Categories: India

എയ്‌റോ ഇന്ത്യ ഒരു ഷോ അല്ല, ഇന്ത്യയുടെ കരുത്തും പ്രതിരോധ മേഖലയുടെ സ്വയം പര്യാപ്തതയും വിളിച്ചോതുന്നതെന്ന് പ്രധാനമന്ത്രി

ഇന്ന് ലോകത്തെ പ്രതിരോധ കമ്പനികള്‍ക്ക് ഇന്ത്യ ഒരു വിപണി മാത്രമല്ല. കഴിവുളള ഒരു പ്രതിരോധ പങ്കാളിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Published by

ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ ഷോ ആയ എയ്‌റോ ഇന്ത്യ 2023 ന് ബംഗളൂരുവില്‍ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഷോ ഉദ്ഘാടനം ചെയ്തു. നവ ഭാരതത്തിന്റെ പുതിയ സമീപനമാണ് ഷോ പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എയ്‌റോ ഇന്ത്യയെ വെറും ഒരു പ്രദര്‍ശനമായി മാത്രം കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകള്‍ കൊണ്ട് രാജ്യം അത്തരം കാഴ്ചപ്പാട് മാറ്റിയെടുത്തു. ഇന്ന് ഇത് ഒരു പ്രദര്‍ശനത്തിനപ്പുറം ഇന്ത്യയുടെ കരുത്താണ് വിളിച്ചോതുന്നത്. ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ സ്വയം പര്യാപ്തതയും അതിന്റെ സാദ്ധ്യതയുമാണ് എയ്‌റോ ഷോ ഫോക്കസ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ലോകത്തെ പ്രതിരോധ കമ്പനികള്‍ക്ക് ഇന്ത്യ ഒരു വിപണി മാത്രമല്ല. കഴിവുളള ഒരു പ്രതിരോധ പങ്കാളിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയില്‍ ഏറെ മുന്‍പിലുളള രാജ്യങ്ങളുമായി പോലും ഈ പങ്കാളിത്തം വളര്‍ന്നതായും അദ്ദേഹം പറഞ്ഞു. പ്രതിരോധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കാവുന്ന രാജ്യമെന്ന നിലയില്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യയെ കണ്ടുതുടങ്ങി. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സാമര്‍ത്ഥ്യത്തിന്റെ ഉദാഹരണമാണ് ഇന്ന് എയ്‌റോ ഷോ. ഇന്ത്യയില്‍ ലോകരാജ്യങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം ഉയര്‍ന്നുവെന്നാണ് എയ്‌റോ ഷോയില്‍ സാന്നിദ്ധ്യമറിയിക്കുന്ന 100 ഓളം രാജ്യങ്ങള്‍ തെളിയിക്കുന്നത്. ഇന്ത്യയിലും പുറത്തുമുള്ള 700 ലധികം പ്രദര്‍ശകരാണ് ഷോയില്‍ പങ്കെടുക്കുന്നത്. എയ്‌റോഷോയുടെ കഴിഞ്ഞകാല റെക്കോഡുകള്‍ തകര്‍ക്കുന്നതാണ് ഈ പങ്കാളിത്തമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ ചിന്താഗതിയും പുതിയ സമീപനമായി രാജ്യം മുന്നോട്ടുപോയപ്പോള്‍ അതിന്റെ സംവിധാനങ്ങളും പുതിയ ചിന്താഗതികള്‍ സ്വായത്തമാക്കി തുടങ്ങി. 21 ാം നൂറ്റാണ്ടിലെ നവഭാരതം ഒരു അവസരവും പാഴാക്കില്ല. കഠിനാധ്വാനത്തിന്റെ ഒരു കുറവും ഉണ്ടാക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by