിക്കെട്ടിവെയ്‌ക്കാന്‍പോലും കൂട്ടാക്കാതെ കൂകിവിളിച്ച് കുലുങ്ങിക്കുതിച്ചോടുന്ന തീവണ്ടിയുടെ ജനാലയോടുചേര്‍ന്നുള്ള സീറ്റില്‍ ലക്ഷ്യമില്ലാതെ ഇരുന്ന അവരുടെ മിഴികള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു !!!
കുതിച്ചുപായുന്ന തീവണ്ടിയുടെ ശബ്ദകോലാഹലങ്ങളെ അവ്യക്തമാക്കിക്കൊണ്ട് മറ്റുചില ശബ്ദങ്ങള്‍ കാതില്‍ മുഴങ്ങി. ‘ഇത്രനാളും അച്ഛനും അമ്മയും എന്റൊപ്പമല്ലായിരുന്നോ , ഇനി അമ്മയെ നീ നോക്ക്. ‘ വ്യക്തമായിരുന്നു മൂത്തമകന്‍ മോഹനചന്ദ്രന്റെ ശബ്ദം. ‘ അതെങ്ങനെ ശരിയാകും ! ഇത്രനാള്‍ താമസ്സിച്ചിടത്തുനിന്ന് മറ്റൊരിടത്തേയ്‌ക്ക് പറിച്ചുനടുന്നത് അമ്മയ്‌ക്ക് ബുദ്ധിമുട്ടാകും. തല്‍ക്കാലം അമ്മ ഇവിടെത്തന്നെ നില്‍ക്കട്ടെ.’ ദര്‍ശനയുടെ മറുപടി അതിനേക്കാള്‍ വ്യക്തവും , ദൃഢവുമായിരുന്നു. ‘അപ്പോള്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ ഈ ബാധ്യത ഏറ്റെടുക്കണമെന്നാണോ’? ‘അങ്ങനെയല്ല ഏട്ടാ , മൂന്നുനാലുമാസം കഴിഞ്ഞാല്‍ ഞാന്‍ മോളുടെ അടുത്തേയ്‌ക്ക് പോകില്ലേ, അപ്പോള്‍ അമ്മയ്‌ക്ക് വീണ്ടും ഇങ്ങോട്ട് മടങ്ങിവരേണ്ടേ ? അതുകൊണ്ട് തല്‍ക്കാലം അമ്മ ഇവിടെ നില്‍ക്കട്ടെ, പിന്നെ കുറച്ചൂടെ അവശയാകുമ്പോള്‍ നമുക്ക് സ്ഥിരമായ ഒരു പരിഹാരം ഉണ്ടാക്കാം. എനിക്കറിയാവുന്ന ഒന്നുരണ്ട് പാര്‍ട്ടീസുണ്ട് കുറച്ച് കാശ് ചിലവാകുമെന്നേയുള്ളു പക്ഷേ എല്ലാം അവര്‍ നോക്കിക്കോളും നമുക്ക് പിന്നെ ഒന്നും അറിയേണ്ട.’ ‘കാശൊക്കെ ഇനി നീതന്നെ അങ്ങ് ചെലവാക്കിയാല്‍മതി. ഇപ്പോള്‍ത്തന്നെ നല്ലൊരു സംഖ്യ എന്റെകൈയീന്ന് പോയിട്ടുണ്ട്’
ഒരു ചുവരിനപ്പുറത്തെ വേവലാതികള്‍ !!!
അച്ഛന്റെ ചിതയിലെ കനലാറുന്നതിനുമുന്‍പേ അമ്മയെച്ചൊല്ലി കലഹിക്കുന്നവര്‍ !!!.
അവര്‍ കലഹിക്കട്ടെ. ഇനിയൊരു ഒളിച്ചോട്ടം അനിവാര്യമാണ് ഒരുപാടകലേയ്‌ക്ക്.
ഈ തീവണ്ടിയുടെ അവസാന സ്‌റ്റോപ്പില്‍ ഇറങ്ങണം, ആ നഗരത്തിന്റെ തിരക്കില്‍ അലിഞ്ഞ് ആരുമല്ലാതായിത്തീരണം. അവര്‍ കണ്ണുകളടച്ചു. മുഖത്തേയ്‌ക്ക് പടര്‍ന്നുകിടന്ന കറുത്ത മുടിയിഴകള്‍ക്കിടയിലൂടെ അപ്പോഴും കണ്ണീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
ഓര്‍ക്കാനിഷ്ടപ്പെടാത്ത ഓര്‍മ്മകളുടെ നിലയില്ലാക്കയത്തില്‍നിന്ന് തിരിച്ചുകയറി അവര്‍ തന്റെ മുറിയുടെ ജാലകവാതിലുകള്‍ ചേര്‍ത്തടച്ചു. മേശവലിപ്പില്‍നിന്ന് ഒരു വെള്ളപേപ്പര്‍ എടുത്ത് അതില്‍ എന്തോ എഴുതി മടക്കി ഒരു കവറിലിട്ട് കവറിനുമുകളില്‍ അഡ്രസുംകൂടെ എഴുതിയതിനുശേഷം ലൈറ്റ് ഓഫ് ചെയ്ത് കിടക്കയുടെ ഒരറ്റത്ത് മടക്കിവെച്ചിരുന്ന പുതപ്പെടുത്ത് ദേഹത്തേയ്‌ക്കിട്ടുകൊണ്ട് നിദ്രയിലേയ്‌ക്ക് വീണു….
താരാ പരമേശ്വരന്‍, ഇന്നവര്‍ പേരറിയാത്ത ഏതോ ഒരു നഗരത്തില്‍ അലഞ്ഞുനടന്ന, ആര്‍ക്കും സഹതാപം തോന്നുന്ന അവശയായ ഒരു വൃദ്ധയല്ല, പകരം അവര്‍ക്ക് അഭയംകൊടുത്ത പുനര്‍ജനി എന്ന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഒരു പ്രധാന പങ്കുവഹിക്കുന്ന ശക്തയായ സ്ത്രീയാണ്. തനിക്കറിയാവുന്ന ഒരു തൊഴില്‍ അത് മറ്റുള്ളവരിലേയ്‌ക്ക് പകര്‍ന്നുകൊടുക്കുകവഴി വളരെപ്പെട്ടെന്ന് അവര്‍ ഒരുപാടുപേര്‍ക്ക് പ്രീയപ്പെട്ട ഒരാളായി മാറുകയായിരുന്നു. ഇന്ന് പുനര്‍ജനിയിലെ എകദേശം അറുപതോളം വരുന്ന സ്ത്രീകള്‍ അടങ്ങിയ സ്റ്റിച്ചിങ്ങ് യൂണിറ്റിന്റെ പ്രൊഡക്ഷന്‍ ഹെഡ് ആണ് താരാ പരമേശ്വരന്‍. പോരാത്തതിന് ഇപ്പോള്‍ താരാസ് കൈത്തറി ഷോറൂമിന്റെ മാനേജര്‍.
മുന്‍നിര പത്രമാധ്യമങ്ങളിലും, ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകളിലും, മറ്റ് സോഷ്യല്‍ മീഡിയകളിലും ഒക്കെ ഇപ്പോള്‍ താരാ പരമേശ്വരന്‍ ഒരു താരമാണ്. ഓര്‍മ്മകള്‍ വറ്റിവരണ്ട മനസ്സിന്റെ കടലാഴങ്ങളിലേയ്‌ക്ക് പിച്ചവെയ്‌ക്കുന്ന ഒരു കൊച്ചുകുട്ടിയേപ്പോലെ മൂക്കുകുത്തിവീണ ഭര്‍ത്താവിനെ പ്രതികൂല സാഹചര്യത്തിലും സ്‌നേഹത്തേക്കാളുപരി കൂടുതല്‍ കരുതലോടെ ചേര്‍ത്തുപിടിച്ചവള്‍ !!! സ്വന്തം ചോരയാല്‍ വലിച്ചെറിയപ്പെടുന്നതിനു മുന്‍പേ സ്വയം പടിയിറങ്ങിയവള്‍ !!!
ഒരുപാട് വൈകിപ്പോയി, ഇനി തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് കരുതുന്നവര്‍ക്കുമുന്നില്‍ പ്രായമൊരു പ്രശ്‌നമേയല്ല എന്ന് തെളിയിച്ചുകൊണ്ട് തന്റെ അറുപത് മുതല്‍ എഴുപത്തിരണ്ട്! വയസ്സിനുള്ളില്‍ ഒരുപാടുകാര്യങ്ങള്‍ ചെയ്തുകാണിച്ചുകൊടുത്ത ശക്തയായ സ്ത്രീ !!!
ഗാഢമായ ഒരു നിദ്രയില്‍നിന്ന് ഉണര്‍ന്നപ്പോഴേയ്‌ക്കും ഇരുള്‍ വീണുതുടങ്ങിയിരുന്നു. ഉണ്ണി കാര്‍ ഒരു ചായക്കടയുടെ എതിര്‍വശത്തായി ഒതുക്കിനിര്‍ത്തി. ‘കൃഷ്ണ ദിവാനി ….ദിവാനി മീരാ …’ ഗന്ധര്‍വ്വനാദം ഒരു സുഖമുള്ള തലോടല്‍പോലെ കാറിനുള്ളില്‍ ഒഴുകിനടക്കുന്നു. തിരുവനന്തപുരത്തെ ക്ലാസ്സില്‍ പങ്കെടുത്ത് , വൈകുന്നേരം ശ്രീപത്മനാഭസ്വാമിയെ കണ്ടുവണങ്ങിയശേഷം തിരിച്ച് പുനര്‍ജനിയിലേയ്‌ക്കുള്ള മടക്കയാത്രയാണ്. ഉണ്ണി വാങ്ങിക്കൊണ്ടുവന്ന ചായയും പഴംപൊരിയും കഴിക്കുന്നതിനിടയില്‍ അവര്‍ ബാഗില്‍നിന്ന് ആ കവര്‍ പുറത്തേയ്‌ക്കെടുത്തു. അതിനുള്ളില്‍ മടക്കിവെച്ച കത്ത് നിവര്‍ത്തി താനെഴുതിയ വരികളിലൂടെ ഒന്ന് കണ്ണോടിച്ചു.
‘ഒരിക്കല്‍ വലിച്ചെറിയുമെന്ന് ഉറപ്പുള്ളതുകൊണ്ട് സ്വയം ഇറങ്ങിപ്പോയതാണ്, അല്ലെങ്കില്‍ മുന്നോട്ടുള്ള ജീവിതം എങ്ങനെയാകുമെന്ന് ഭയന്ന് രെക്ഷപെട്ടോടിയതാണ്. കയ്യിലുണ്ടായിരുന്ന കുറച്ചു കാശുകൊണ്ട് അപരിചിതമായ ഒരു നഗരത്തിലെത്തി. കുറച്ചുനാള്‍ കഷ്ട്ടപ്പെട്ടു. പലയിടങ്ങളിലും അലഞ്ഞുതിരിഞ്ഞു. പലരും പലതും ചോദിച്ചു പക്ഷേ ആരോടും ഒന്നും പറഞ്ഞിട്ടില്ല, ഒരു പരാതിയും അറിയിച്ചിട്ടില്ല. പത്രത്തില്‍ അന്ന് ആരോ എന്റെ ചിത്രമുള്‍പ്പെടെ ഒരു വാര്‍ത്ത കൊടുത്തിരുന്നെന്നും കേട്ടു. പക്ഷേ ആരും തേടിവന്നില്ല. ഞാനത് ആഗ്രഹിച്ചിട്ടുമില്ല. വേദനകൊണ്ട് പുളയുന്ന ഒരു വൃദ്ധന്റെ രണ്ട് ശോഷിച്ച കരങ്ങള്‍ ഇന്നും എന്റെ ആത്മാവിനെ കെട്ടിപ്പിടിച്ച് ഉറക്കെ കരയുന്നുണ്ട്. ഇനിയൊരിക്കലും നിങ്ങളാരും എന്നെ അന്വേഷിച്ചു വരരുത് . രണ്ടുദിവസംമുമ്പ് നീയെന്നെ തേടിയെത്തിയെന്നറിഞ്ഞു. ദയവായി ഇനി വരരുത് ഒന്ന് കാണാന്‍പോലും താല്പര്യമില്ല.’
എന്ന്
പുനര്‍ജനിയുടെ സ്വന്തം
താരാ പരമേശ്വരന്‍…!!!
കത്ത് മടക്കി കവറിലിട്ട് ഉണ്ണിയുടെനേരെ നീട്ടിക്കൊണ്ട് അവര്‍ പറഞ്ഞു. ‘ഇതൊന്ന് സ്റ്റാമ്പൊട്ടിച്ച് പോസ്റ്റ് ചെയ്യണം, നാളെത്തന്നെ.’ കത്ത് വാങ്ങി സുരക്ഷിതമായി വെച്ചശേഷം ഉണ്ണി കാര്‍ വീണ്ടും സ്റ്റാര്‍ട്ടുചെയ്തു. ഓരത്തുനിന്നും മെല്ലെ റോഡിലേയ്‌ക്കുകയറി അത് മുന്നോട്ട് ഇഴഞ്ഞുതുടങ്ങി. ഗ്ലാസ്സ് പാതി താഴ്‌ത്തിയ
ഡോര്‍ വിന്‍ഡോയിലൂടെ അവര്‍ അലക്ഷ്യമായി പുറത്തേയ്‌ക്ക് നോക്കി. അവിടെ മാലിന്യംകൊണ്ട് നിറഞ്ഞ കുപ്പത്തൊട്ടിയില്‍ ആരോ ഉപേക്ഷിച്ച പൂച്ചക്കുട്ടികളുടെ തിളങ്ങുന്ന നീലക്കണ്ണുകള്‍. രാത്രിയുടെ ഇരുട്ടില്‍ അവ സ്വയം പ്രകാശിച്ചുകൊണ്ടേയിരുന്നു . !!!
വേണു വി പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: